റൂണി ബർദ്ജി; പതിനേഴാം വയസില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ പേരെഴുതി ചേർത്ത 'സ്വീഡിഷ് മെസി'

റൂണി ബർദ്ജി; പതിനേഴാം വയസില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ പേരെഴുതി ചേർത്ത 'സ്വീഡിഷ് മെസി'

തന്റെ 18-ാം ജന്മദിനത്തിന് ആറ് ദിവസം മാത്രം ശേഷിക്കെയാണ്‌ സിറിയന്‍ വംശജനായ സ്വീഡിഷ് യുവതാരം ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ബൂട്ടുകളുടെ സാന്നിധ്യം അറിയിച്ചത്

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് - എഫ് സി കോപ്പന്‍ഹേഗന്‍ മത്സരം. ഗ്യാലറികളില്‍ നിന്ന് റൂണി, റൂണി എന്ന് ചാന്റുയർന്നു. പക്ഷെ മത്സരം ഓള്‍ഡ്ട്രാഫോര്‍ഡിലായിരുന്നില്ല, ആരാധകരുടെ ചാന്റുകള്‍ യുണൈറ്റഡ് ഇതിഹാസം വെയ്ന്‍ റൂണിക്കു വേണ്ടിയായിരുന്നുമില്ല. മറിച്ച് 'സ്വീഡിഷ് മെസി'യെന്ന് വിളിപ്പേരുള്ള റൂണി ബർദ്ജിക്കായിരുന്നു. യുണൈറ്റഡ് മോഹങ്ങളെ 87-ാം മിനുറ്റില്‍ തകര്‍പ്പനൊരു വോളിയിലൂടെ തകർത്ത പതിനേഴുകാരന്‍.

തന്റെ 18-ാം ജന്മദിനത്തിന് ആറ് ദിവസം മാത്രം ശേഷിക്കെയാണ് സിറിയന്‍ വംശജനായ സ്വീഡിഷ് യുവതാരം ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ബൂട്ടുകളുടെ സാന്നിധ്യം അറിയിച്ചത്. അതും ഗോള്‍മഴ പെയ്തൊരു മത്സരത്തില്‍. റൂണിയുടെ ഗോളില്‍ 4-3 നായിരുന്നു കോപ്പന്‍ഹേഗന്റെ ജയം. ചാമ്പ്യന്‍സ് ലീഗില്‍ കോപ്പന്‍ഹേഗനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകാനും റൂണിക്കായി. ടൂർണമെന്റിന്റെ ചരിത്രത്തില്‍ യുണൈറ്റെഡിനെതിരെ ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരവും റൂണി തന്നെ.

റൂണി ബർദ്ജി; പതിനേഴാം വയസില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ പേരെഴുതി ചേർത്ത 'സ്വീഡിഷ് മെസി'
CWC2023 | ഇന്ത്യ-പാക് പോരിന് കളമൊരുങ്ങുമോ? പാകിസ്താന്റെ സെമിഫൈനല്‍ സാധ്യതകള്‍ ഇങ്ങനെ

മൈതാനത്ത് പന്തുരുട്ടുന്ന അടുത്ത തലമുറയെ വീക്ഷിക്കുന്നവർക്കും ഫുട്ബോള്‍ പരിശീലകരുടെ അഭിനിവേശത്തോടെ കളിയെ നിരീക്ഷിക്കുന്നവർക്കും റൂണിയുടെ പ്രകടനം ഒരു അത്ഭുതമായിരിക്കില്ല. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ടാലന്റുകളിലൊന്നായാണ് റൂണിയെ വിലയിരുത്തുന്നത്. യുണൈറ്റഡിനെതിരായ മത്സരത്തോടെ ആഗോളവേദിയില്‍ തന്നെ സ്വയം പരിചയപ്പെടുത്താനും റൂണിക്കായി.

മെസിയുടെ പേര് ചേർത്ത് ഫുട്ബോള്‍ ലോകം ആഘോഷിച്ച പല യുവതാരങ്ങള്‍ക്കും ആ സമ്മർദത്തെ അതിജീവിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ യുണൈറ്റഡിനെതിരെ 63-ാം മിനുറ്റില്‍ കളത്തിലിറങ്ങി മുപ്പതാം സെക്കന്‍ഡില്‍ എതിര്‍ടീം പ്രതിരോധതാരങ്ങളെ ഒന്നൊന്നായി ഡ്രബിള്‍ ചെയ്ത് റൂണി നടത്തിയ മുന്നേറ്റം ഫുട്‌ബോള്‍ ആരാധകരെ ഓര്‍മിപ്പിച്ചത് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബാഴ്‌സലോണയിലെ ക്യാമ്പനൗവിന്റെ പുല്‍മൈതാനത്തെ ത്രസിപ്പിച്ച ഒരു അര്‍ജന്റീനിയന്‍ കൗമാരക്കാരനെയാണ്.

