ഏഷ്യാഡിൽ ജപ്പാനെ പിടിച്ചുകെട്ടിയ ഇന്ത്യൻ പുലി

ഏഷ്യാഡിൽ ജപ്പാനെ പിടിച്ചുകെട്ടിയ ഇന്ത്യൻ പുലി

ഗോളടിച്ചത് മഞ്ജിത് സിംഗാണെങ്കിലും സുധീർ കർമാകർ ആയിരുന്നു ജപ്പാനെതിരെ ഇന്ത്യയുടെ ഹീറോ. ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് അന്നത്തെ ഫിഫ പ്രസിഡന്റ് സ്റ്റാൻലി റൗസ് വിശേഷിപ്പിച്ച താരം

ഉന്നത നിലവാരമുള്ള ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യൻ ഫുട്ബോൾ ടീം അവസാനമായി മെഡൽ ജേതാക്കളായത് 1970 ലാണ്. ബാങ്കോക്ക് ഏഷ്യാഡിൽ സയദ് നയീമുദ്ദീന്റെ നേതൃത്വത്തിലുള്ള ടീം വെങ്കലം നേടിയപ്പോൾ. ലൂസേഴ്‌സ് ഫൈനലിൽ അന്ന് ഇന്ത്യ ഒരൊറ്റ ഗോളിന് കീഴടക്കിയത് പ്രബലരായ ജപ്പാനെ. ജപ്പാന്റെ "അസ്സൽ'' ദേശീയ ടീമിനെതിരെ ഇന്ത്യയുടെ അവസാന വിജയം. ഗോളടിച്ചത് മഞ്ജിത് സിംഗാണെങ്കിലും സുധീർ കർമാകർ ആയിരുന്നു ജപ്പാനെതിരെ ഇന്ത്യയുടെ ഹീറോ. ഏഷ്യയിലെ ഏറ്റവും മികച്ച ഡിഫൻഡർ എന്ന് അന്നത്തെ ഫിഫ പ്രസിഡന്റ് സ്റ്റാൻലി റൗസ് വിശേഷിപ്പിച്ച താരം.

1970 ബാങ്കോക്ക് ഏഷ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പം.
1970 ബാങ്കോക്ക് ഏഷ്യാഡില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പം.

ചില്ലറക്കാരായിരുന്നില്ല ആ ജാപ്പനീസ് പട. ഒളിമ്പിക് മെഡൽ പട്ടികയിൽ ഇടം നേടിയ ആദ്യത്തെ ഏഷ്യൻ ടീം എന്ന അപൂർവ ബഹുമതിയുമായാണ് അവരുടെ വരവ്. രണ്ടു വർഷം മുൻപത്തെ മെക്സിക്കോ ഒളിമ്പിക്സിൽ (1968) വെങ്കലം നേടി ചരിത്രം സൃഷ്ടിച്ച ജപ്പാനെതിരെ ഇന്ത്യക്ക് വലിയ സാധ്യതയൊന്നും കല്പിച്ചിരുന്നില്ല ആരും. മാത്രമല്ല, കാണികളുടെ കടുത്ത ഇന്ത്യാ വിരുദ്ധത നയീമുദ്ദീനും കൂട്ടർക്കും ടൂർണമെന്റിൽ ഉടനീളം തലവേദന സൃഷ്ടിച്ചിരുന്നു താനും.

ഏഷ്യയിലെ ഏറ്റവും മികച്ച രണ്ടു സ്‌ട്രൈക്കർമാരുമായാണ് ജപ്പാൻ വന്നത്. കുനിഷിഗെ കമാമോട്ടോ, തെരുകി മിയാമോട്ടോ. മെക്സിക്കോ ഒളിമ്പിക്സിൽ ടോപ് സ്കോററായിരുന്നു കമാമോട്ടോ -- ആറു മത്സരങ്ങളിൽ ഏഴു ഗോൾ. മാത്രമല്ല, സാക്ഷാൽ പെലെ തിരഞ്ഞെടുത്ത ലോക ഫുട്ബാളിലെ ഏറ്റവും മികച്ച നാൽപ്പത് കളിക്കാരുടെ പട്ടികയിലും ഉണ്ടായിരുന്നു കമാമോട്ടോ.

