ഖത്തറിലെ ബ്രസീലിന്റെ പോരാട്ടത്തിനുമുണ്ടൊരു രാഷ്ട്രീയം

ഖത്തറിലെ ബ്രസീലിന്റെ പോരാട്ടത്തിനുമുണ്ടൊരു രാഷ്ട്രീയം

ബ്രസീലിനെ രണ്ടായി വിഭജിച്ച രാഷ്ട്രീയ പോരാട്ടത്തിനാണ് ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് വേദിയായത്. ആ നാടിനെ ഒന്നിപ്പിക്കാനുള്ള ഏകമന്ത്രമാണ് കാല്‍പ്പന്ത്

കാല്‍പ്പന്ത് ജീവനായ നാടാണ് ബ്രസീല്‍. മൈതാനത്ത് പന്തുരുളുന്ന താളം ഹൃദയമിടിപ്പാക്കിയ ജനത. ഏതൊരു ലാറ്റിനമേരിക്കന്‍ ടീമിനെയും പോലെ ബ്രസീലിനും മൈതാനത്തെ വെറും നേരംപോക്കല്ല ഫുട്‌ബോള്‍. അതിജീവനത്തിന്‌റെയും ജീവിതപോരാട്ടത്തിന്‌റെയും കൂടി മറുപേരാണ്. പ്രതിസന്ധിയില്‍ നിലനില്‍പ്പിനായി കരം ചേര്‍ത്തുപിടിച്ച ജനതയ്ക്ക് ആത്മവിശ്വാസം പകര്‍ന്നു പന്ത് കൊണ്ടെഴുതിയ വിജയഗാഥകള്‍. മഞ്ഞ ജേഴ്‌സിയില്‍ ഹൃദയം കീഴടക്കാന്‍ ഓരോ കാലത്തവതരിച്ച നക്ഷത്രങ്ങളായിരുന്നു അവര്‍ക്ക് പെലെയും ഗരിഞ്ചയും റൊണാള്‍ഡോയും നെയ്മറുമെല്ലാം. ആ സംഘശക്തിക്ക് ലോകമെങ്ങും ആരാധകരേറെ. എന്നാല്‍ രാഷ്ട്രീയമായി അങ്ങേയറ്റം വിഭജിക്കപ്പെട്ട ബ്രസീലില്‍ ഫുട്‌ബോളിന്‌റെ നിര്‍വചനങ്ങള്‍ക്ക് തന്നെ ഇന്ന് മാറ്റം വന്നിട്ടുണ്ട്.

ഈ ലോകകപ്പിലെ ഏറ്റവും സന്തുലിതമായ ടീമാണ് ടിറ്റെയുടെ പരിശീലനത്തില്‍ എത്തുന്ന ബ്രസീല്‍. പ്രതിഭകളുടെ സംഗമകേന്ദ്രം, ലോക ഒന്നാം നമ്പര്‍ ടീം. 20 വര്‍ഷത്തെ കിരീട വരള്‍ച്ച അവസാനിപ്പാക്കാനാണ് ഫുട്ബോളിന്‌റെ വിശ്വമേളയ്ക്ക് കാനറികളെത്തുന്നത്. അതിനേക്കാള്‍ ശ്രമകരമായ ഉത്തരവാദിത്വമാണ് നാടിനെ ഒന്നിപ്പിക്കാനുള്ള ഏകമന്ത്രമായി കാല്‍പ്പന്തിനെ തിരികെപിടിക്കുക എന്നത്. നെയ്മറിനും സംഘത്തിനും അത് സാധിക്കുമോ എന്നതാണ് ഖത്തറില്‍ ബ്രസീല്‍ ഉറ്റുനോക്കുന്ന്. അതെ, ബ്രസീലിന് ഈ ലോകകപ്പ് പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പാണ്.

ബ്രസീലിനെ രണ്ടായി വിഭജിച്ച രാഷ്ട്രീയ പോരാട്ടത്തിനാണ് ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പ് വേദിയായത്. കോവിഡ് ഏറ്റവും അധികം ദുരിതം വിതച്ച നാട്ടില്‍ ഭരണപരാജയങ്ങള്‍ മറയ്ക്കാനുള്ള ആയുധമായിരുന്നു പ്രസിഡന്‌റായിരുന്ന ജെയ്ര്‍ ബോള്‍സൊനാരോയ്ക്ക് ഫുട്‌ബോള്‍. ബ്രസീല്‍ ദേശീയ ടീമിന്‌റെ മഞ്ഞയും പച്ചയും ജേഴ്‌സി 2018 മുതല്‍ ബോള്‍സനാരോയുടെ രാഷ്ട്രീയ പ്രചാരണത്തിന്‌റെ പ്രതീകമായി. തിരഞ്ഞെടുപ്പ് റാലികള്‍ മഞ്ഞക്കടലായി. രാഷ്ട്രീയവൈരം അങ്ങനെ കാല്‍പ്പന്തിനെയും ബാധിച്ചു. ബ്രസീലിയന്‍ ക്ലബ് പാല്‍മറാസിന്‌റെ ആരാധകനെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ബോള്‍സനാരോ ദേശീയ ടീമിന്‌റെ ജേഴ്‌സിയില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ അദ്ദേഹം നേരിട്ടെത്തിയിരുന്നു.

