EURO 2024|തിരസ്‌കരിക്കപ്പെട്ടവര്‍ നിരാശരാകരുത്, വരും നിങ്ങള്‍ക്കൊരുനാള്‍... ഇതാ ഉദാഹരണങ്ങള്‍

EURO 2024|തിരസ്‌കരിക്കപ്പെട്ടവര്‍ നിരാശരാകരുത്, വരും നിങ്ങള്‍ക്കൊരുനാള്‍... ഇതാ ഉദാഹരണങ്ങള്‍

ഉന്നതിയിൽ നിന്നു താഴേക്കു വീണവരുടെ കഥ കേള്‍ക്കാനാണ് ലോകം കൂടുതല്‍ ആഗ്രഹിക്കുന്നത്. എന്നാൽ പടുകുഴിയിൽ നിന്നു പിടിച്ചെഴുന്നേറ്റു നിവര്‍ന്നു നിന്ന എത്രപേരുടെ കഥകള്‍ വാഴ്ത്തുപാട്ടുകളിൽ കേട്ടിട്ടുണ്ടാകും

കാല്‍പ്പന്തുകൊണ്ട് കവിത എഴുതുന്നവരാണ് ലാറ്റിനമേരിക്കക്കാര്‍ എങ്കില്‍ ഒരു മോറിസ് മൈനര്‍ കാറിന്റെ എന്‍ജിന്‍ പോലെയാകണം പുല്‍മൈതാനത്തിലെ താരങ്ങള്‍ എന്നു വിശ്വസിക്കുന്നവരാണ് യൂറോപ്പുകാര്‍. അവര്‍ക്ക് കവിതയും കാവ്യനീതിയും ഒന്നുമില്ല, കളത്തിലിറങ്ങിയാല്‍ ജയിച്ചു കയറണം.... അതിനായി കൈമെയ് മറന്നു പൊരുതണം. കിതച്ചും ഇടറിയും തളര്‍ന്നും ഓടിയാല്‍ പോരാ, പകരം നിരത്തിലോടുന്ന മോറിസ് മൈനര്‍ പോലെ വളരെ 'സ്മൂത്ത്' ആയിരിക്കണം. അതിനു കഴിയാത്തവര്‍ ആരാണെങ്കിലും എടുത്തു പുറത്തുതള്ളും, അതേത് തിടമ്പേറ്റിയ കൊമ്പനായാലും...

അത്തരം ദുരനഭുവങ്ങള്‍ നേരിട്ടറിഞ്ഞ ഒട്ടനവധി ലോകോത്തര താരങ്ങളുണ്ട്. ഇതിഹാസ താരങ്ങളായ പോള്‍ ഗാസ്‌കോയിന്‍ മുതല്‍ കരീം ബെന്‍സേമ വരെയുണ്ട് അക്കൂട്ടത്തില്‍. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന ആരാധകര്‍ക്കെല്ലാം അവരുടെ കഥകള്‍ സുപരിചിതമാണു താനും.

ഉന്നതിയില്‍ നിന്നു താഴേക്കു വീണവരുടെ കഥ കേള്‍ക്കാനാണ് ലോകം ആഗ്രഹിക്കുന്നതെന്ന നഗ്ന സത്യവും ആ വാര്‍ത്തകള്‍ക്കു പിന്നിലുണ്ട്. എന്നാല്‍ പടുകുഴിയില്‍ നിന്നു പിടിച്ചെഴുന്നേറ്റു ലോകത്തിനു മുന്നില്‍ നിവര്‍ന്നു നിന്ന എത്രപേരുടെ കഥകള്‍ വാഴ്ത്തുപാട്ടുകളില്‍ കേട്ടിട്ടുണ്ടാകും... തുലോം തുച്ഛമെന്നു തന്നെ ഉത്തരമെന്ന് അറിയാം... എങ്കില്‍ അതു മറന്നേക്കൂ... കാരണം അങ്ങനെ പൊരുതിക്കയറി വന്നവരുടെ കഥയാണ് ഈ മാസം 14-ന് ആരംഭിക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിന് പറയാനുള്ളത്.

