ബെര്‍ണാബുവില്‍ റയല്‍ തന്നെ രാജാവ്; നാപ്പോളിയെ വീഴ്ത്തി മിലാന്‍

ബെര്‍ണാബുവില്‍ റയല്‍ തന്നെ രാജാവ്; നാപ്പോളിയെ വീഴ്ത്തി മിലാന്‍

സൂപ്പര്‍ താരം കരീം ബെന്‍സേമയും യുവതാരം മാര്‍ക്കോ അസെന്‍സിയോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്.

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു അവര്‍ ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെയാണ് തുരത്തിയത്. അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ സീരി എ ഒന്നാം സ്ഥാനക്കാരായ നാപ്പോളിയെ വീഴ്ത്തി ഇറ്റലിയില്‍ നിന്നുള്ള എ.സി. മിലാനും കരുത്തുകാട്ടി.

ബെര്‍ണാബുവില്‍ റയലിനെ കീഴടക്കുമെന്ന പ്രഖ്യാപനവുമായെത്തിയ ചെല്‍സിയെ ഇരുപാദങ്ങളിലുമായി നേടിയ എണ്ണംപറഞ്ഞ രണ്ടു ഗോളുകള്‍ക്കാണ് റയല്‍ തോല്‍പിച്ചത്. സൂപ്പര്‍ താരം കരീം ബെന്‍സേമയും യുവതാരം മാര്‍ക്കോ അസെന്‍സിയോയുമാണ് റയലിന്റെ ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ബെന്‍സേമയിലൂടെയാണ് റയല്‍ ലീഡ് നേടിയത്. ചെല്‍സി പ്രതിരോധനിരയ്ക്കു മുകളിലൂടെ പന്ത് ചിപ്പ് ചെയ്തിട്ട് കാര്‍വാഹല്‍ നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. സ്പാനിഷ് താരത്തില്‍ നിന്നു പാസ് സ്വീകരിച്ച ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ അത് ബെസേമയ്ക്കു മറിച്ചു നല്‍കി. ഫ്രഞ്ച് താരത്തിന് അതു വലയിലേക്ക് വഴിതിരിച്ചുവിടുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളു.

ഗോള്‍വഴങ്ങിയ ശേഷവും ഉണര്‍ന്നു കളിക്കാന്‍ മറന്ന ചെല്‍സിക്ക് ആദ്യപകുതിയില്‍ അവസരമൊന്നും ലഭിച്ചതേയില്ല. ഒരു ഗോള്‍ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ റയലിനെതിരേ രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ചില മുന്നേറ്റങ്ങള്‍ ഇംഗ്ലീഷ് ടീമിന് നടത്താനായെങ്കിലും ഫലം കണ്ടില്ല.

മത്സരത്തിന്റെ 59-ാം മിനിറ്റില്‍ പ്രതിരോധതാരം ബെന്‍ ചില്‍വെല്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതും ചെല്‍സിക്കു തിരിച്ചടിയായി. തുടര്‍ന്ന് 10 പേരായി ചുരുങ്ങിയ ഇംഗ്ലീഷ് ടീമിന്റെ വിവശതയിലേക്ക് 74-ാം മിനിറ്റിലാണ് റയല്‍ രണ്ടാം ഗോളും അടിച്ചേല്‍പ്പിച്ചത്.

ഈ ഗോളിനും പാസൊരുക്കി നല്‍കിയത് വിനീഷ്യസായിരുന്നു. ബോക്‌സിന്റെ വക്കില്‍ നിന്ന് ബ്രസീലിയന്‍ താരം നല്‍കിയ പാസ് സ്വീകരിച്ച് അസെന്‍സിയോ റയലിന്റെ പട്ടിക തികയ്ക്കുകയായിരുന്നു. ശേഷിച്ച മിനിറ്റുകളില്‍ എവേ ഗോളിനായി ചെല്‍സി കിണഞ്ഞു പൊരുതിയെങ്കിലും റയല്‍ പ്രതിരോധം വഴങ്ങിയില്ല.

മറ്റൊരു മത്സരത്തില്‍ സ്വന്തം തട്ടകമായ സാന്‍സിറോയില്‍ ഏകപക്ഷീയമായ ഒരു ഗോളിനു നാപ്പോളിയെ വീഴ്ത്തിയാണ് എ.സി. മിലാന്‍ കരുത്തുകാട്ടിയത്. മത്സരത്തിന്റെ 40-ാം മിനിറ്റില്‍ ബെന്നാസെര്‍ ഡയസ് നേടിയ ഗോളാണ് നാപ്പോളിയുടെ വിധിയെഴുതിയത്. രണ്ടാം പകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സാംബോ അന്‍ഗ്യൂസ പുറത്തുപോയതും നാപ്പോളിക്കു തിരിച്ചടിയായി.

logo
The Fourth
www.thefourthnews.in