തേടിയെത്തിയത് വമ്പന്‍ ഓഫറുകള്‍; വേണ്ടെന്നു വച്ച് സഹല്‍

തേടിയെത്തിയത് വമ്പന്‍ ഓഫറുകള്‍; വേണ്ടെന്നു വച്ച് സഹല്‍

മുംബൈ സിറ്റി എഫ്‌സിയും നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റുമാണ് താരത്തിനു മുന്നില്‍ മോഹിപ്പിക്കുന്ന ഓഫറുകള്‍ വച്ചത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുകളുമായി ഐഎസ്എല്ലിലെ സൂപ്പര്‍ ടീമുകള്‍. മുംബൈ സിറ്റി എഫ്‌സിയും നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റുമാണ് താരത്തിനു മുന്നില്‍ മോഹിപ്പിക്കുന്ന ഓഫറുകള്‍ വച്ചത്.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ തുടരാനാണ് തനിക്കു താല്‍പര്യമെന്നു വ്യക്തമാക്കി സഹല്‍ ഇതു നിരാകരിച്ചുവെന്നും കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. സഹലിന് 2025 വരെ ബ്ലാസ്‌റ്റേഴ്‌സുമായി കരാറുണ്ട്. ആ കാലയളവ് കഴിഞ്ഞ് താരത്തിനു താല്‍പര്യമുണ്ടെങ്കില്‍ കരാര്‍ നീട്ടിനല്‍കാനും ബ്ലാസ്‌റ്റേഴ്‌സ് തയാറാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സഹലിനെ എന്തുവിലകൊടുത്തും ടീമില്‍ നിര്‍ത്താന്‍ തന്നെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തീരുമാനവും. താരം ക്ലബ് വിട്ടാല്‍ അതേ മികവില്‍ പകരമൊരു ഇന്ത്യന്‍ താരത്തെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിലാണ് ടീം മാനേജ്‌മെന്റ്.

ബ്ലാസ്‌റ്റേഴ്‌സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് 26-കാരനായ സഹല്‍. 97 മത്സരങ്ങളിലാണ് താരം ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഇറങ്ങിയത്. ഇതില്‍ 92 എണ്ണവും ഐഎസ്എല്ലിലായിരുന്നു. ഇതുവരെ 10 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് സഹല്‍ കുറിച്ചിട്ടുള്ളത്.

logo
The Fourth
www.thefourthnews.in