ഒരു സമയത്ത് ആരാലും തിരസ്‌കരിക്കപ്പെട്ട്, ക്ലബിനും രാജ്യത്തിനും വേണ്ടാതായി, ആരാധകരുടെ പരിഹാസത്തിനുപോലും പാത്രമായിത്തീര്‍ന്ന ഒരുപിടി താരങ്ങളാണ് ഇത്തവണത്തെ യൂറോ കപ്പിനെ ശ്രദ്ധേയമാക്കുന്നത്. ഒരിക്കല്‍ തങ്ങളുടെ പേര് കേള്‍ക്കുന്നതു പോലും ചഥുര്‍ഥിയായിക്കരുതിയവര്‍ക്കു മുന്നില്‍ അവര്‍ അഭിമാനത്തോടെ ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞ് ഇറങ്ങുകയാണ്, തോല്‍ക്കാന്‍ മനസില്ലെന്ന് ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട്.... അവര്‍ ആരൊക്കെയൈന്നു നോക്കാം...

1.) റോബര്‍ട്ട് ആന്‍ഡ്രിച്ച്(ജര്‍മനി)

ഒരു പതിറ്റാണ്ടു മുമ്പ് ലോകം ജയിച്ച ടീമാണ് ജര്‍മനി. 2014-ല്‍ മാറക്കാനയില്‍ സാക്ഷാല്‍ ലയണല്‍ മെസിയെയും സംഘത്തെയും കണ്ണീരണിയിച്ച് ജര്‍മനി കിരീടം ചൂടുമ്പോള്‍ ആ ടീമിലെ മിന്നുന്ന യുവതാരമായിരുന്നു യൂലിയന്‍ ഡ്രാക്സ്ലര്‍. എന്നാല്‍ ഡ്രാക്സ്ലര്‍ക്കും മുമ്പേ ജര്‍മന്‍ മധ്യനിരയില്‍ ഇടംപിടിക്കേണ്ടിയിരുന്ന മറ്റൊരാളുണ്ടായിരുന്നു ജര്‍മനിയില്‍.

അന്നത്തെ മികവുവച്ച് ഡ്രാക്സ്ലര്‍ക്കും ഒരുപടി മുന്നില്‍ നിന്നിരുന്ന റോബര്‍ട്ട് ആന്‍ഡ്രിച്ച്. എന്നാല്‍ ആന്‍ഡ്രിച്ചിന്റെ നിര്‍ഭാഗ്യം പരുക്കുകളുടെ രൂപത്തിലായിരുന്നു കൂടെക്കൂടിയത്. ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ് ലിഗയുടെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന ഹെര്‍ത ബെര്‍ലിനില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച് ആന്‍ഡ്രിച്ച് മുന്‍നിര ക്ലബുകളുടെയും അന്നത്തെ ദേശീയ ടീം കോച്ചായ യര്‍ഗന്‍ ക്ലിന്‍സ്മാന്റെയും ശ്രദ്ധപിടിച്ചു പറ്റിയതാണ്.

റോബര്‍ട്ട് ആന്‍ഡ്രിച്ച്
റോബര്‍ട്ട് ആന്‍ഡ്രിച്ച്

ബയേണ്‍ മ്യൂണിക്ക് ഉള്‍പ്പെടയുള്ള വന്‍കിട ക്ലബുകള്‍ താരത്തിനു വേണ്ടി വലയെറിയുകയും ചെയ്തു. എന്നാല്‍ ലീഗ് മത്സരത്തിനിടെയേറ്റ പരുക്ക് താരത്തിന്റെ തലേവര മാറ്റിയെഴുതി. ബയേണിന്റെ സ്‌കൗട്ടുകള്‍ ആന്‍ഡ്രിച്ചിന്റെ ഫിറ്റ്‌നെസില്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ ക്ലിന്‍സ്മാനും കൈവിട്ടു. ആന്‍ഡ്രിച്ചിനു പകരം ഡ്രാക്സ്ലര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിക്കുകയും പിന്നീട് ലോകശ്രദ്ധയില്‍ എത്തുകയും ചെയ്തത് ചരിത്രം.

