താരങ്ങളെ വിട്ടുനല്‍കില്ല; ടീം ഇന്ത്യക്ക് 'പാരയായി' ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റിയും ഈസ്റ്റ്ബംഗാളും

താരങ്ങളെ വിട്ടുനല്‍കില്ല; ടീം ഇന്ത്യക്ക് 'പാരയായി' ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റിയും ഈസ്റ്റ്ബംഗാളും

ചൈനയില്‍ ഡാലിയാനില്‍ സെപ്റ്റം ആറു മുതല്‍ 12 വെരയാണ് അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്

അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ യോഗ്യതാ റൗണ്ടിനു തയാറെടുക്കുന്ന ഇന്ത്യന്‍ അണ്ടര്‍ 23 ഫുട്‌ബോള്‍ ടീമിന് 'പാര പണിത്' ഫുട്‌ബോള്‍ ക്ലബുകളായ കേരളാ ബ്ലാസ്‌റ്റേഴ്‌സ്, ഈസ്റ്റ്ബംഗാള്‍, മുംബൈ സിറ്റി തുടങ്ങിയ ക്ലബുകള്‍ രംഗത്ത്. യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ക്കായി താരങ്ങളെ ദേശീയ ടീം ക്യാമ്പിലേക്കു വിട്ടുനല്‍കില്ലെന്നാണ് ക്ലബുകളുടെ നിലപാട്.

ഇതുസംബന്ധിച്ച് ക്ലബ് മാനേജ്‌മെന്റുകള്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് കത്തയച്ചതായി റിപ്പോര്‍ട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ്, മുംബൈ സിറ്റി, ഈസ്റ്റ് ബംഗാള്‍ എന്നിവരാണ് ദേശീയ ക്യാമ്പിലേക്കു താരങ്ങളെ വിട്ടുനല്‍കണമെന്ന അഭ്യര്‍ഥന പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയില്‍ ഡാലിയാനില്‍ സെപ്റ്റം ആറു മുതല്‍ 12 വെരയാണ് അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഇതിനു മുന്നോടിയായി ഈ മാസം 12 മുതല്‍ ഭുവനേശ്വറിലാണ് ദേശീയ ക്യാമ്പ് സംഘടിപ്പിക്കാന്‍ എഐഎഫ്എഫ് തീരുമാനിച്ചത്.

എന്നാല്‍ നിലവില്‍ ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ നടന്നുവരുന്നതിനാല്‍ താരങ്ങളെ വിട്ടുനല്‍കാനാകില്ലെന്നാണ് ക്ലബുകളുടെ നിലപാട്. ജൂലൈ 20ന് ആരംഭിച്ച് ഡ്യൂറന്‍ഡ് കപ്പ് ഈ മാസം ഇരുപതിനാണ് സമാപിക്കുന്നത്. ഇതിനിടെ നാളെ മുതല്‍ 22 വരെ എഎഫ്‌സി കപ്പിന്റെ യോഗ്യതാ റൗണ്ടും നടക്കുന്നുണ്ട്. ഈ മത്സരങ്ങളിലെല്ലാം പങ്കെടുക്കേണ്ടതിനാല്‍ ഇതിനിടെ താരങ്ങളെ ദേശീയ ക്യാമ്പിലേക്ക് വിട്ടുനല്‍കുക അപ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടിയാണ് ക്ലബുകള്‍ കത്തയച്ചിരിക്കുന്നത്.

ഇതു സംബന്ധിച്ച് എഐഎഫ്എഫ് ഇതുവരെ പ്രതികരിക്കാനോ മറുപടി നല്‍കാനോ തയാറായിട്ടില്ല. ലോകത്തെല്ലായിടത്തുമുള്ള ക്ലബുകള്‍ രാജ്യാന്തര മത്സരങ്ങള്‍ക്കായി ഫിഫ ഇന്റര്‍നാഷണല്‍ ബ്രേക്ക് ജലാകത്തിന്റെ സമയത്ത് താരങ്ങളെ വിട്ടുനല്‍കണമെന്നാണ് ഫിഫ നിയമം അനുശാസിക്കുന്നത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ഗെയിംസ്, എഎഫ്‌സി കപ്പ് തുടങ്ങിയവ ഫിഫ ഇന്റര്‍നാഷണല്‍ ബ്രേക്ക് ജാലകത്തിനു പുറത്താണെന്നതിനാല്‍ ഇക്കാര്യത്തില്‍ എഐഎഫ്എഫിന് ക്ലബുകളെ നിര്‍ബന്ധിക്കാനാകില്ലെന്നാണ് ലഭിക്കുന്ന വിവരം

logo
The Fourth
www.thefourthnews.in