വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്പാനിഷ് മുത്തം

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ സ്പാനിഷ് മുത്തം

ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് സ്പാനിഷ് വനിതകള്‍ ലോക ജേതാക്കള്‍. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം

നിറഞ്ഞു കവിഞ്ഞ ഗ്യാലറിക്കു മുന്നില്‍ കാല്‍പ്പന്ത് കളിയുടെ തറവാട്ട്‌വീട്ടുകാരെ തോല്‍പിച്ച് സ്‌പെയിന്‍ വനിതാ ഫുട്‌ബോളിന്റെ കൊടുമുടിയില്‍. ഒമ്പതാമാത് വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഇന്നു നടന്ന കലാശക്കളിയില്‍ ഇംഗ്ലണ്ടിനെതിരേ ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയമാണ് അവര്‍ നേടിയത്. സിഡ്‌നിയിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 29-ാം മിനിറ്റില്‍ നായിക ഓള്‍ഗ കാര്‍മോണ നേടിയ ഗോളാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ഇതാദ്യമായാണ് സ്പാനിഷ് വനിതകള്‍ ലോകകപ്പില്‍ മുത്തമിടുന്നത്. ഇംഗ്ലണ്ടും കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. എന്നാല്‍ മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സ്പാനിഷ് പടയ്ക്കു മുന്നില്‍ ഇംഗ്ലീഷ് വനിതകള്‍ക്ക് മറുപടിയുണ്ടായില്ല. മത്സരത്തില്‍ 11 തവണയാണ് സ്‌പെയിന്‍ ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് ലക്ഷ്യം വച്ചത്. പന്തടക്കത്തിലും അവര്‍ തന്നെയായിരുന്നു മുന്നില്‍.

ഇംഗ്ലീഷ് മുന്നേറ്റങ്ങളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. അഞ്ചാം മിനിറ്റില്‍ തന്നെ സ്പാനിഷ് ഗോള്‍കീപ്പറെ പരീക്ഷിക്കാന്‍ അവര്‍ക്കായി. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ലോറന്‍ ഹെമ്പിന്റെ ഷോട്ട് സ്പാനിഷ് ഗോള്‍കീപ്പര്‍ ക്യാറ്റ കോള്‍ ഏറെ പണിപ്പെട്ട് തട്ടിയകറ്റി. തുടര്‍ന്ന് ആക്രമണം നടത്തിയ ഇംഗ്ലീഷ് താരങ്ങള്‍ക്ക് പക്ഷേ സ്പാനിഷ് പ്രതിരോധം പൊളിക്കാനായില്ല.

ഇതിനിടെ മത്സരത്തില്‍ പതിയെ ആധിപത്യം സ്ഥാപിച്ച സ്‌പെയിന്‍ കളം പിടിക്കുന്നതാണ് പിന്നീട് കണ്ടത്. ആദ്യ 15 മിനിറ്റുകള്‍ക്ക് ശേഷം ആക്രമണം അഴിച്ചുവിട്ട സ്‌പെയിന്‍ മത്സരം അരമണിക്കൂര്‍ പിന്നിടും മുമ്പേ ലക്ഷ്യം കണ്ടു. മത്സരത്തിന്റെ 29-ാം മിനിറ്റിലായിരുന്നു ഗോള്‍.

സ്വന്തം പ്രതിരോധനിരയില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറിയ ഓള്‍ഗ പിഴവില്ലാതെ സ്‌കോര്‍ ചെയ്യുകയായിരുന്നു. ഇതോടെ ലോകകപ്പ് ഫൈനലില്‍ സ്‌കോര്‍ ചെയ്യുന്ന പ്രായം കുറഞ്ഞ നാലാമത്തെ താരമാകാനും ഓള്‍ഗയ്ക്കായി. ലീഡ് നേടിയതോടെ ആത്മവിശ്വാസമാര്‍ജ്ജിച്ച സ്‌പെയിന്‍ പിന്നീട് കളിയുടെ നിയന്ത്രണം പൂര്‍ണമായും ഏറ്റെടുത്തു.

ആദ്യപകുതിയില്‍ ഒരു ഗോള്‍ വഴങ്ങി പിരിഞ്ഞ ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ സമനിലയ്ക്കായി കിണഞ്ഞു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ ലീഡ് ഉയര്‍ത്താന്‍ സ്‌പെയിന് സുവര്‍ണാവസരം ലഭിച്ചതായിരുന്നു. എന്നാല്‍ മുതലാക്കാനായില്ല. 69-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജെനിഫര്‍ ഹെര്‍മോസോ പാഴാക്കിയത് അവര്‍ക്ക് തിരിച്ചടിയായി.

അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി ഇംഗ്ലീഷ് താരങ്ങള്‍ നിരന്തരം ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇളകാതെ നിന്ന സ്പാനിഷ് പ്രതിരോധം കന്നിക്കിരീടം പിടിച്ചെടുക്കുകായിരുന്നു. ഇതാദ്യമായാണ് സ്‌പെയിന്‍ ലോകകപ്പ് ഫൈനലില്‍ എത്തുന്നത് തന്നെ. ആദ്യ ഫൈനലില്‍ തന്നെ കിരീടം ചൂടാനും അവര്‍ക്കായി.

logo
The Fourth
www.thefourthnews.in