എന്നാല്‍ ആന്‍ഡ്രിച്ച് തോല്‍ക്കാന്‍ തയാറല്ലായിരുന്നു. രണ്ടാം ഡിവിഷന്‍ ക്ലബുകളായ വീഹന്‍ വെയ്‌സ്‌ബെഡനിലും ഹൈഡന്‍ഹെയിം എന്നിവയില്‍ കളിച്ചു ഗംഭീര തിരിച്ചുവരവ് നടത്തിയ ആന്‍ഡ്രിച്ച് പിന്നീട് ഒന്നാം ഡിവിഷന്‍ ക്ലബായ യൂണിയന്‍ ബെര്‍ലിനിലെത്തി. അവിടെ കാഴ്ചവച്ച പ്രകടനങ്ങള്‍ മുന്‍നിര ക്ലബായ ബയേര്‍ ലെവര്‍ക്യൂസന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആന്‍ഡ്രിച്ചിന്റെ ശനിദശ മാറിയത്.

2021-ല്‍ ലെവര്‍ക്യൂസന്‍ ആന്‍ഡ്രിനെ റാഞ്ചിയതോടെ താരത്തിന്റെ സമയം തെളിഞ്ഞു. ഏറെ വൈകാതെ ജര്‍മന്‍ ദേശീയ ടീമിലേക്കും ക്ഷണമെത്തി. 2023-24 സീസണിലാണ് ആന്‍ഡ്രിച്ചിന്റെ മികവ് എന്തെന്ന് ലോകം തിരിച്ചറിഞ്ഞത്.

സാബി അലോണ്‍സോ എന്ന സ്പാനിയാര്‍ഡിന്റെ ശിക്ഷണത്തില്‍ 'നെവര്‍ക്യൂസന്‍' എന്ന ദുഷ്‌പേര് മായ്ച്ച് ലെവര്‍ക്യൂസന്‍ ബുണ്ടസ് ലിഗ കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ അതിനു പിന്നില്‍ നിര്‍ണായക ശക്തിയായത് മധ്യനിരയില്‍ ആന്‍ഡ്രിച്ചിന്റെ മികവുറ്റ കളിമെനയലായിരുന്നു. അത് കണ്ടില്ലെന്നു നടിക്കാന്‍ ജര്‍മനിക്ക് ആകുമായിരുന്നില്ല, പ്രത്യേകിച്ച് 2014-ലെ ലോകകപ്പ് ജയത്തിനു ശേഷം പടിയിറക്കം ആരംഭിച്ച ദേശീയ ടീമിനെ തിരച്ചെത്തിക്കാനുള്ള ഉദ്യമത്തില്‍ നില്‍ക്കുമ്പോള്‍.

മൂന്നര പതിറ്റാണ്ടിനു ശേഷം സ്വന്തം മണ്ണില്‍ യൂറോ കപ്പ് വിരുന്നെത്തുമ്പോള്‍ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഇറങ്ങുന്ന ജര്‍മനിയുടെ മിഡ്ഫീല്‍ഡ് നിയന്ത്രിക്കാനുള്ള ചുമതലയാണ് ഇപ്പോള്‍ ഇതിഹാസ താരം ടോണി ക്രൂസിനൊപ്പം ആന്‍ഡ്രിച്ചിനുള്ളത്. 4-2-3-1 എന്ന ഫോര്‍മേഷനില്‍ ജര്‍മന്‍ ടീമിനെ കോച്ച് യൂലിയന്‍ നഗെല്‍സ്മാന്‍ ഒരുക്കിയിറക്കുമ്പോള്‍ ആ കോമ്പിനേഷനില്‍ അവഗണിക്കാന്‍ കഴിയാത്ത പേരാണ് ഇന്ന് ആന്‍ഡ്രിച്ചിന്റേത്. ഒരിക്കല്‍ തിരസ്‌കരിച്ചവര്‍ക്കു മുന്നില്‍ നിന്ന് ആന്‍ഡ്രിച്ച് ഇപ്പോള്‍ പറയുന്നുണ്ടാകും 'ബിന്‍ ഇഷ് സുറുക്'... അതേ ഞാന്‍ തിരികെ വന്നു, ഐ ആം ബാക്ക്...

