പ്രീസീസണ്‍ ഫ്രണ്ട്‌ലി; ആഴ്‌സണലിനെ തുരത്തി യുണൈറ്റഡ്

പ്രീസീസണ്‍ ഫ്രണ്ട്‌ലി; ആഴ്‌സണലിനെ തുരത്തി യുണൈറ്റഡ്

ആദ്യ പകുതിയില്‍ നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസും മുന്‍നിര താരം ജേഡന്‍ സാഞ്ചോയുമാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്

അമേരിക്കന്‍ മണ്ണില്‍ നടന്ന പ്രീസീസണ്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വൈരികളായ ആഴ്‌സണലിനെ തോല്‍പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസും മുന്‍നിര താരം ജേഡന്‍ സാഞ്ചോയുമാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. അതേസമയം ആഴ്‌സണലിന്റെ മുന്നേറ്റങ്ങള്‍ യുണൈറ്റഡിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. അനുകൂലമായി ലഭിച്ച പെനാല്‍റ്റി തുലച്ചതും പീരങ്കിപ്പടയ്ക്കു തിരിച്ചടിയായി.

ഇരുടീമുകളും പ്രധാനതാരങ്ങളെ അണിനിരത്തിയാണ് മത്സരത്തിന് ഇറങ്ങിയത്. ഇരുകൂട്ടരും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. എന്നാല്‍ ആദ്യ ഗോള്‍ പിറക്കാന്‍ അരമണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു. 30-ാം മിനിറ്റില്‍ ആഴ്‌സണല്‍ ഗോള്‍കീപ്പര്‍ ആരോണ്‍ റാംസ്‌ഡെയ്‌ലിന്റെ പിഴവ് മുതലെടുത്താണ് ബ്രൂണോ യുണൈറ്റഡിന് ലീഡ് സമ്മാനിച്ചത്.

ഗോള്‍ വഴങ്ങിയതിന്റെ ആഘാതം മാറും മുമ്പേ ആഴ്‌സണലിനു വീണ്ടും പ്രഹരമേറ്റു. 37-ാം മിനിറ്റില്‍ സാഞ്ചോയിലൂടെ യുണൈറ്റഡ് ലീഡ് ഉയര്‍ത്തി. ഇക്കുറിയും ആഴ്‌സണല്‍ താരങ്ങളുടെ പ്രതിരോധപ്പിഴവ് മുതലെടുത്തായിരുന്നു യുണൈറ്റഡിന്റെ ഗോള്‍.

ആദ്യപകുതി 2-0 എന്ന നിലയില്‍ അവസാനിച്ച ശേഷം രണ്ടാം പകുതിയില്‍ ഇരുടീമുകളും നിരവധി മാറ്റം വരുത്തിയാണ് ഇറങ്ങിയത്. എന്നാല്‍ അവസാന 45 മിനിറ്റുകളിലും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ ആഴ്‌സണല്‍ പരാജയപ്പെട്ടു. മത്സരത്തില്‍ ആഴ്‌സസണല്‍ താരങ്ങള്‍ വരുത്തിയ ഗുരുതര പ്രതിരോധ പിഴവുകള്‍ കോച്ച് മികേല്‍ അര്‍ടേറ്റയ്ക്ക് തലവേദനയുണ്ടാക്കുമെന്നു തീര്‍ച്ചയാണ്.

മത്സരശേഷം നടത്തിയ സൗഹൃദ പെനാല്‍റ്റി ഷൂട്ടൗട്ടിലും യുണൈറ്റഡിനു തന്നെയായിരുന്നു ജയം. 5-3 എന്ന സ്‌കോറിനാണ് അവര്‍ ഷൂട്ടൗട്ട് ജയിച്ചത്. യുണൈറ്റഡിനു വേണ്ടി കിക്കെടുത്ത കാസിമിറോ, ഡിയോഗോ ഡാലട്ട്, വിക്ടര്‍ ലിന്‍ഡ്‌ലോഫ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ക്രിസ്റ്റിയന്‍ എറിക്‌സണ്‍ എന്നിവരെല്ലാവരും ലക്ഷ്യം കണ്ടപ്പോള്‍ ആഴ്‌സണലിന്റെ ഫാബിയോ വിയേരയ്ക്കു പിഴച്ചു. മാര്‍ട്ടിന്‍ ഒഡേഗാര്‍ഡ്, ലിയാന്‍േഡ്രാ ട്രൊസാര്‍ഡ്, ജോര്‍ജീഞ്ഞോ എന്നിവരാണ് അവര്‍ക്കായി സ്‌കോര്‍ ചെയ്തത്.

logo
The Fourth
www.thefourthnews.in