ഇന്ത്യന്‍ പ്രതിരോധ താരം സുധീര്‍ കര്‍മാകര്‍ അന്ന്.
ഇന്ത്യന്‍ പ്രതിരോധ താരം സുധീര്‍ കര്‍മാകര്‍ അന്ന്.

പക്ഷേ ചൂലാ ഫുട്ബാൾ സ്റ്റേഡിയത്തിൽ അരങ്ങേറിയ ഏഷ്യാഡ്‌ ഫുട്ബാൾ മത്സരത്തിൽ കമാമോട്ടോ എന്ന അതികായനെ അഞ്ചടി അഞ്ചിഞ്ചുകാരൻ കർമാകർ ശരിക്കും പിടിച്ചുകെട്ടി. "ഹൈബാളുകളുടെ ആശാനായിരുന്നു കമാമോട്ടോ. ഹെഡ്ഡറുകളുടെ രാജാവ്. എന്നാൽ അന്ന് എത്ര ഉയരത്തിൽ ചാടിയിട്ടും പന്തിൽ തലവെക്കാൻ കഴിയാതെ അസ്വസ്ഥനാകുന്ന കമാമോട്ടോയെയാണ് ഞങ്ങൾ കണ്ടത്. നിന്ന നിൽപ്പിൽ ഉയർന്നു ചാടിക്കൊണ്ടും ഡൈവ് ചെയ്തും കർമാകർ ക്രോസ്സുകളുടെ ഗതി തിരിച്ചുവിട്ടതായിരുന്നു കാരണം. ഒരു ഘട്ടത്തിൽ സ്വന്തം നിസ്സഹായത കമാമോട്ടോയെ ക്രുദ്ധനാക്കി. കളി തീരുമ്പോഴേക്കും മാനസികമായി ആകെ തകർന്നുപോയിരുന്നു അയാൾ..''-- ആ ടീമിൽ സുധീറിനൊപ്പം കളിച്ച ശ്യാം ഥാപ്പയുടെ വാക്കുകൾ.

വർഷങ്ങൾക്ക് ശേഷം കൊൽക്കത്തയിലെ വീട്ടിൽവെച്ച് ആ നിമിഷങ്ങൾ ഓർത്തെടുത്തിട്ടുണ്ട് കർമാകർ. "ചില ദിവസങ്ങൾ അങ്ങനെയാണ്. ഒരു ശക്തിക്കും നമ്മെ തടയാനാവില്ല.''-- കർമാകർ പറഞ്ഞു. "ഗാലറികൾ മുഴുവൻ ഞങ്ങൾക്ക് എതിര്. ഏറ്റുമുട്ടുന്നതാകട്ടെ ഏഷ്യയിലെ ഏറ്റവും മുന്തിയ ടീമിനോടും. നഷ്ടപ്പെടാൻ ഒന്നുമുണ്ടായിരുന്നില്ല. ആദ്യ റൗണ്ടിൽ ഞങ്ങളെ തോൽപ്പിച്ച ടീമാണ് ജപ്പാൻ. അന്ന് കമാമോട്ടോയെ ശരിക്കും നിരീക്ഷിച്ചിരുന്നു. അയാളുടെ കളിയിലെ പഴുതുകൾ എന്തെന്ന് ശരിക്കും മനസ്സിലാക്കുകയും ചെയ്തിരുന്നു. പ്ലേഓഫിൽ അതെനിക്ക് ഗുണം ചെയ്തു..''

സുധീര്‍ കര്‍മാകര്‍.
സുധീര്‍ കര്‍മാകര്‍.