2.) യാസിര്‍ അസാനി(അല്‍ബേനിയ)

വിശപ്പിന്റെ വിളിയുടെ തീവ്രതയില്‍ ജനിച്ചുവീണ രാജ്യത്തു നിന്ന് മറ്റൊരിടത്തേക്ക് കുടിയേറ്റം, അവിടെ അവരുടെ ഫുട്‌ബോള്‍ സ്വപ്‌നങ്ങളുടെ ഭാഗമാകാനുള്ള ശ്രമങ്ങള്‍, പക്ഷേ തിരസ്‌കൃതനായപ്പോള്‍ തീര്‍ത്തും അന്യമായ മറ്റൊരു രാജ്യത്തേക്ക് കാല്‍പ്പന്ത് കളിക്കാനുള്ള ആവേശത്തില്‍ വീണ്ടുമൊരു പലായനം... അല്‍ബേനിയന്‍ ഫുട്‌ബോള്‍ ടീമിന്റെ വലതു വിങ്ങള്‍ യാസിര്‍ അസാനിയുടെ ജീവിതം എക്കാലത്തും ടാക്കിളുകള്‍ നിറഞ്ഞതായിരുന്നു.

നോര്‍ത്ത് മസെഡോണിയ എന്ന രാജ്യത്ത് ജനിച്ചു വളര്‍ന്നു പിന്നീട് അല്‍ബേനിയയിലേക്ക് കുടിയേറിയ അസാനി 2016-ല്‍ പൗരത്വം നേടി അല്‍ബേനിയന്‍ ടീമിനു വേണ്ടി കളിക്കാനുള്ള യോഗ്യതയും നേടിയതാണ്. അവരുടെ അണ്ടര്‍ 21 ടീമിനു വേണ്ടി ഒരു തവണ ബൂട്ടണിയുകയും ചെയ്തു. എന്നാല്‍ അവഗണനയായിരുന്നു കാത്തിരുന്നത്.

യാസിര്‍ അസാനി
യാസിര്‍ അസാനി

ദേശീയ ടീമിന്റെ പരിശീലക സ്ഥാനത്ത് മാറിമാറി വന്ന ഇറ്റാലിയന്‍ പരിശീലകരായ ഗ്യാനി ഡി ബിയാസിക്കും ക്രിസ്റ്റിയന്‍ പനൂച്ചിക്കും എഡി റെയയ്ക്കും അസാനിയോട് അവജ്ഞയായിരുന്നു. ദേശീയ ടീമിലേക്ക് തനിക്കൊരു അവസരം ലഭിക്കില്ലെന്നു മനസിലാക്കിയ അസാനി മനം മടുത്ത് ഒടുവില്‍ 2022-ല്‍ ദക്ഷിണകൊറിയന്‍ ഫുട്‌ബോള്‍ ലീഗിലേക്ക് ചേക്കേറി.

എന്നാല്‍ പിന്നീട് സംഭവിച്ചത് അസാനിയുടെ വന്യസ്വപ്‌നങ്ങളില്‍പ്പോലുമില്ലാത്ത കാര്യങ്ങളായിരുന്നു. റെയയ്ക്കു പകരം അല്‍ബേനിയന്‍ ദേശീയ ടീമിന്റെ പരിശീലകനായി സില്‍വിഞ്ഞോ സ്ഥാനമേറ്റതോ2െ അസാനിയുടെ തലേവര മാറി. ദക്ഷിണകൊറിയയില്‍ പറന്നെത്തി അസാനിയുടെ കേളീമികവ് നേരിട്ട് കണ്ടറിഞ്ഞ സില്‍വിഞ്ഞോ താരത്തെ തന്റെ ഗെയിംപ്ലാനിന്റെ അച്ചുതണ്ടാക്കി മാറ്റി.

സില്‍വിഞ്ഞോയുടെ നിഗമനം തെറ്റിയില്ല. കരുത്തരായ പോളണ്ടിനെയും ചെക്ക് റിപ്പബ്ലിക്കിനെയും കീഴടക്കി യൂറോ കപ്പ് യോഗ്യത നേടിയെടുക്കാന്‍ അല്‍ബേനിയയെ സഹായിച്ചത് അസാനിയുടെ മിന്നുന്ന ഗോളുകളായിരുന്നു. എട്ടു വര്‍ഷത്തിനു ശേഷം തങ്ങളുടെ രണ്ടാം യൂറോ കപ്പ് പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ അല്‍ബേനിയ ഒന്നടങ്കം ഉറ്റുനോക്കുന്നത് ഒരിക്കല്‍ തള്ളിക്കളഞ്ഞ അസാനിയുടെ ബൂട്ടുകളിലേക്കാണ്.

