ഗംഭീര അഭിനയം! നെയ്മറിന് റെഡ്, എംബാപ്പെ ഗോളില്‍ പിഎസ്ജി

ഗംഭീര അഭിനയം! നെയ്മറിന് റെഡ്, എംബാപ്പെ ഗോളില്‍ പിഎസ്ജി

സ്ട്രാസ്ബര്‍ഗ് പെനാല്‍റ്റി ഏരിയയില്‍ ഡൈവ് ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി നെയ്മര്‍ പുറത്തുപോകുകയായിരുന്നു.

ഫ്രഞ്ച് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്ന്‍ തങ്ങളുടെ ലീഡ് വര്‍ധിപ്പിച്ചു കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ സ്ട്രാസ്ബര്‍ഗിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ചാണ് അവര്‍ തലപ്പൊക്കം എട്ടുപോയിന്റിന്റേതാക്കി മാറ്റിയത്.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇന്‍ജുറി ടൈമില്‍ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയമൊരുക്കിയത്. 96-ാം മിനിറ്റിലായിരുന്നു എംബാപ്പെ വിജയഗോള്‍ കണ്ടെത്തിയത്. മാര്‍ക്വിഞ്ഞോസിന്റെ വകയായിരുന്നു അവരുടെ ആദ്യ ഗോള്‍.

മത്സരത്തില്‍ ഫൗള്‍ അഭിനയിച്ചതിന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയത് ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്ക് തിരിച്ചടിയായി. തുടര്‍ന്ന് 10 പേരായി ചുരുങ്ങിയതിനു ശേഷമാണ് തിരിച്ചടിച്ച് വിജയം പിടിച്ചെടുത്തത്.

മത്സരത്തില്‍ വെറും 14 മിനിറ്റ് മാത്രമേ വേണ്ടി വന്നുള്ളു പിഎസ്ജിക്ക് ലീഡ് നേടാന്‍. നെയ്മര്‍ എടുത്ത ഫ്രീകിക്കില്‍ തലവച്ച മാര്‍ക്വിഞ്ഞോസാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ഒറ്റ ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ പിഎസ്ജിയെ ഞെട്ടിച്ചായിരുന്നു രണ്ടാം പകുതിയില്‍ സ്ട്രാസ്ബര്‍ഗിന്റെ തുടക്കം.

51-ാം മിനിറ്റില്‍ തന്നെ അവര്‍ സമനില ഗോള്‍ കണ്ടെത്തി. പിഎസ്ജി പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് അഡ്രിയാന്‍ തോംസണാണ് അവരെ ഒപ്പമെത്തിച്ചത്. സമനില വഴങ്ങിയതിനു പിന്നാലെയായിരുന്നു പിഎസ്ജിക്ക് ഇരുട്ടിടിയായി നെയ്മര്‍ പുറത്തായത്.

63-ാം മിനിറ്റില്‍ സ്ട്രാസ്ബര്‍ഗ് പെനാല്‍റ്റി ഏരിയയില്‍ ഡൈവ് ചെയ്തതിന് രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി നെയ്മര്‍ പുറത്തുപോകുകയായിരുന്നു. ആളെണ്ണത്തില്‍ കുറവ് വന്നതോടെ സ്ട്രാസ്ബര്‍ഗ് ആക്രമണങ്ങള്‍ക്കു മുന്നില്‍ പിഎസ്ജി പലപ്പോഴും പതറി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ചപ്പോഴാണ് എംബാപ്പെയുടെ വിജയഗോള്‍ വന്നത്.

കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെ പന്തു പിടിച്ചെടുത്തു മാര്‍ക്വിഞ്ഞോസ് നല്‍കിയ പാസില്‍ നിന്ന് എംബാപ്പെ് വിജയഗോള്‍ കുറിക്കുകയായിരുന്നു. ജയത്തോടെ 16മത്സരങ്ങളില്‍ നിന്ന് 14 ജയളും രണ്ടു സമനിലകളുമായി 44 പോയിന്റോടെ അപരാജിതരായാണ് പിഎസ്ജി ഒന്നാം സ്ഥാനത്ത് തുടരുന്നത്.

logo
The Fourth
www.thefourthnews.in