ചെകുത്താന്‍മാരെ മുട്ടുകുത്തിച്ച് സിറ്റിക്ക് എഫ് എ കപ്പ് കിരീടം

ചെകുത്താന്‍മാരെ മുട്ടുകുത്തിച്ച് സിറ്റിക്ക് എഫ് എ കപ്പ് കിരീടം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി സീസണിലെ രണ്ടാം കിരീടമുയര്‍ത്തിയത്

എഫ് എ കപ്പ് ഫൈനലില്‍ കിരീടമുയര്‍ത്തി മാഞ്ചസ്റ്റര്‍ സിറ്റി. വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 2-1ന് തകര്‍ത്താണ് സിറ്റി സീസണിലെ രണ്ടാം കിരീടമുയര്‍ത്തിയത്. ഇല്‍ക്കേ ഗുണ്ടോഗന്റെ ഇരട്ട ഗോളുകളാണ് സിറ്റിയെ വിജയ കിരീടം ചൂടിച്ചത്. ഇതോടെ ട്രിപ്പിള്‍ കിരീട മോഹവുമായി മുന്നേറുന്ന സിറ്റിയുടെ അടുത്ത ലക്ഷ്യം ചാമ്പ്യന്‍സ് ലീഗാണ്.

വെംബ്ലി സ്റ്റേഡിയം അക്ഷരാർത്ഥത്തിൽ നീലക്കടലായിരുന്നു. മാഞ്ചസ്റ്റർ സിറ്റി ആരാധകരാൽ നിറഞ്ഞ സ്റ്റേഡിയത്തിലാണ് ബദ്ധശത്രുക്കൾ തമ്മിലുള്ള പോരുനടന്നത്. കിക്കോഫിന് ശേഷം 12-മത്തെ സെക്കന്റിലായിരുന്നു യുണൈറ്റഡ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഇല്‍ക്കേ ഗുണ്ടോഗന്റെ വോളി യുണൈറ്റഡിന്റെ വലകുലുക്കിയത്. കെവിൻ ഡിബ്രൂയിന്റെ അസിസ്റ്റിൽ പിറന്ന ഗോൾ നോക്കി നിൽക്കാൻ മാത്രമേ ഡേവിഡ് ഡി ഗിയയ്ക്ക് കഴിഞ്ഞിരുന്നുള്ളു.

ബ്രൂണോ ഫെർണാണ്ടസിലൂടെയായിരുന്നു യുണൈറ്റഡ് മറുപടി പറഞ്ഞത്. ഹെഡർ ശ്രമത്തിനിടെ ബിസാക്ക അടിച്ച പന്ത് ഗ്രീലീഷിന്റെ കയ്യിൽ തട്ടിയതോടെ റഫറി തീരുമാനം വാറിന് വിട്ടു. പെനാൽറ്റി ലഭിച്ച യുണൈറ്റഡിന് വേണ്ടി കിക്കെടുത്ത ബ്രൂണോ പന്ത് അനായാസം വലയ്ക്കുള്ളിലെത്തിച്ചു.

കളിയുടെ രണ്ടാം പകുതിയിൽ 51-ാം മിനിറ്റിലാണ് യുണൈറ്റഡിനും ആരാധകർക്കും നെഞ്ചിലൂടെ കൊള്ളിയാൻ പായിച്ച രണ്ടാമത്തെ ഗോൾ ഗുണ്ടോഗൻ നേടിയത്. ഇടംകാൽ കൊണ്ടുള്ള ഒരു സുന്ദരൻ വോളിയിലൂടെയായിരുന്നു ആ ഗോൾ.

logo
The Fourth
www.thefourthnews.in