സത്യനായിരുന്നു ആദ്യ സാഫ് കപ്പിലെ യഥാർത്ഥ താരം

സത്യനായിരുന്നു ആദ്യ സാഫ് കപ്പിലെ യഥാർത്ഥ താരം

റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കും ആതിഥേയരായ പാകിസ്താനും പുറമെ ശ്രീലങ്കയും നേപ്പാളുമായിരുന്നു മത്സര രംഗത്ത്.

കുവൈറ്റിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യ ഒൻപതാമത്തെ സാഫ് ഫുട്ബോൾ കിരീടം നേടിയ വാർത്തയ്‌ക്കൊപ്പം ഓർമ്മയിൽ വന്നു നിറഞ്ഞത് വി പി സത്യന്റെ മുഖം. മുപ്പതു വർഷം മുൻപ് ഇതുപോലൊരു ജൂലൈ മാസത്തിൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി സാഫ് കപ്പ് (അന്ന് സാർക് കപ്പ്) വിജയത്തിലേക്ക് നയിച്ചത് സത്യനായിരുന്നല്ലോ.

"സത്യേട്ടനെ ഓർക്കാത്ത ദിനങ്ങൾ അപൂർവമാണ് എന്റെ ജീവിതത്തിൽ."-- പാകിസ്താനിൽ നടന്ന ആ ടൂർണമെന്റിൽ ഇന്ത്യയുടെ വിജയശില്പിയായിരുന്ന ഐ എം വിജയൻ പറയുന്നു. "വെറും ക്യാപ്റ്റൻ മാത്രമായിരുന്നില്ല സത്യേട്ടൻ ഞങ്ങൾക്ക്; സ്വന്തം ജ്യേഷ്ഠ സഹോദരൻ തന്നെയായിരുന്നു. ഗുണദോഷിക്കാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മാത്രമല്ല സന്ദിഗ്ദ്ധഘട്ടങ്ങളിൽ ആത്മവിശ്വാസം പകരാനും എന്നും മുന്നിലുണ്ടായിരുന്നു സത്യേട്ടൻ..."

റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന ആദ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കും ആതിഥേയരായ പാകിസ്താനും പുറമെ ശ്രീലങ്കയും നേപ്പാളുമായിരുന്നു മത്സര രംഗത്ത്. ലങ്കയെ രണ്ടു ഗോളിനും നേപ്പാളിനെ ഒരു ഗോളിനും മറികടന്ന ഇന്ത്യ ലാഹോർ റെയിൽവേ സ്റ്റേഡിയത്തിൽ നടന്ന അവസാന ലീഗ് പോരാട്ടത്തിൽ പാകിസ്താനെ 1-- 1 ന് സമനിലയിൽ തളച്ചു. ചാമ്പ്യന്മാരുടെ നാല് ഗോളിൽ മൂന്നും നേടി ടൂർണമെന്റിൽ ടോപ് സ്കോററായത് വിജയൻ.

"ഏറ്റവും കടുത്ത പരീക്ഷണം പാകിസ്താനെതിരായ മത്സരം തന്നെ. നിറഞ്ഞ ഗാലറികൾ മുഴുവൻ അവർക്കൊപ്പമാണല്ലോ. കളി തുടങ്ങും മുൻപ് തന്നെ കോച്ച് ജിറി പെസക്ക് സാർ മുന്നറിയിപ്പ് തന്നിരുന്നു, ജീവന്മരണ പോരാട്ടത്തിന് തയ്യാറെടുക്കാൻ. ടീമെന്ന നിലയിൽ ഒത്തിണക്കത്തോടെ പൊരുതാൻ സത്യേട്ടന്റെ നേതൃത്വവും ഏറെ സഹായിച്ചു. പ്രതികൂല സാഹചര്യത്തിലും ഇന്ത്യക്ക് വേണ്ടി സ്കോർ ചെയ്യാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി തോന്നുന്നു ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ." -- വിജയൻ.