ബോള്‍സനാരോയുടെ വലതുപക്ഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയാണ് ലുല ഡ സില്‍വ വീണ്ടും പ്രസിഡന്‌റായി അധികാരമേറ്റത്. എന്നാല്‍ ആശയപരമായി അങ്ങേയറ്റം രണ്ട് ചേരിയായി കഴിയുകയാണ് ബ്രസീലിന്ന്. തിരഞ്ഞെടുപ്പ് വേളയില്‍ ബോള്‍സനാരോയ്‌ക്കൊപ്പമായിരുന്നു നിലവിലെ ബ്രസീല്‍ ടീമിലെ താരങ്ങളേറെയും. നെയ്മറും തിയാഗോ സില്‍വയും ഡാനി ആല്‍വ്സും അടക്കമുള്ള താരങ്ങള്‍ ബോള്‍സനാരോയ്ക്കായി പരസ്യമായി അണിനിരന്നു, റൊമാരിയോ ബെബെറ്റോ, റിവാള്‍ഡോ, റൊണാള്‍ഡീഞ്ഞോ തുടങ്ങി മുന്‍ താരങ്ങളുടെ നീണ്ട നിരയും വലതുപക്ഷത്ത് നിലയുറപ്പിച്ചിരുന്നു. ലുലയെ പിന്തുണച്ചെത്തിയത് കൊറിന്തിയന്‍സ് ഫുട്‌ബോള്‍ ക്ലബും ടീമിനൊപ്പമുള്ളവരും മാത്രം. ഫുട്‌ബോള്‍ ദേശീയവികാരമായ നാട്ടില്‍ അങ്ങനെ ബ്രസീല്‍ ദേശീയ ടീം വലതുപക്ഷ രാഷ്ട്രീയത്തിന്‌റെ സഹവര്‍ത്തികളായി. ബോള്‍സനാരോ പക്ഷം ഹൈജാക്ക് ചെയ്ത മഞ്ഞ, പച്ച ജേഴ്‌സിക്കുള്ള പിന്തുണയ്ക്ക് വലിയ ഇടിവാണ് സംഭവിച്ചത്. പകരം നീല ജേഴ്‌സി അണിയാന്‍ താത്പര്യപ്പെടുന്നവരാണ് ബോള്‍സനാരോ വിരുദ്ധ പക്ഷക്കാര്‍.

രാഷ്ട്രീയം ഫുട്‌ബോളില്‍ ഇടപെടുന്നത് ലോക ചരിത്രത്തില്‍ ആദ്യമായിരുന്നില്ല. മുസോളിനിയുടെ ഇറ്റലിക്കും ഹിറ്റ്‌ലറുടെ ജര്‍മനിക്കും അധികാരപ്രഖ്യാപനത്തിന്‌റെ വേദികളായിരുന്നു മൈതാനങ്ങള്‍. ഒരു നൂറ്റാണ്ട് മുന്‍പ് പെസാവോ പ്രസിഡന്‌റായ കാലത്ത് ബ്രസീലില്‍ കറുത്ത വര്‍ഗക്കാരെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് നിരോധിച്ചിരുന്നു. 1970കളില്‍ പട്ടാള ഭരണകൂടം ദേശീയ ടീമിനെ തങ്ങളുടെ താത്പര്യത്തിന് ഉപയോഗിച്ചു. എമിലിയോ മെഡീസിയുടെ കാലം മുതലുള്ള ഈ ഇടപെടല്‍ ടീമിനെ പിന്നോട്ട് നയിച്ചെന്നാണ് വിലയിരുത്തല്‍. ആ ആഘാതത്തില്‍ നിന്ന് മുക്തരാകാന്‍ ബ്രസീലിന് വര്‍ഷങ്ങള്‍ വേണ്ടിവന്നു.

ബ്രസീലിന്റെ സാംബാതാളത്തിന് ലോകമെങ്ങും ആരാധകരേറെ. കാനറികളെ കാല്‍പ്പന്ത് പ്രേമികള്‍ മനസില്‍ പ്രതിഷ്ഠിച്ചത് മഞ്ഞ നിറത്തിലാണ്. അത് ഊട്ടിയുറപ്പിക്കാന്‍ ഈ ലോകകപ്പിലൂടെ ബ്രസീല്‍ ടീമിനാകേണ്ടതുണ്ട്. ഫുട്‌ബോള്‍ എന്ന വികാരത്തില്‍ ഒരു രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ബ്രസീലിന് ഈ ലോകകപ്പ് ജീവന്‍ മരണ പോരാട്ടമാണ്.

logo
The Fourth
www.thefourthnews.in