വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ അധിക്ഷേപം; വിശദമായ  അന്വേഷണം നടത്തുമെന്ന്  ലാ ലിഗ

വിനീഷ്യസ് ജൂനിയറിനെതിരെ വംശീയ അധിക്ഷേപം; വിശദമായ അന്വേഷണം നടത്തുമെന്ന് ലാ ലിഗ

വലന്‍സിയയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിനിടെയയിരുന്നു സംഭവം.

സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയറിനെതിരെ വീണ്ടും വംശീയ അധിക്ഷേപം. വലൻസിയക്കെതിരായ സ്പാനിഷ് ലാലിഗ മത്സരത്തിനിടെയാണ് സംഭവം. വംശീയ അധിക്ഷേപത്തിന് വിധേയനായതിനെ തുടർന്ന് മത്സരം ഇടയ്ക്കു നിര്‍ത്തിവച്ചിരുന്നു. പിന്നീട് പുനഃരാരംഭിച്ച മത്സരത്തില്‍ റയല്‍ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ലാ ലിഗ വ്യക്തമാക്കി.

വലന്‍സിയയുടെ ഹോം തട്ടകമായ മെസ്റ്റലയില്‍നടന്ന മത്സരത്തിനിടെ വലൻസിയ 1-0ന് മുന്നിട്ടു നില്‍ക്കെ രണ്ടാം പകുതിയില്‍ 73-ാം മിനിറ്റിലായിരുന്നു വിവാദ സംഭവം. ഗ്യാലറിയിലുണ്ടായിരുന്ന ഒരു വലന്‍സിയ ആരാധകന്‍ താരത്തെ 'കുരങ്ങനെന്നു വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. തുടര്‍ച്ചയായി ആക്ഷേപം ഉയര്‍ന്നതോടെ താരം കളിനിര്‍ത്തി കാണികളോടു തട്ടിക്കയറുകയും ചെയ്തു.

ഇതോടെ റഫറി കളിനിര്‍ത്തിവച്ചു. ലൈന്‍സ്മാനുമായി കൂടിയാലോചിച്ച റഫറി മത്സരം പുനരാരംഭിക്കണമെങ്കില്‍ കാണികളോടു മാന്യതയോടെ പെരുമാറാന്‍ ഗ്യാലറിയിലെ ലൗഡ്‌സ്പീക്കറിലൂടെ ആവശ്യപ്പെടാന്‍ വലന്‍സിയ അധികൃതരോട് ആവശ്യപ്പെട്ടു. പിന്നീട് മൂന്നു തവണ ഉച്ചഭാഷണിയിലൂടെ ഇക്കാര്യം വിളിച്ചു പറഞ്ഞതിനു ശേഷമാണ് മത്സരം പുനഃരാരംഭിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ ലാ ലിഗ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാ​ഗമായി, കളിക്കളത്തിലെ ദൃശ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

മത്സരശേഷം റയല്‍ പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി സംഭവത്തെ ശക്തമായി അപലപിക്കുകയും വിനീഷ്യസ് ജൂനിയറുമായുള്ള തന്റെ സംഭാഷണം വെളിപ്പെടുത്തുകയും ഉണ്ടായി. കളി തുടരാൻ വിനീഷ്യസ് ആദ്യം ആഗ്രഹിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫുട്ബോളിനെക്കുറിച്ചല്ല സംസാരിക്കാനുളളതെന്നും ഇന്ന് സംഭവിച്ചതിനെക്കുറിച്ചാണ് സംസാരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് മനസ്സിലാകാത്ത ഒന്നിന്റെ ഇരയാണ് വിനീഷ്യസ്. ഇത് സ്പാനിഷ് ഫുട്ബോളിന്റെ ഒരു പ്രശ്നമാണ്. ഞാൻ സ്പാനിഷ് ഫുട്ബോളിന്റെ ഭാഗമാണ്. ഇത് നമ്മൾ പരിഹരിക്കേണ്ട ഒരു പ്രശ്നമാണ്.

കാർലോ അൻസെലോട്ടി

'' എന്നെ സംബന്ധിച്ചിടത്തോളം വിനീഷ്യസ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. എന്നാൽ ഈ സംഭവത്തിന് പിന്നാലെ അദ്ദേഹം വളരെയധികം സങ്കടത്തിലാണ്''- അദ്ദേഹം പറഞ്ഞു.

''ഇത് ആദ്യമായിട്ടല്ല, രണ്ടാമത്തേതും മൂന്നാമത്തേതും അല്ല. ലാ ലിഗയിൽ വംശീയത സാധാരണമാണ്. ഞാൻ ശക്തനാണ്, വംശീയവാദികൾക്കെതിരെ അവസാനം വരെ പോകും. ഇത് ഇവിടെ നിന്ന് വളരെ അകലെയാണെങ്കിലും.'' - സംഭവത്തിന് പിന്നാലെ, വിനീഷ്യസ് ജൂനിയർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഈ സീസണിൽ നിരവധി തവണ വംശീയ അധിക്ഷേപത്തിന് വിധേയനായിട്ടുണ്ട്

വിനീഷ്യസിനെതിരെ നടന്ന വംശീയ അധിക്ഷേപം ഉണ്ടായതിൽ അപലിപിക്കുന്നുവെന്നും ആരാണ് പ്രകോപനം നടത്തിയതെന്ന് ക്യാമറ നോക്കിയാൽ അറിയാമെന്നും അവർ ഒരിക്കലും സ്റ്റേഡിയത്തിലേക്ക് വരരുതെന്നുമാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും വലൻസിയ ക്യാപ്റ്റൻ ജോസ് ഗയയും വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ, വിനീഷ്യസ് ആരാകർക്ക് നേരെ ദേഷ്യത്തിൽ ആം​ഗ്യം കാണിച്ചത് തനിക്ക് മനസിലാകുമെന്നും എന്നാൽ ആരാധകരോട് ആ ആംഗ്യങ്ങൾ കാണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in