വന്മല പോലെ ഖത്തര്‍; ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വി

വന്മല പോലെ ഖത്തര്‍; ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് തോല്‍വി

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ശക്തരായ ഖത്തറിനോട് ഇന്ത്യ പരാജയം രുചിച്ചത്

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോടു തോറ്റ് ഇന്ത്യ. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ശക്തരായ ഖത്തറിനോട് ഇന്ത്യ പരാജയം രുചിച്ചത്. മത്സരത്തിശന്റ നാലാം മിനിറ്റില്‍ തന്നെ അക്കൗണ്ട് തുറന്ന അറബ് ടീം രണ്ടാം പകുതിയില്‍ രണ്ടു ഗോശുകള്‍ കൂടി നേടി പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് ഇന്ന് തൊട്ടതെല്ലാം പിഴച്ചു. മത്സരത്തില്‍ ഏതാനും അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ ഇന്ത്യക്കായില്ല. ആദ്യ പകുതിയില്‍ മികച്ച പ്രതിരോധമായിരുന്നു ഇന്ത്യയുടേത്. നാലാം മിനിറ്റില്‍ വഴങ്ങിയ ഗോള്‍ മാറ്റിനിര്‍ത്തിയാല്‍ ഖത്തര്‍ ആക്രമണങ്ങളെല്ലാം പ്രതിരോധിക്കാന്‍ ഇന്ത്യക്കായി.

കളി ആരംഭിച്ച് നിലയുറപ്പിക്കും മുമ്പേ മുസ്തഫ താരീഖാണ് ഇന്ത്യയെ ഞെട്ടിച്ചത്. തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് ബോക്‌സിന്റെ മധ്യഭാഗത്ത് നിന്ന് തകര്‍പ്പനൊരു ഷോട്ടിലൂടെയാണ് മുസ്തഫ സ്‌കോര്‍ ചെയ്തത്. ആദ്യ പുകതിയില്‍ പിന്നീട് ഇന്ത്യയുടെ പ്രതിരോധം പിളര്‍ത്താന്‍ ഖത്തറിനായില്ല. രണ്ടാം പകുതിയിലും തുടക്കത്തില്‍ തന്നെ സ്‌കോര്‍ ചെയ്യാന്‍ അവര്‍ക്കായി. 47-ാം മിനിറ്റില്‍ അല്‍മോയെസ് അലിയാണ് ലക്ഷ്യം കണ്ടത്. പിന്നീട് 86-ാം മിനിറ്റില്‍ യൂസഫ് അബ്ദുറിസാഗ് അവരുടെ മൂന്നാം ഗോളും നേടി.

തോറ്റെങ്കിലും രണ്ടു മത്സരങ്ങളില്‍ നിന്ന് മൂന്നു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. കളിച്ച രണ്ടു മത്സരങ്ങളും ജയിച്ച ഖത്തര്‍ ഒന്നാമതുള്ളപ്പോള്‍ കുവൈത്തും അഫ്ഗാനിസ്താനുമാണ് ഇന്ത്യക്ക് പിന്നില്‍. അടുത്ത മത്സരത്തില്‍ ഇന്ത്യ അഫ്ഗാനെയും കുവൈത്ത് ഖത്തറിനെയും നേരിടും.

logo
The Fourth
www.thefourthnews.in