പ്രീമിയർ ലീഗ്:
ബേണ്‍മൗത്തിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണലിന്‌ സമനില

പ്രീമിയർ ലീഗ്: ബേണ്‍മൗത്തിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണലിന്‌ സമനില

ഗോൾവലക്ക്‌ മുന്നിലെ ഡേവിഡ് ഡിഗിയയുടെ പ്രകടനവും മികച്ചുനിന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ബേണ്‍മൗത്തിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ടയായിരുന്നു ചുവന്ന ചെകുത്താന്മാർ പുതുവർഷത്തിലെ ആദ്യ മത്സരം ഗംഭീരമാക്കിയത്. വിജയികൾക്കായി കാസെമിറോ, ലൂക്ക് ഷാ, മർക്കസ് റാഷ്‌ഫോര്‍ഡ്‌ എന്നിവരാണ് വിജയികൾക്കായി ഗോൾ നേടിയത്. അതേസമയം പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്‌സണലിനെ ന്യൂകാസ്റ്റില്‍ യുണൈറ്റഡ് സമനിലയിൽ തളച്ചു.

വോൾവർഹാംപ്ടണിനെതിരായ മത്സരത്തിൽ നിന്നും നാല്‌ മാറ്റങ്ങളുമായാണ് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് ടീമിനെ കളത്തിലിറക്കിയത്. പ്രതിരോധത്തിൽ ഹാരി മഗ്വയര്‍ വിക്ടർ ലിൻഡലോഫ് സഖ്യം മടങ്ങിയെത്തിയപ്പോൾ മുന്നേറ്റത്തിൽ ഡോണി വാൻ ഡി ബീക്കിനും, മർക്കസ് റാഷ്‌ഫോര്‍ഡിനും അവസരം നൽകി.

കളിയുടെ എല്ലാ മേഖലകളിലും എതിരാളികൾക്കുമേൽ ആധിപത്യം പുലർത്തിയാണ് യുണൈറ്റഡ് ജയം ആഘോഷിച്ചത്. കൂടുതൽ സമയവും പന്ത് കൈവശം വച്ച ടെൻ ഹാഗിന്റെ കുട്ടികൾ ലോകകപ്പിന്റെ ഇടവേളക്ക് ശേഷം ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോർഡും നിലനിർത്തി. ഗോൾവലയ്ക്ക്‌ മുന്നിലെ ഡേവിഡ് ഡിഗിയയുടെ പ്രകടനവും മികച്ചുനിന്നു.

മത്സരത്തിന്റെ 23ാം മിനുറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നുമാണ് കാസെമിറോയുടെ ഗോൾ വന്നത്. എറിക്സൺ എടുത്ത ഫ്രീകിക്ക് ബോക്സിനുള്ളിൽ നിന്നുള്ള മികച്ചൊരു ഫിനിഷിലൂടെ ബ്രസീലിയൻ താരം ലക്ഷ്യത്തിലെത്തിച്ചു. മനോഹരമായൊരു ടീം ഗോളിനാണ് പിന്നീട് ഓൾഡ് ട്രാഫിഫോർഡ് സാക്ഷ്യം വഹിച്ചത്. മൈതാന മധ്യത്തുനിന്നും ഇടതു വിങ്‌ബാക്കായി കളിച്ച ലൂക്ക് ഷാ കയറ്റികൊണ്ട് വന്ന പന്ത് ബ്രൂണോ ഫെർണാണ്ടസിലേക്കും അവിടെ നിന്ന് ഗര്‍നാച്ചോ വഴി ലൂക്ക് ഷാ തന്നെ വലയിലാക്കി. മത്സരം ഉറപ്പിച്ച നിമിഷങ്ങളിലായിരുന്നു തുടർച്ചയായ മൂന്നാം പ്രീമിയർ ലീഗ് മത്സരത്തിലും സ്കോർ ചെയ്തുകൊണ്ട് റാഷ്‌ഫോര്‍ഡ്‌ ഗോൾ പട്ടിക പൂർത്തിയാക്കിയത്.

ഇതോടെ 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി നാലാം സ്ഥാനം നിലനിർത്തി. മൂന്നാമതുള്ള ന്യൂകാസ്റ്റില്‍ യുണൈറ്റഡിന് ഇത്ര തന്നെ പോയിന്റ് ആണെങ്കിലും മികച്ച ഗോൾ വ്യത്യാസമാണ് അവരെ തുണച്ചത്. എന്നാൽ ഒരു മത്സരം കുറവ് കളിച്ചത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻ‌തൂക്കം നൽകുന്നുണ്ട്. 17 കളികളിൽ നിന്നും 44 പോയിന്റുമായി ആഴ്‌സണലാണ് പട്ടികയിൽ ഒന്നാമത്.

logo
The Fourth
www.thefourthnews.in