ഐഎസ്എല്ലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ തോല്‍പിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ആഹ്‌ളാദം.
ഐഎസ്എല്ലില്‍ ജംഷഡ്പുര്‍ എഫ്‌സിയെ തോല്‍പിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളുടെ ആഹ്‌ളാദം. ഫോട്ടോ- അജയ് മധു.

രക്ഷകനായി നായകന്‍ ലൂണ; രണ്ടാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ്‌

മത്സരത്തിന്റെ 74-ാം മിനിറ്റില്‍ നായകന്‍ അഡ്രിയാന്‍ ലൂണ നേടിയ ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണില്‍ ജയത്തുടർച്ചയുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പുര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോൾ നേടിയത്.

ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും, രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുര്‍ പ്രതിരോധത്തെ മറികടന്നു. ആദ്യ പകുതിയിൽ ഇരുടീമുകളും കനത്ത പ്രതിരോധം തീർത്താണ് കളിച്ചത്. ഏറ്റവും കൂടുതൽ സമയം പന്ത് കൈവശം വച്ചതും പന്തു കൈമാറിയതുമെല്ലാം ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു. എന്നാൽ ഇരുടീമുകളും ആകെ രണ്ടു തവണ മാത്രമാണ് പന്ത് ലക്ഷ്യത്തിലേക്ക് പായിച്ചത്.

ജംഷഡ്പുര്‍ എഫ് സി താരം ഇമ്രാൻ ഖാൻ പരിക്ക് കാരണം ആദ്യ പകുതിയിൽ കളം വിടേണ്ടി വന്നു. 40ആം മിനുട്ടിൽ ലൂണയുടെ ഒരു നല്ല ക്രോസ് ഗോൾ പ്രതീക്ഷ നൽകി. എന്നാൽ പന്ത് പോസ്റ്റിനുരുമ്മി പുറത്ത് പോവുകയായിരുന്നു. അതോടെ ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ ജംഷഡ്പുരാണ് മികച്ച തുടക്കം കാഴ്ച്ചവച്ചത്. പകരക്കാരനായി ഇറങ്ങിയ മലയാളി താരം എമിൽ ബെന്നി കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പ്രതിസന്ധിയുണ്ടാക്കി. 59ആം മിനുട്ടിൽ ചിമ ചുവിന് ഒരു സുവർണ്ണാവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.

തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ദിമിത്രി ദയമന്റകോസിനെയും വിബിൻ മോഹനനെയും കളത്തിലിറക്കി. 70ആം മിനുട്ടിൽ ജീക്സന്റെ പാസ് സ്വീകരിച്ച് കുതിച്ച ഐമന്റെ ഷോട്ട് പക്ഷെ ടാർഗറ്റിലേക്ക് എത്തിയില്ല. എന്നാൽ ബ്ലാസ്റ്റേഴ്സിനെ വിജയത്തിലെത്തിക്കാൻ ക്യാപ്റ്റൻ തന്നെ മുന്നിട്ടിറങ്ങി.

74ആം മിനുട്ടിൽ ലൂണയും ദിമിയും ചേർന്ന് നടത്തിയ മുന്നേറ്റം ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി. ലൂണ മികച്ച ഫിനിഷിലൂടെ ജംഷഡ്പുര്‍ ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷിനെ മറികടന്ന് ബ്ലാസ്റ്റേഴ്സിനെ മുന്നിൽ എത്തിച്ചു. അതോടെ ഗാലറിയിൽ മഞ്ഞപ്പടയുടെ ആരവം തുടങ്ങിക്കഴിഞ്ഞിരുന്നു. ഗോൾ ഇരട്ടിയാക്കാൻ ദിമിക്ക് വീണ്ടും അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യം തെറ്റി. ജംഷഡ്പുര്‍ വീണ്ടും ഗോളവസരം സൃഷ്ടിച്ചെങ്കിലും സച്ചിൻ സുരേഷിന്റെ കാവലിൽ ബ്ലാസ്റ്റേഴ്‌സ് വല സുരക്ഷിതമായിരുന്നു.

logo
The Fourth
www.thefourthnews.in