പിഎസ്ജി പരിഗണിച്ചില്ല; ഖത്തർ ലോകകപ്പ് ജയിച്ചു വന്നതിനു ശേഷം ക്ലബ്ബില്‍ നിന്ന് ഒരു അംഗീകാരവും ലഭിച്ചില്ലെന്ന് മെസി

പിഎസ്ജി പരിഗണിച്ചില്ല; ഖത്തർ ലോകകപ്പ് ജയിച്ചു വന്നതിനു ശേഷം ക്ലബ്ബില്‍ നിന്ന് ഒരു അംഗീകാരവും ലഭിച്ചില്ലെന്ന് മെസി

ലോകകപ്പ് ചാമ്പ്യന്മാരായ ടീമംഗങ്ങളില്‍ സ്വന്തം ക്ലബ്ബില്‍ നിന്ന് ആദരം ലഭിക്കാതെപോയ ഒരേയൊരു കളിക്കാരന്‍ താനാണെന്ന് ലയണല്‍ മെസി

അര്‍ജന്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടി തിരിച്ചെത്തിയ തനിക്ക് മുന്‍ ക്ലബ്ബായ പിഎസ്ജി ഒരുതരത്തിലുള്ള അംഗീകാരവും തന്നിട്ടില്ലെന്ന് ലയണല്‍ മെസി. ഖത്തറില്‍ ലോകകിരീടം ചൂടിയ അര്‍ജന്റീന ടീമിലെ സഹതാരങ്ങള്‍ക്കിടയില്‍ സ്വന്തം ക്ലബ്ബില്‍ നിന്ന് ആദരം ലഭിക്കാതെപോയ ആദരിക്കപ്പെടാത്ത ഒരേയൊരു താരം താനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പ്പിച്ചതുകൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മെസി ചൂണ്ടിക്കാട്ടി.

ഞങ്ങള്‍ ഫൈനലില്‍ തോല്‍പ്പിച്ചവരുടെ സ്ഥലത്താണ് ഞാന്‍ ഉണ്ടായിരുന്നത്

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ പിഎസ്ജി വിട്ട് മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറിയിരുന്നു. 2021 മുതല്‍ 2023 വരെയാണ് മെസി ഫ്രഞ്ച് ക്ലബില്‍ കളിച്ചത്. അതിനിടയില്‍ തന്നെ മെസിയും ക്ലബുമായി ചില ഉരസലുകളും ഉണ്ടായിരുന്നു. ''ഇത് മനസിലാക്കാനാകുന്നതേയുള്ളു, ഞങ്ങള്‍ ഫൈനലില്‍ തോല്‍പ്പിച്ചവരുടെ സ്ഥലത്താണ് ഞാന്‍ ഉണ്ടായിരുന്നത്, അവര്‍ക്ക് കിരീടം നേടാനാകാതെ പോയത് ഞങ്ങള്‍ കാരണമാണ്. ആ 25 അംഗ ലോകകപ്പ് ടീമില്‍ സ്വന്തം ക്ലബ്ബില്‍ നിന്ന് അംഗീകാരം ലഭിക്കാത്ത കളിക്കാരന്‍ ഞാന്‍ മാത്രമാണ്. പക്ഷേ അത് കുഴപ്പമില്ല'' അദ്ദേഹം പറഞ്ഞു. ഒരു സ്പാനിഷ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്. കിലിയന്‍ എംബാപ്പെയുമായും അവിടെയുള്ള മറ്റുള്ളവരുമായും തനിക്ക് നല്ല ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

മെസി ലോകകപ്പ് നേടി ഫ്രാന്‍സിലേക്ക് തിരിച്ചെത്തിയ ശേഷം സ്ഥിതിഗതികള്‍ വഷളായിത്തുടങ്ങിയിരുന്നു. ക്ലബ്ബ് വിടുന്നതിനു മുന്‍പ് പിഎസ്ജി ആരാധകര്‍ അദ്ദേഹത്തെ മൈതാനത്തു വച്ച് കൂവിവിളിക്കുകയും മറ്റും ചെയ്തിരുന്നു. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ചതും അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തിട്ടും പിഎസ്ജിക്കുവേണ്ടി ഒന്നും ചെയ്യാത്തതുമെല്ലാം ആരാധകരെ ചൊടിപ്പിച്ചു. അര്‍ഹിച്ച യാത്രയയപ്പ് പോലും മെസിക്ക് ക്ലബ്ബില്‍ നിന്ന് കിട്ടിയിരുന്നില്ല. പിഎസ്ജിയിലായിരിക്കുമ്പോള്‍ ലോകകപ്പ് നേടിയതാണ് പ്രശ്‌നമെന്ന് മെസി പറയുന്നു. ''ഓരോ കാര്യത്തിനു പിന്നിലും ഓരോ കാരണങ്ങളുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവയെല്ലാം എപ്പോഴും നല്ലതാകണമെന്നില്ല, പക്ഷേ ഞാന്‍ ലോകകപ്പ് നേടിയത് അവിടെവച്ചാണ്''.

പിഎസ്ജി പരിഗണിച്ചില്ല; ഖത്തർ ലോകകപ്പ് ജയിച്ചു വന്നതിനു ശേഷം ക്ലബ്ബില്‍ നിന്ന് ഒരു അംഗീകാരവും ലഭിച്ചില്ലെന്ന് മെസി
'സ്മെല്ലിങ് റാറ്റ്'; ബ്ലാസ്റ്റേഴ്സ് താരം എയ്ബനെതിരെ വംശീയാധിക്ഷേപം നടത്തി; ബംഗളൂരു വിങ്ങര്‍ക്കെതിരെ ആരാധക പ്രതിഷേധം

അടുത്ത ഫിഫ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യതയെക്കുറിച്ചും മെസി സൂചന നല്‍കി. ''അടുത്ത കോപ്പ അമേരിക്കയില്‍ എനിക്ക് നല്ല രീതിയില്‍ കളിക്കണം, അതിനുശേഷം എങ്ങനെയാണെന്ന് നോക്കാം. അടുത്ത ലോകകപ്പിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോള്‍ എനിക്ക് എന്താണ് തോന്നുന്നതെന്ന് നമുക്ക് നോക്കാം'' മെസി പറയുന്നു. കരിയറില്‍ ഏഴ് ബാലന്‍ ഡിഓറും ഏറ്റവും കൂടുതല്‍ യൂറോപ്യന്‍ ഗോള്‍ഡന്‍ബൂട്ട് നേടുന്ന താരമെന്ന റെക്കോര്‍ഡും മെസി സ്വന്തമാക്കിയിട്ടുണ്ട്. മിയാമിയിലേക്ക് താമസം മാറിയെങ്കിലും ആ ട്രോഫികളൊന്നും കൊണ്ടുപോയിട്ടില്ലെന്നും അവയെല്ലാം ഇപ്പോഴും ബാഴ്‌സലോണയില്‍ തന്നെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

logo
The Fourth
www.thefourthnews.in