എല്‍ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തി ബാഴ്സ; ലാലിഗയില്‍ കിരീടത്തോട് അടുത്ത് മുന്നേറ്റം

എല്‍ക്ലാസിക്കോയില്‍ റയലിനെ വീഴ്ത്തി ബാഴ്സ; ലാലിഗയില്‍ കിരീടത്തോട് അടുത്ത് മുന്നേറ്റം

ക്യാമ്പ് നൗവിലെ മിന്നുന്ന ജയത്തോടെ ലാലിഗ 2022-23 ല്‍ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് രണ്ടാം സ്ഥാനത്തുള്ള റയലിനേക്കാള്‍ 12 പോയിന്റ് മേല്‍ക്കൈ ആണ് ഉള്ളത്

എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയ്ക്കു മുന്നില്‍ വീണ്ടും മുട്ടുമടക്കി റയല്‍ മാഡ്രിഡ് . സീസണില്‍ നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്ത മൂന്നാം തവണ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. അവസാന നിമിഷം വരെ ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ആവേശപ്പോരാട്ടത്തിനൊടുവിലാണ് ബാഴ്സ, റയലിനെ കീഴടക്കിയത്. രണ്ടാം പകുതിയുടെ അധികസമയത്തില്‍ ഫ്രാങ്ക് കെസി ഉതിര്‍ത്ത ഷോട്ട് ലക്ഷ്യം കണ്ടതോടെ കറ്റാലന്മാര്‍ 2019 ന് ശേഷം ആദ്യമായി ലാലിഗ കിരീടത്തിലേക്കുള്ള ചുവടുറപ്പിച്ചു. ബാഴ്‌സലോണയുടെ തുടര്‍ച്ചയായ മൂന്നാം എല്‍ ക്ലാസിക്കോ വിജയമാണ് ഇത്.

ക്യാമ്പ് നൗവിലെ മിന്നുന്ന ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് രണ്ടാമതുള്ള റയലിനേക്കാള്‍ 12 പോയിന്റിന്റെ മേല്‍ക്കൈ ആണ് ഉള്ളത്. ബാഴ്‌സയ്ക്ക് 26 കളികളിൽ നിന്ന് 68 പോയിന്റാണ് ഉള്ളത്. റയൽ മാഡ്രിഡിന് 26 കളികളിൽ നിന്നായി 56 പോയിന്റുണ്ട്. കറ്റാലന്‍മാരുടെ കളിക്കളത്തില്‍ ആക്രമണത്തോടെ തുടങ്ങിയ റയലിന് ബാഴ്‌സലോണയുടെ പ്രതിരോധത്തെ മറികടക്കാന്‍ കഴിയാതെ പോയി. എന്നാല്‍ മൂന്നാം മിനിറ്റിലെ ലെവന്‍ഡോവ്‌സ്‌കിയുടെ ഷോട്ടിലൂടെ ബാഴ്‌സ കളിയുടെ ഗതി മാറ്റി. ഷോട്ട് ലക്ഷ്യം കണ്ടില്ലെങ്കിലും റയലിന് അതൊരു മുന്നറിയിപ്പ് ആയിരുന്നു.

കളിയുടെ ഒന്‍പതാം മിനിറ്റില്‍ അരൗഹോയുടെ സെല്‍ഫ് ഗോളിലൂടെ റയല്‍ സ്‌കോര്‍ ബോര്‍ഡില്‍ ആധിപത്യം കുറിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുന്‍പേ തന്നെ റയലിന് തിരിച്ചടി വീണു. സെര്‍ജി റോബോര്‍ട്ടോയുടെ ഷോട്ട് തടുക്കുന്നതില്‍ റയല്‍ ഗോള്‍കീപ്പര്‍ തിബോട്ട് കോര്‍ട്ടിസ് പരാജയപ്പെട്ടതോടെ ബാഴ്‌സ സമനില പിടിച്ചു. രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റം കാഴ്ച്ച വച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. 81ാം മിനിറ്റില്‍ റയലിനായി അസന്‍സിയോ ബാഴ്‌സയുടെ വല കുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്‌സൈഡാണെന്ന് തെളിഞ്ഞു. അതോടെ ഗോള്‍ റദ്ദാക്കി.

മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിടത്ത് നിന്നായിരുന്നു കെസിയിലൂടെ ബാഴ്‌സയുടെ തിരിച്ചുവരവ്

പിന്നീട് ഇരു ടീമുകള്‍ക്കും പന്തിനെ ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയിടത്ത് നിന്നായിരുന്നു കെസിയിലൂടെ ബാഴ്‌സയുടെ തിരിച്ചുവരവ്. അധികസമയത്ത് കെസിയിലൂടെ പിറന്ന രണ്ടാം ഗോളിലൂടെ ബാഴ്‌സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയം രചിച്ചു.

logo
The Fourth
www.thefourthnews.in