വലതു വിങ്ങില്‍ നിന്ന് മധ്യനിരയിലേക്കെത്തിയപ്പോഴും പന്തുമായി ഗോള്‍മുഖത്തേക്ക് റൂണി കുതിച്ചപ്പോഴും യുണൈറ്റഡിന്റെ പ്രമുഖരടങ്ങിയ പ്രതിരോധനിര ഭയന്നു. വണ്‍ ഓണ്‍ വണ്‍ സാഹചര്യങ്ങളില്‍ റൂണിക്ക് മുന്നില്‍ കീഴടങ്ങിയവരുടെ പട്ടികയില്‍ ഹാരി മഗ്വെയ്ര്‍, ഡിയോഗോ ഡാലോട്ട്, സോഫിയാന്‍ അംമ്രാബത് എന്നിവരാണ് ഇടംപിടിച്ചത്.

റൂണി ബർദ്ജി; പതിനേഴാം വയസില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ പേരെഴുതി ചേർത്ത 'സ്വീഡിഷ് മെസി'
ദ ഗ്രേറ്റസ്റ്റ് ഇന്നിങ്സ്; തളര്‍ച്ചയേയും അഫ്ഗാനെയും കീഴടക്കി മാക്‌സ്‌വെല്‍ ക്രിക്കറ്റിന് സമ്മാനിച്ച രാത്രി

ഒരു വർഷം മുന്‍പ് സ്വീഡിഷ് പത്രമായ ആഫ്റ്റണ്‍ബ്ലാഡെറ്റിനോട് റൂണി പറഞ്ഞു- "ലോകത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് എന്റെ ലക്ഷ്യം. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ മുതലുള്ള സ്വപ്നമാണിത്. എനിക്കല്ലാതെ മറ്റാർക്കും അത് തടയാനാകില്ല. എനിക്ക് റയല്‍ മാഡ്രിഡിലെത്തണം, റയലിനായി വർഷങ്ങളോളം കളിക്കണം."

ഇത് ഇവിടെ പറയാന്‍ ഒരു കാരണം കൂടിയുണ്ട്, റയലിനായി നിരവധി തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം റാഫേല്‍ വരാനുയർത്തുന്നത് റൂണ്ടി കണ്ടിട്ടുണ്ടാകും. ആ റാഫേല്‍ വരാനെ കാഴ്ചക്കാരനാക്കിയായിരുന്നു റൂണിയുടെ ഗോള്‍. കോപ്പന്‍ഹാഗന്റെ താരം ബോയിലെസന്റെ ക്രോസ് യുണൈറ്റഡ് ബോക്സിലേക്ക് ഉയർന്നെത്തിയപ്പോള്‍ വരാനും മഗ്വയറും ഉയർന്ന് പൊങ്ങി പന്തിന് തലവയ്ക്കാന്‍ ശ്രമിച്ചു.

ഈ സമയത്ത് ഫ്രീയായി നില്‍ക്കുന്ന റൂണി ഡാലോട്ടിന്റെ കണ്ണുകളിലുടക്കിയിരുന്നു. പോസ്റ്റിന് കാവലൊരുക്കാനായിരുന്നു ഡാലോട്ടിന്റെ തീരുമാനം. പക്ഷേ ലോകോത്തര മുന്നേറ്റനിരക്കാരെ പോലെ തന്റെ കാലുകളിലേക്ക് പന്തെത്തുന്നതിനായി റൂണി കാത്തിരുന്നു. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല, മഗ്വയറിന്റെ തലയിലുരസിയ പന്ത് പതിനേഴുകാരന്റെ നേർക്കെത്തി.

റൂണി ബർദ്ജി; പതിനേഴാം വയസില്‍ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ പേരെഴുതി ചേർത്ത 'സ്വീഡിഷ് മെസി'
'ദ ഗ്രേറ്റ് ഇന്ത്യന്‍ പേസേഴ്സ്'; ലോകകപ്പ് നേട്ടങ്ങള്‍ക്ക് പിന്നിലെ വജ്രായുധം

തനിക്ക് പിഴയ്ക്കില്ലെന്ന് ഉറപ്പ് വരുത്തിയായിരുന്നു റൂണി ഇടം കാലുകൊണ്ട് പന്ത് വലയിലേക്ക് തൊടുത്തത്. യുണൈറ്റഡ് ഗോളി ഒനാനയ്ക്ക് ഒരു അവസരവും നല്‍കാതെ പന്ത് ഗോള്‍വര കടക്കുകയും ചെയ്തു. വെയിന്‍ റൂണിയെ പോലെയും ലയണല്‍ മെസിയെ പോലെയും വളരെ കൂളായി തന്റെ പദ്ധതി താരം നടപ്പാക്കി.

അതികായര്‍ക്കെതിരേ തങ്ങളുടെ ടീം വിജയഗോള്‍ നേടിയതിന്റെ ആഹ്‌ളാദത്തില്‍ ഗ്യാലറിയില്‍... റൂണി, റൂണി, റൂണി ചാന്റുകള്‍ നിലയ്ക്കാതെ മുഴങ്ങി. വെയിന്‍ റൂണി തന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഫൈനർബാഷെയ്‌ക്കെതിരേ ഹാട്രിക്ക് നേടിയപ്പോള്‍ ഗാലറികളില്‍ മുഴങ്ങിയ അതേ തീവ്രതയോടെ. റൂണി ബർദ്ജി, ഈ പേരോർത്തു വച്ചോളു. ഇനിയും പല ഗാലറികളില്‍ നിന്നും ഈ ശബ്ദമുയരും.

logo
The Fourth
www.thefourthnews.in