3.) ബര്‍ണബാസ് വര്‍ഗ(ഹംഗറി)

ശൈശവത്തില്‍ കണ്ടുതുടങ്ങിയ ഫുട്‌ബോള്‍ സ്വപ്‌നങ്ങളെ ഇരുപതാം വയസില്‍ ഉപേക്ഷിക്കാന്‍ പോലും തീരുമാനിച്ചതാണ് ബര്‍ണബാസ് വര്‍ഗ. എന്നാല്‍ ഹൃദയത്തില്‍ നിന്നു കാല്‍പ്പന്ത് ലഹരിയെ പറിച്ചെറിയാന്‍ അവനാകുമായിരുന്നില്ല. അങ്ങനെ കളത്തില്‍ തുടര്‍ന്ന വര്‍ഗ ഇരുപത്തിയഞ്ചാം വയസില്‍ ഓസ്ട്രിയന്‍ ഫുട്‌ബോള്‍ ലീഗിന്റെ രണ്ടാം ഡിവിഷന്‍ ക്ലബായ ലഫ്‌നിറ്റ്‌സിനും ഇരുപത്തിയെട്ടാം വയസില്‍ ഹംഗേറിയന്‍ ഫുട്‌ബോള്‍ ലീഗിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഗയര്‍മത്തിനും വേണ്ടി വിയര്‍പ്പൊഴുക്കിക്കളിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ല.

ബര്‍ണബാസ് വര്‍ഗ
ബര്‍ണബാസ് വര്‍ഗ

എന്നാല്‍ 2022-23 സീസണ്‍ വര്‍ഗയുടെ ഭാഗ്യസീസണ്‍ ആയി മാറുകയായിരുന്നു. അത്തവണ ഗയര്‍മത്ത് ഹംഗേറിയന്‍ ലീഗിന്റെ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടിയെടുത്തപ്പോള്‍ അതിനു കരുത്തായത് വര്‍ഗയുടെ ബൂട്ടുകളായിരുന്നു. ഒരോ മത്സരത്തിലും ചുരുങ്ങിയത് ഒരു ഗോള്‍ എന്ന നിലയില്‍ സ്‌കോര്‍ ചെയ്ത വര്‍ഗ ആ സീസണില്‍ 39 ഗോളുകളുമായി ക്ലബ് ഫുട്‌ബോള്‍ ലോകത്തെ തന്നെ ടോപ്‌സ്‌കോററില്‍ ഒരാളായി മാറി.

ഇതോടെ ദേശീയ ടീം പരിശീലകന്‍ മാര്‍ക്കോ റോസിക്ക് വര്‍ഗയെ അവഗണിക്കാന്‍ കഴിയുമായിരുന്നില്ല. താരത്തിന്റെ മിന്നും ഫോം ഉപയോഗിക്കാന്‍ ഉറപ്പിച്ച് യൂറോ യോഗ്യതാ റൗണ്ടില്‍ താരത്തെ ദേശീയ ടീമിലേക്ക് ക്ഷണിച്ച റോസിക്ക് ഉദ്ദേശിച്ച ഫലം തന്നെ ലഭിച്ചു. നാലു ഗോളുകളുമായി വര്‍ഗ ഹംഗറിയുടെ യോഗ്യത ഉറപ്പാക്കുകയും ചെയ്തു.

