പ്രീസീസണ്‍ സൗഹൃദം; തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്

പ്രീസീസണ്‍ സൗഹൃദം; തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി യുണൈറ്റഡ്

യുണൈറ്റഡിനു വേണ്ടി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി, കാസിമിറോ എന്നിവരാണ് ലക്ഷ്യം കണ്ടത്. ഫ്‌ളോറിയാണ്‍ സൊറ്റോക്കയുടെ വകയായിരുന്നു ലെന്‍സിന്റെ ഗോള്‍

2023-24 സീസണിനു മുന്നോടിയായുള്ള പ്രീസീസണ്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇന്നു പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അവര്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ഫ്രഞ്ച് ക്ലബ് ലെന്‍സിനെയാണ് തോല്‍പിച്ചത്.

മത്സരത്തില്‍ ആദ്യം ലീഡ് വഴങ്ങിയ ശേഷമായിരുന്നു അവരുടെ ഗംഭീര തിരിച്ചുവരവ്. യുണൈറ്റഡിനു വേണ്ടി മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ആന്റണി, കാസിമിറോ എന്നിവരാണ് ലക്ഷ്യം കണ്ടത്. ഫ്‌ളോറിയാണ്‍ സൊറ്റോക്കയുടെ വകയായിരുന്നു ലെന്‍സിന്റെ ഗോള്‍.

യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ്ട്രാഫോര്‍ഡില്‍ നടന്ന മത്സരത്തിന്റെ 23-ാം മിനിറ്റില്‍ തന്നെ ഫ്രഞ്ച് ക്ലബ് മുന്നിലെത്തിയിരുന്നു. മധ്യവരയില്‍ നിന്ന് സൊറ്റാക്കോ തൊടുത്ത ഒരു ലോങ് റേഞ്ചര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍കീപ്പര്‍ ആന്ദ്രെ ഒനാനയെ കീഴടക്കി വലയില്‍ കയറുകയായിരുന്നു.

ആദ്യപകുതിയില്‍ ഈ ഗോളിന്റെ ലീഡ് നിലനിര്‍ത്തിയ ഫ്രഞ്ച് ക്ലബിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പിന്നീട് യുണൈറ്റഡ് പുറത്തെടുത്തത്. ഇടവേള കഴിഞ്ഞ് അധികം വൈകാതെ തന്നെ യുണൈറ്റഡ് ഒപ്പമെത്തി. ആന്റണിയുടെ പാസില്‍ നിന്ന് റാഷ്‌ഫോര്‍ഡാണ് സമനില ഗോള്‍ നേടിയത്.

സമനില കൈവരിച്ച ശേഷം പിന്നീട് യുണൈറ്റഡിന്റെ ആധിപത്യമാണ് കണ്ടത്. അഞ്ചു മിനിറ്റിനകം തന്നെ അവര്‍ ലീഡും കരസ്ഥമാക്കി. അര്‍ജന്റീന യുവതാരം അലക്‌സാന്‍ഡ്രോ ഗര്‍നാച്ചോയുടെ പാസില്‍ നിന്ന് ആന്റണിയാണ് ലക്ഷ്യം കണ്ടത്. ആറു മിനിറ്റിനു ശേഷം കാസിമിറോ കൂടി ലക്ഷ്യം കണ്ടതോടെ അവര്‍ ജയം ഉറപ്പിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in