വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്‌പെയിനും ജപ്പാനും പ്രീക്വാര്‍ട്ടറില്‍

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: സ്‌പെയിനും ജപ്പാനും പ്രീക്വാര്‍ട്ടറില്‍

ഇരട്ടഗോളുകള്‍ നേടിയ ജെന്നിഫര്‍ ഹെര്‍മോസോയുടെയും ആല്‍ബ റെഡോണ്ടോയുടെയും മിന്നും പ്രകടനമാണ് അവര്‍ക്ക് തുണയായത്. തെരേസ എബെല്ലെയ്‌രയുടെ വകയായിരുന്നു മറ്റൊരു ഗോള്‍

ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടക്കുന്ന ഒമ്പതാമത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്ന് യൂറോപ്യന്‍ കരുത്തരായ സ്‌പെയിനും ഏഷ്യന്‍ ശക്തികളായ ജപ്പാനും. ഇന്നു നടന്ന ഗ്രൂപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ സ്‌പെയിന്‍ സാംബിയയെ തകര്‍ത്തപ്പോള്‍ കോസ്റ്റാറിക്കയെ തുരത്തിയായിരുന്നു ജപ്പാന്റെ നോക്കൗട്ട് പ്രവേശനം.

ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് പടയുടെ ജയം. ഇരട്ടഗോളുകള്‍ നേടിയ ജെന്നിഫര്‍ ഹെര്‍മോസോയുടെയും ആല്‍ബ റെഡോണ്ടോയുടെയും മിന്നും പ്രകടനമാണ് അവര്‍ക്ക് തുണയായത്. തെരേസ എബെല്ലെയ്‌രയുടെ വകയായിരുന്നു മറ്റൊരു ഗോള്‍.

മത്സരത്തിന്റെ ഒമ്പതം മിനിറ്റില്‍ തന്നെ തെരേസയിലൂടെ അവര്‍ മുന്നിലെത്തിയിരുന്നു. പിന്നീട് 13-ാം മിനിറ്റില്‍ ജെന്നിഫര്‍ ലീഡ് രണ്ടാക്കി. ആദ്യ പകുതിയില്‍ രണ്ടു ഗോള്‍ ലീഡില്‍ പിരിഞ്ഞ സ്‌പെയിനു വേണ്ടി രണ്ടാം പകുതിയില്‍ 69, 85 മിനിറ്റുകളില്‍ ആല്‍ബയും 70-ാം മിനിറ്റില്‍ ജെന്നിഫറുമാണ് സ്‌കോര്‍ ചെയ്തത്.

ആദ്യമത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്ത സ്‌പെയിന്‍ ഇതോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായാണ് നോക്കൗട്ട് ഉറപ്പിച്ചത്. എട്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്ത അവര്‍ ഇതുവരെ ഒന്നുപോലും വഴങ്ങിയിട്ടില്ല.

അതേസമയം ഗ്രൂപ്പില്‍ ഇന്നു നടന്ന ആദ്യ മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് കോസ്റ്റാറിക്കയെ വീഴ്ത്തി ജപ്പാന്‍ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ടീമായി മാറി. ഡുനെഡിനിലെ ഫോഴ്‌സിത്ത്ബാര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ നേടിയ രണ്ടു ഗോളുകളാണ് ജപ്പാന് തുണയായത്. 25-ാം മിനിറ്റില്‍ ഹികാരു നാവോമോട്ടായും 27-ാം മിനിറ്റില്‍ ഓബ ഫ്യൂജിനോയുമാണ് അവര്‍ക്കായി ലക്ഷ്യം കണ്ടത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇനി സ്‌പെയിനും ജപ്പാനും ഏറ്റുമുട്ടും. ഇതിലെ വിജയികളാകും ഗ്രൂപ്പ് ജേതാക്കള്‍.

logo
The Fourth
www.thefourthnews.in