4.) അബ്ദുള്‍കരീം ബര്‍ദാക്കി(തുര്‍ക്കി)

തുര്‍ക്കിയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബായ കോന്യസ്‌പോര്‍ കുലുബുവിന്റെ അക്കാദമിയിലൂടെയാണ് അബ്ദുള്‍കരീം ബര്‍ദാക്കി പ്രൊഫഷണല്‍ ഫുട്‌ബോളിലേക്ക് കടന്നുവരുന്നത്. എന്നാല്‍ മികവുറ്റ പ്രകടനം പുറത്തെടുത്തിട്ടും മുന്‍നിര ക്ലബുകളുടെ കണ്ണില്‍ ഇടംപിടിക്കാന്‍ കഴിയാതെ ബര്‍ദാക്കിയുടെ കരിയര്‍ ഇരുപത്തിയഞ്ചാം വയസില്‍ അകാല വിരാമം നേരിടുമെന്ന് സ്ഥിതിയില്‍ എത്തിച്ചേര്‍ന്നതാണ്.

എന്നാല്‍ പതറാതെ പിടിച്ചുനിന്ന ബര്‍ദാക്കിയുടെ കരിയര്‍ മാറിമറിഞ്ഞത് 2022-ലെ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ്. അന്ന് തുര്‍ക്കിയിലെ മുന്‍നിര ക്ലബുകളായ ഫെനര്‍ബാഷെയും ഗളത്സരെയുമാണ് ഈ സെന്റര്‍ബാക്കിനു വേണ്ടി മത്സരിച്ചത്. ഒടുവില്‍ ഗളത്സര താരത്തെ സ്വന്തമാക്കുകയും ചെയ്തു.

അബ്ദുള്‍കരീം ബര്‍ദാക്കി
അബ്ദുള്‍കരീം ബര്‍ദാക്കി

എന്നാല്‍ ക്ലബിന്റെ ആരാധകര്‍ക്ക് ബര്‍ദാക്കിയോട് അത്ര താല്‍പര്യമില്ലായിരുന്നു. തദ്ദേശീയരായ പ്രതിരോധനിരക്കാരെ അംഗീകരിക്കാന്‍ പൊതുവേ തുര്‍ക്കിക്കാര്‍ക്ക് വിമുഖതയാണ്. തുര്‍ക്കിയിലെ മുന്‍നിര ക്ലബുകളെല്ലാം വിദേശ പ്രതിരോധ താരങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ അവരുടെ ധാരണ തെറ്റെന്നു തെളിയിക്കുകയായിരുന്നു ബര്‍ദാക്കി പിന്നീട്.

പ്രതിരോധനിരയില്‍ ബര്‍ദാക്കിയുടെ നിതാന്ത ജാഗ്രത ഗളത്സരെയെ ഒന്നിനു പിറകെ ഒന്നായി രണ്ടു കിരീട ജയങ്ങളിലേക്കാണ് നയിച്ചത്. പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ കടുത്ത ആരാധകനായ ബര്‍ദാക്കി ജൂണ്‍ 22-ന് തന്റെ ആരാധനാപാത്രത്തിനൊപ്പം ഗ്രൗണ്ടില്‍ ഇറങ്ങാനുള്ള ആവേശത്തിലാണ്. അന്നാണ് യൂറോ കപ്പില്‍ തുര്‍ക്കി-പോര്‍ചുഗല്‍ മത്സരം.

5.) മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ്റ്റ്(ജര്‍മനി)

ജര്‍മന്‍ പ്രതിരോധനിരയില്‍ അടയാത്ത വിടവായിരുന്നു ഇടത് ബാക്ക് സ്ഥാനത്തുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയാതെ ഉഴറുകയായിരുന്നു ജര്‍മന്‍ ടീം. മുന്നണിയിലും മധ്യനിരയിലും കളിക്കുന്ന കെയ് ഹാവെര്‍ട്‌സിനെ വരെ ആ റോളില്‍ പരീക്ഷിച്ച കോച്ച് യൂലിയന്‍ നഗെല്‍സ്മാന് ഒടുവില്‍ ലഭിച്ച ഉത്തരമാണ് മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ്റ്റ്.

ബുണ്ടസ് ലിഗ ക്ലബ് ഹെര്‍ത ബെര്‍ലിന്റെ താരമായ മാക്‌സിമിലിയന് ക്ലബ് മത്സരങ്ങളില്‍ പോലും അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഹെര്‍ത ബുണ്ടസ് ലിഗയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട 2022-23 സീസണിലെ ഒട്ടുമിക്ക മത്സരങ്ങളിലും മാക്‌സിമിലിയന് ബെഞ്ചിലായിരുന്നു സ്ഥാനം.

മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ്റ്റ്
മാക്‌സിമിലിയന്‍ മിറ്റല്‍സ്റ്റാഡ്റ്റ്

ഇക്കഴിഞ്ഞ സീസണില്‍ ഹെര്‍ത ബെര്‍ലിനില്‍ നിന്ന് സ്റ്റഡ്ഗഡിലേക്ക് കൂടുമാറിയതാണ് മാക്‌സിമിലിയന്റെ കരിയറില്‍ വഴിത്തിരിവായത്. സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച സ്റ്റഡ്ഗഡ് ബയേണ്‍ മ്യൂണിക്കിനും മുകളില്‍ ബുണ്ടസ് ലിഗയില്‍ രണ്ടാം സ്ഥാനത്താണ് ഇത്തവണ ഫിനിഷ് ചെയ്തത്. ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മാക്‌സ്മിലിയന്‍ അതോടെ നഗെല്‍സ്മാന്റെ കണ്ണില്‍പ്പെടുകയും ചെയ്തു.

ഈ മാര്‍ച്ചില്‍ ദേശീയ ടീമിലേക്ക് വിളിയെത്തി. ഫ്രാന്‍സിനെതിരേയായിരുന്നു അരങ്ങേറ്റ മത്സരം. ആദ്യ കളിയില്‍ തന്നെ ഗംഭീര പ്രകടനം കാഴ്ചവച്ച മാക്‌സിമിലിയന്‍ ഹോളണ്ടിനെതിരായ അടുത്ത മത്സരത്തില്‍ ഗോള്‍ നേടുകയും ചെയ്തു. ഇതോടെ ഇടതു ബാക്ക് സ്ഥാനത്ത് സ്വന്തമായി ഇരിപ്പിടം നേടിയെടുത്ത മാക്‌സ്മിലിയന് ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല.

6.) അലക്‌സ് ഗ്രിമാല്‍ഡോ(സ്‌പെയിന്‍)

2023 നവംബറിന് മുമ്പ് അലക്‌സ് ഗ്രിമാല്‍ഡോ എന്തുകൊണ്ട് സ്‌പെയിന്റെ ദേശീയ ടീമില്‍ ഇടംപിടിച്ചില്ല എന്ന ചോദ്യം ആരേലും ഉന്നയിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളു അതിന്, ഇഗോ? അതേ, മറ്റൊരാളുടെ ഇഗോയ്ക്കു പാത്രമായി കരിയര്‍ വരെ അസ്തമിച്ചേക്കാവുന്ന സാഹചര്യത്തില്‍ നിന്നാണ് ഗ്രിമാല്‍ഡോയുടെ തിരിച്ചുവരവ്.

സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയുടെ വിഖ്യാതമായ ലാ മസിയയുടെ പ്രോഡക്ടാണ് ഗ്രിമാല്‍ഡോ. ഒരു പതിറ്റാണ്ട് മുമ്പ് ബാഴ്‌സ തങ്ങളുടെ ഭാവി താരമായി കരുതിയ താരം. എന്നാല്‍ 2015-ല്‍ ഗ്രിമാല്‍ഡോയ്ക്ക് ഒരു നാക്കുപിഴയുണ്ടായി. അന്നത്തെ ബാഴ്‌സലോണ പരിശീലകന്‍ ലൂയിസ് എന്റ്‌റിക്വെയ്‌ക്കെതിരേ ഒരു സ്പാനിഷ് മാധ്യമത്തോട് ഗ്രിമാല്‍ഡോ സംസാരിച്ചു. തനിക്ക് അവസരം നല്‍കാതെ ബെഞ്ചിലിരുത്തുന്നതിലുള്ള നിരാശയില്‍ സംഭവിച്ചുപോയ പിഴവായിരുന്നു അത്.

