ഹാലണ്ടിന് ബദല്‍ ഹൊയ്‌ലുണ്ട്? ഗോളടിക്കാന്‍ 'ആളെ എത്തിച്ച്' യുണൈറ്റഡ്

ഹാലണ്ടിന് ബദല്‍ ഹൊയ്‌ലുണ്ട്? ഗോളടിക്കാന്‍ 'ആളെ എത്തിച്ച്' യുണൈറ്റഡ്

പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിനു ശേഷം മികച്ചൊരു സ്‌ട്രൈക്കര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു യുണൈറ്റഡ്

ഗോളടിക്കാന്‍ ആളില്ലെന്നതായിരുന്നു ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ആ പ്രതിസന്ധിക്ക് ഇക്കുറി അവര്‍ പരിഹാരം കണ്ടെത്തിയെന്ന് പ്രമുഖ ഫുട്‌ബോള്‍ ലേഖകനും ഏജന്റുമായ ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.

റൊമാനോയുടെ ട്വീറ്റ് പ്രകാരം 70 മില്യണ്‍ ഡോളറിന് ഇറ്റാലിയന്‍ ക്ലബ് അറ്റ്‌ലാന്റയുടെ ഡാനിഷ് താരം റാസ്മസ് ഹൊയ്‌ലുണ്ടിനെ യുണൈറ്റഡ് സ്വന്തമാക്കിക്കഴിഞ്ഞു. അഞ്ചു വര്‍ഷത്തെ കരാറാണ് ഹൊയ്‌ലുണ്ട് യുണൈറ്റഡുമായി ഒപ്പുവയ്ക്കുന്നത്. താരത്തിനു വേണ്ടി രംഗത്തുണ്ടായിരുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് താരത്തെ യുണൈറ്റഡ് സ്വന്തമാക്കിയത്.

പോര്‍ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിനു ശേഷം മികച്ചൊരു സ്‌ട്രൈക്കര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു യുണൈറ്റഡ്. ഹൊയ്‌ലുണ്ടിന് യുണൈറ്റഡില്‍ കളിക്കാനുള്ള തീവ്രമായ ആഗ്രഹവും ട്രാന്‍സ്ഫര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ അവരെ സഹായിച്ചു.

കഴിഞ്ഞ സീസണിലാണ് ഇരുപതുകാരനായ ഹൊയ്‌ലുണ്ട് അറ്റ്‌ലാന്റയില്‍ എത്തുന്നത്. അരങ്ങേറ്റ സീസണില്‍ തന്നെ ലോകശ്രദ്ധയാകര്‍ഷിക്കാന്‍ താരത്തിനായി. അറ്റ്‌ലാന്റയ്ക്കായി 33 മത്സരങ്ങളിലാണ് താരം ബൂട്ടുകെട്ടിയത്. അതില്‍ 19 മത്സരങ്ങളില്‍ മാത്രമാണ് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടായിരുന്നത്. മറ്റു മത്സരങ്ങളിലെല്ലാം യുവതാരത്തെ അവസാന മിനിറ്റുകളില്‍ പകരക്കാരനായാണ് ഇറക്കിയത്. എന്നിട്ടും ഒമ്പതു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിക്കാന്‍ ഹൊയ്‌ലുണ്ടിനായി.

എഫ്.സി. കോപ്പന്‍ഹേഗനില്‍ നിന്ന് 15 മില്യണ്‍ ഡോളറിനായിരുന്നു അറ്റ്‌ലാന്റ ഹൊയ്‌ലുണ്ടിനെ സ്വന്തമാക്കിയത്. 2027 വരെയായിരുന്നു താരത്തിന് ഇറ്റാലിയന്‍ ടീമുമായി കരാര്‍ ഉണ്ടായിരുന്നത്. എന്നാല്‍ യുണൈറ്റഡ് നല്‍കിയ വമ്പന്‍ ഓഫര്‍ അറ്റ്‌ലാന്റ അംഗീകരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഡെന്‍മാര്‍ക്ക് ദേശീയ ടീമിലും ഹൊയ്‌ലുണ്ട് അരങ്ങേറ്റം കുറിച്ചത്. ദേശീയ ടീം ജഴ്‌സിയില്‍ ഇതുവരെ ആറു മത്സരങ്ങള്‍ കളിച്ച താരം ആറു തവണ വലചലിപ്പിച്ചിട്ടുണ്ട്. ഹൊയ്‌ലുണ്ടിന്റെ വരവ് യുണൈറ്റഡിന് ഉണര്‍വ് നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗോള്‍വേട്ടയില്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന് വെല്ലുവിളി ഉയര്‍ത്താന്‍ ഹൊയ്‌ലുണ്ടിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in