ബാങ്കോക്കിൽ ഒരു ഇന്ത്യ -- ജപ്പാൻ ഫൈനൽ പ്രവചിച്ചിരുന്നു സർ സ്റ്റാൻലി റൗസ് എന്നത് ഇന്നോർക്കുമ്പോൾ കൗതുകമുണർത്തുന്ന കാര്യം. ടൂർണമെന്റിൽ നയീമിന്റെയും കുട്ടികളുടെയും തുടക്കം അത്ര ഗംഭീരമായിരുന്നു എന്നതു തന്നെ കാരണം. ആദ്യ മത്സരത്തിൽ ആതിഥേയരായ തായ്‌ലണ്ടിന് പുറമെ അമ്പതിനായിരത്തോളം വരുന്ന കാണികൾ കൂടിയുണ്ടായിരുന്നു എതിർ പക്ഷത്ത്. മത്സരം 21 മിനിറ്റ് പിന്നിടുമ്പോഴേക്കും ഇന്ത്യ രണ്ടു ഗോളിന് പിന്നിൽ. എല്ലാം നശിച്ചുവെന്ന ആ അവസ്ഥയിൽ നിന്ന് ഇന്ത്യയെ കരകയറ്റാൻ ദൈവദൂതനെപ്പോലെ ഒരാളെത്തി: സുഭാഷ് ഭൗമിക്.

രണ്ടു ഗോൾ മടക്കിയടിച്ചു സമനില വരുത്തുക മാത്രമല്ല, അവസാന നിമിഷങ്ങളിൽ തായ്‌ലണ്ടിന് ആവോളം തലവേദന സൃഷ്ടിക്കുക കൂടി ചെയ്തു ഭൗമിക്. "ഹാട്രിക്കിനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഞാൻ തന്നെ."-- പിന്നീടൊരു കൂടിക്കാഴ്ചയിൽ ഭൗമിക് പറഞ്ഞു: "മഗൻ സിംഗിൽ നിന്ന് കിട്ടിയ പന്ത് ഗോൾകീപ്പറെ മാത്രം മുന്നിൽ നിർത്തി ക്രോസ് ബാറിന് മുകളിലൂടെ അടിച്ചു പറത്തിയതിന് യാതൊരു ന്യായീകരണവും ഉണ്ടായിരുന്നില്ല." അടുത്ത മത്സരത്തിൽ ഹബീബും മഗൻ സിംഗും നേടിയ ഗോളുകൾക്ക് ദക്ഷിണ വിയറ്റ്നാമിനെ കീഴടക്കി ക്വാർട്ടറിൽ കടന്ന ഇന്ത്യ മടക്കമില്ലാത്ത മൂന്ന് ഗോളിന് ഇന്തോനേഷ്യയെ തകർത്തെങ്കിലും അടുത്ത മത്സരത്തിൽ ജപ്പാനോട് ഒരു ഗോളിന് തോറ്റു; സെമിയിൽ ബർമ്മയോടും. പിന്നീടായിരുന്നു ജപ്പാനെതിരായ ലൂസേഴ്‌സ് ഫൈനൽ.

വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ ഒരൊറ്റ മലയാളി മാത്രം: കണ്ണൂർക്കാരൻ പി എം ശിവദാസ്. മറ്റു ടീമംഗങ്ങൾ ഇവരാണ്: സമ്പത്ത്, ബാന്ദ്യ, അൽതാഫ്, നയീം (ക്യാപ്റ്റൻ), സുധീർ കർമാർക്കർ, ചന്ദേശ്വർ പ്രസാദ്, കല്യാൺ സാഹ, നിർമ്മൽ സെൻഗുപ്ത, ജെറി ബാസി, അബ്ദുൾ ലത്തീഫ്, നടരാജ്, അജൈബ് സിംഗ്, അമർ ബഹദൂർ, സുഭാഷ് ഭൗമിക്, സുകല്യാൺ ഘോഷ് ദസ്തിദാർ, ഹബീബ്, മഗൻ സിംഗ്, മഞ്ജിത് സിംഗ്, ശ്യാം ഥാപ്പ. കോച്ച്: ജി എം എച്ച് ബാഷ.

