കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് റദ്ദ് ചെയ്തു

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നെസ് റദ്ദ് ചെയ്തു

സാധാരണ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉപയോഗിക്കുന്ന ടീം ബസിനുള്ളതെന്നും എംവിഡി വ്യക്തമാക്കി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളത്തിന്റെ സ്വന്തം ക്ലബ് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങള്‍ സഞ്ചരിക്കുന്ന ടീം ബസിന്റെ ഫിറ്റ്‌നെസ് റദ്ദാക്കി മോട്ടോര്‍ വാഹനവകുപ്പ്. ടീം ബസ് ഹൈക്കോടതി നിര്‍ദേശിച്ച കളര്‍കോഡ് പാലിച്ചില്ലെന്നും ബസിന്റെ ടയറുകള്‍ മോശമാണെന്നും ചൂണ്ടിക്കാട്ടിയാണ് എംവിഡി നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ടീം ബസ് പരിശോധിച്ച എംവിഡ് അഞ്ച് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. മഞ്ഞ സ്റ്റിക്കര്‍ പതിച്ചതാണ് ഏറ്റവും ഗുരുതരമായി എംവിഡി കണ്ടെത്തിയത്. ഇതിനു പുറമേ രാജ്യാന്തര താരങ്ങള്‍ സംഞ്ചരിക്കുന്ന ബസിന്റെ ടയറുകള്‍ മോശം അവസ്ഥയിലാണെന്നും ബസില്‍ ഘടിപ്പിച്ച ജിപിഎസ് പ്രവര്‍ത്തിക്കുന്നില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി.

സാധാരണ ടൂറിസ്റ്റ് ബസുകള്‍ക്കുള്ള നിയമങ്ങള്‍ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉപയോഗിക്കുന്ന ടീം ബസിനുള്ളതെന്നും ടൂറിസ്റ്റ് ബസ് വാടകയ്ക്ക് എടുത്ത് സ്റ്റിക്കറുകള്‍ പതിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും എംവിഡി വ്യക്തമാക്കി. രണ്ടു ടീം ബസുകളാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്. അതില്‍ മഞ്ഞ സ്റ്റിക്കര്‍ പതിപ്പിച്ച ബസിനെതിരേയാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളയും നീലയും ചേര്‍ന്ന കളര്‍കോഡ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് നടപടി. ബസിന്റെ നിറം മാറ്റാനുള്ള അപേക്ഷ വാഹന ഉടമ മോട്ടോര്‍ വാഹനവകുപ്പിന് നേരത്തെ നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വാഹനത്തിന് ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ വാഹന ഉടമ ആവശ്യപ്പെട്ട നിറം അനുവദിച്ചുകൊണ്ടുള്ള അനുമതി നല്‍കാനാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനത്തില്‍ ശക്തമായ നടപടികളാണ് കേരളത്തില്‍ സ്വീകരിച്ചു വരുന്നത്. മോട്ടോര്‍വാഹനവകുപ്പ് വ്യാപകമായ പരിശോധന നടത്തുകയും കളര്‍കോഡ് പാലിക്കാത്ത ബസുകള്‍ക്ക് പിഴയീടാക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in