അലക്‌സ് ഗ്രിമാല്‍ഡോ
അലക്‌സ് ഗ്രിമാല്‍ഡോ

എന്നാല്‍ ബാഴ്‌സയും എന്റ്‌റിക്വെയും അത് കാര്യമായി തന്നെയെടുത്തു. താരത്തെ പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്ക്ക് വിറ്റൊഴിവാക്കുകയാണ് ബാഴ്‌സ ചെയ്തതെങ്കില്‍ എന്റ്‌റിക്വെയുടെ പ്രതികാരം അതുക്കും മേലെയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എന്റ്‌റിക്വെ സ്‌പെയിന്‍ ദേശീയ ടീമിന്റെ പരിശീലകനായി എത്തി. അപ്പോഴേക്കും ദേശീയ ടീമിലേക്കുള്ള പടിവാതില്‍ക്കല്‍ എത്തിയിരുന്നു ഗ്രിമാല്‍ഡോ.

എന്നാല്‍ 2018 മുതല്‍ 2022 വരെ ദേശീയ ടീം പരിശീലകനായിരുന്ന എന്റ്‌റിക്വെ ഗ്രിമാല്‍ഡോയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ തയാറായില്ല. പോര്‍ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്ക്കു വേണ്ടി മികച്ച പ്രകടനങ്ങള്‍ തുടരെ കാഴ്ചവച്ചിട്ടും വ്യക്തിവിദ്വേഷം കാരണം എന്റ്‌റിക്വെ അത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഒടുവില്‍ എന്റ്‌റിക്വെ പടിയിറങ്ങി ഇപ്പോഴത്തെ സ്പാനിഷ് പരിശീലകന്‍ ലൂയില്‍ ഫ്യുയെന്റെ സ്ഥാനമേറ്റപ്പോഴാണ് ഗ്രിമാല്‍ഡോയ്ക്ക് ദേശീയ ടീമിന്റെ ജഴ്‌സിയണിയാന്‍ യോഗമുണ്ടായത്.

അപ്പോഴേക്കും കരിയറിലെ ഏറ്റവും മികച്ച അഞ്ച് വര്‍ഷങ്ങളാണ് താരത്തിന് നഷ്ടമായത്. നിലവില്‍ ജര്‍മന്‍ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേര്‍ ലെവര്‍ ക്യൂസന്റെ താരമാണ് ഗ്രിമാല്‍ഡോ. ഇത്തവണ ലെവര്‍ക്യൂസനെ ലീഗ് ജേതാക്കളാക്കിയതില്‍ ഗ്രിമാല്‍ഡോ വഹിച്ച പങ്ക് വലുതാണ്. സീസണില്‍ ടീമിനു വേണ്ടി 12 ഗോളുകളും 19 അസിസ്റ്റുകളുമാണ് തയാരം നേടിയത്. ലെവര്‍ക്യൂസന്റെ പരിശീലകനായി സ്ഥാനമേറ്റ സ്പാനിഷ് ഇതിഹാസ താരം സാബി അലോണ്‍സോയാണ് ഗ്രിമാല്‍ഡോയെ ടീമിലെത്തിച്ചത്. അവിടെ ലെഫ്റ്റ് വിങ് ബാക്ക് ആയി കളിച്ച ഗ്രിമാല്‍ഡോയെ ഈ യൂറോ കപ്പില്‍ സ്‌പെയിന്റെ ഫുള്‍ ബാക്കായി കാണാം, ഒപ്പം ആ മിന്നും പ്രകടനങ്ങളും.

കരിയറിലും ജീവിതത്തിലും തിരിച്ചടികള്‍ നേരിടുകയും വീണു പോകുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ആര്‍ക്കും അത് സംഭവിക്കാം. അങ്ങനെ ഒന്നു വീണുപോയാല്‍ ഒന്നും അവസാനിക്കില്ല, ഒരു തോല്‍വിയുമാകില്ല അത്. വീണിടത്തു നിന്ന് എഴുന്നേറ്റ് ലക്ഷ്യത്തിലേക്ക് ഓടിയെത്തുകയാണ് വേണ്ടത്. അപ്പോള്‍ ജയം നമ്മെ തേടിയെത്തും. അതാണ് ഈ ആറ് താരങ്ങളുടെ കഥകള്‍ ഒരു ഫുട്‌ബോള്‍ പ്രേമികളോടും പറയുന്നത്.

logo
The Fourth
www.thefourthnews.in