ഇക്കൂട്ടത്തിൽ പലരും ഇന്ന് ഓർമ്മ. ജപ്പാനെതിരെ വിജയ ഗോൾ നേടിയ മഞ്ജിത് സിംഗ് 31 വർഷം മുൻപൊരു ഡിസംബർ 13 ന് റോഡപകടത്തിലാണ് മൃതിയടഞ്ഞത്. രാത്രി ഹോഷിയാർപൂരിലെ വീട്ടിൽ നിന്ന് മാഹിൽപൂരിലേക്കുള്ള യാത്രാമധ്യേ മഞ്ജിത് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കെട്ടിടത്തിൽ ചെന്നിടിക്കുകയായിരുന്നു. ചോരയൊലിച്ചു റോഡിൽ ബോധഹീനനായി കിടന്ന മഞ്ജിത്തിനെ ആരും തിരിച്ചറിഞ്ഞുപോലുമില്ല. ഒടുവിൽ കനിവ് തോന്നി ആരോ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ഏറെ വൈകി. 42 വയസ്സേ പ്രായമായിരുന്നുള്ളൂ മരിക്കുമ്പോൾ മഞ്ജിത്തിന്. ഗോളി ബാന്ദ്യ, നിർമ്മൽ, ദസ്തിദാർ, സുഭാഷ് ഭൗമിക്, അമർ ബഹദൂർ, ഏറ്റവുമൊടുവിൽ ഹബീബും..... ആരുമില്ല ഇന്ന് നമുക്കൊപ്പം.

1954 ലെ മനില ഏഷ്യാഡിലായിരിക്കണം ഇന്ത്യ ആദ്യമായി ജപ്പാനെ തോൽപ്പിച്ചത്. രണ്ടു ഗോളടിച്ച മോയിൻ (എസ് കെ മോയിനുദ്ദീൻ) ആയിരുന്നു അന്നത്തെ 3--2 വിജയത്തിലെ ഹീറോ. മൂന്നാം ഗോൾ ജോ ഡിസൂസയുടെ വക. 62 ലെ ജക്കാർത്ത ഗെയിംസിലും ഇന്ത്യ വിജയം ആവർത്തിച്ചു; പി കെ ബാനർജിയും ബൽറാമും നേടിയ ഗോളുകളിലൂടെ ( 2-0). പക്ഷേ ബാങ്കോക്കിൽ നടന്ന അടുത്ത ഏഷ്യാഡിൽ 1 --2 ന് ജപ്പാനോട് തോൽക്കാനായിരുന്നു വിധി. ഇന്ത്യയുടെ ഒരേയൊരു ഗോളടിച്ചത് പി കെ ബാനർജി. 1970 ഏഷ്യാഡിന്റെ ആദ്യ ഘട്ടത്തിൽ ജപ്പാനോട് ഒരു ഗോളിന് കീഴടങ്ങിയെങ്കിലും ലൂസേഴ്‌സ് ഫൈനലിൽ ഇന്ത്യ കണക്കു തീർത്തു.

1966 ലെ മെർദേക്ക ടൂർണമെന്റിന്റെ ഗ്രൂപ്പ് മത്സരത്തിൽ ജപ്പാനെതിരെ ഇന്ത്യ നേടിയ 3 -1 വിജയം മറ്റൊരു തിളക്കമാർന്ന ഓർമ്മ. അശോക് ചാറ്റർജിയും (2) അരുമൈനായകവുമായിരുന്നു സ്കോറർമാർ. 68 ൽ അശോക് ചാറ്റർജിയുടെ ഒരേയൊരു ഗോളിന് വീണ്ടും ഇന്ത്യ ജപ്പാനെ കീഴടക്കി. മെർദേക്കയിൽ ജപ്പാനെതിരെ ഇന്ത്യയുടെ അവസാന വിജയം. 1976 ലെ ടൂർണമെന്റിൽ ജപ്പാനോടേറ്റ 1-5 തകർച്ചയിൽ നിന്ന് പിന്നീടൊരിക്കലും കരകയറാനായില്ല നമുക്ക്. അതേ ജപ്പാൻ ഫിഫ റാങ്കിംഗിൽ പത്തൊൻപതാം സ്ഥാനത്താണിപ്പോൾ; ഇന്ത്യയാകട്ടെ നൂറ്റിരണ്ടാമതും.

logo
The Fourth
www.thefourthnews.in