മത്സരവേദി പാകിസ്താനായതുകൊണ്ട് കളിക്കളത്തിന് പുറത്തും രൂക്ഷമായ എതിർപ്പുകൾ പ്രതീക്ഷിച്ചിരുന്നു സത്യനും കൂട്ടരും. എന്നാൽ പ്രതീക്ഷിച്ചതിലും സൗഹാർദ്ദപരമായിരുന്നു പാക് ഫുട്ബോൾ പ്രേമികളുടെ സമീപനം. വിമാനത്താവളത്തിൽ വെച്ച് അപരിചിതനായ ഏതോ ഒരാൾ ചിരിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ടീമംഗമായ തേജീന്ദർ കുമാറിന്റെ ഓർമ്മയിലുണ്ട്: "ഭായിജാൻ, സ്വാഗത് ഹേ. ലേകിൻ ആപ് ലോഗ് ഹാർ കേ ഹി ലൗട്ടോഗേ.." (സ്വാഗതം; പക്ഷേ തോറ്റു മടങ്ങാനാകും നിങ്ങൾക്ക് യോഗം). തമാശയായി പറഞ്ഞതാവണം. എന്തായാലും മുനവെച്ച ആ സ്വാഗതവചനം തേജീന്ദർ ഉൾപ്പെടെയുള്ള കളിക്കാരിൽ വാശി വളർത്തി എന്നതാണ് സത്യം.

ശ്രീലങ്കക്കെതിരായ ആദ്യമത്സരം വിജയന് മറക്കാനാവില്ല. "ആദ്യ പകുതിയുടെ അവസാന നിമിഷം ഗോളടിക്കാൻ എനിക്കൊരു സുവർണ്ണാവസരം ലഭിച്ചതാണ്. സാവകാശമെടുത്ത് പന്ത് പ്ലേസ് ചെയ്യാനുള്ള ശ്രമത്തിൽ ഷോട്ട് പാഴായി. എന്റെ ഭാഗത്തുനിന്നുള്ള പിഴവ് തന്നെ. ഇടവേളക്ക് പിരിഞ്ഞ സമയത്ത് വെള്ളം കുടിച്ചുകൊണ്ട് നിൽക്കുമ്പോൾ പിന്നിൽ നിന്ന് വിരലുകൾ കൊണ്ട് ആരോ തലയ്ക്ക് കുത്തുന്നു. ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ കോച്ച് പെസക് സാർ. അവസരം പാഴാക്കിയതിനുള്ള ശിക്ഷയാണ്." എന്തായാലും രണ്ടാം പകുതിയിൽ പിഴവുകൾക്കെല്ലാം വിജയൻ പ്രായശ്ചിത്തം ചെയ്തു, രണ്ടു ഗോളടിച്ചുകൊണ്ട്.

" ടീമിലെ സീനിയർ കളിക്കാരേക്കാൾ പ്രായത്തിൽ ഇളപ്പമായിരുന്നു ഞാനും അഖീൽ അൻസാരിയും ഗുണബീർ സിംഗുമൊക്കെ. പരിചയക്കുറവുമുണ്ട്. താരതമ്യേന തുടക്കക്കാരാണല്ലോ. എന്നാൽ അതൊന്നും ഞങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു സത്യൻ. ക്യാപ്റ്റൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വിജയം കൂടിയായിരുന്നു ആദ്യത്തെ സാഫ് കിരീടനേട്ടം."--- തേജീന്ദറിന്റെ വാക്കുകൾ. ആ പര്യടനത്തിനിടെ പാകിസ്താൻ ജൂനിയർ ടീമിനെതിരെ ഒരു പ്രദർശന മത്സരവും കളിച്ചിരുന്നു ഇന്ത്യ. അന്ന് 3 -- 1 ന് ഇന്ത്യ ജയിച്ചു.

സാഫ് കപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ. എട്ടു തവണ കൂടി ചാമ്പ്യന്മാരായി ഇന്ത്യ -- 1997, 1999, 2005, 2009, 2011, 2015, 2021, 2023 വർഷങ്ങളിൽ. നേപ്പാളിൽ നടന്ന 1997 ലെ എഡിഷനിലും വിജയനായിരുന്നു ടോപ്സ്കോറർ -- ആറു ഗോളോടെ.

logo
The Fourth
www.thefourthnews.in