കാല്‍മുട്ടിലെ പരുക്ക് ഗുരുതരം; സുവാരസിന്റെ കരിയറിന് അവസാനം?

കാല്‍മുട്ടിലെ പരുക്ക് ഗുരുതരം; സുവാരസിന്റെ കരിയറിന് അവസാനം?

പരുക്ക് ഗുരുതരമാണെന്നും ഒന്നിലധികം ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്നതിനാല്‍ ഒമ്പതു മാസത്തോളം സമയം കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നും ഗ്രെമിയോ ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് അറിയിച്ചു

യുറുഗ്വേ സൂപ്പര്‍ താരം ലൂയിസ് സുവാരസ് ഫുട്‌ബോള്‍ മതിയാക്കേക്കുമെന്നു സൂചന. കാല്‍മുട്ടിനേറ്റ ഗുരുതര പരുക്കാണ് താരത്തിന്റെ കരിയറിനു തന്നെ ഭീഷണിയാകുന്നത്. നിലവില്‍ ബ്രസീല്‍ ക്ലബ് ഗ്രെമിയോയുടെ താരമായ സുവാരസിന് ലീഗ് മത്സരത്തിനിടെയാണ് പരുക്കേറ്റത്. താരത്തിന്റെ പരുക്ക് ഗുരുതരമാണെന്നും ഒന്നിലധികം ശസ്ത്രക്രിയകള്‍ വേണ്ടി വരുമെന്നതിനാല്‍ ഒമ്പതു മാസത്തോളം സമയം കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുമെന്നും ഗ്രെമിയോ ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഗ്യൂയേറ അറിച്ചു.

''പരുക്ക് ഗുരുതരമാണ്. സുവാരസിന് ഈ പരുക്കില്‍ നിന്നു മുക്തി നേടി കളത്തിലേക്ക് തിരിച്ചെത്താനാകുമോയെന്ന് ഉറപ്പില്ല. മരുന്നകളുടെ സഹായത്തിലാണ് അദ്ദേഹമിപ്പോള്‍ വേദന ഒഴിവാക്കുന്നത്. അതിനു പരിധിയുണ്ട്. എത്രകാലം കൂടി ഇങ്ങനെ മരുന്നുകളെ ആശ്രയിക്കാനാകുമെന്ന് ഉറപ്പില്ല. ഒന്നിലധികം ശസ്ത്രക്രിയകള്‍ വേണ്ടി വരും. അതിനു ശേഷം എന്ന് കളത്തിലേക്ക് മടങ്ങി വരാനാകുമെന്നു പറയാനാകില്ല''- ഗ്യുയേറ പറഞ്ഞു.

ബ്രസീല്‍ സീരി എ ഫുട്‌ബോള്‍ ലീഗില്‍ ഗ്രെമിയോയുടെ സൂപ്പര്‍ താരമാണ് സുവാരസ്. 2024 വരെയാണ് ബ്രസീല്‍ ക്ലബുമായി താരം കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതുവരെ 25 മത്സരങ്ങളില്‍ ഗ്രെമിയോയയ്ക്കായി ബൂട്ട് കെട്ടിയ താരം 11 ഗോളുകളും കുറിച്ചിട്ടുണ്ട്. ഈ സീസണ്‍ അവസാനത്തോടെ ബ്രസീല്‍ ക്ലബ് വിട്ട് യുഎസില്‍ മേജര്‍ സോക്കര്‍ ലീഗിലേക്ക് താരം ചേക്കേറുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനു പിന്നാലെയാണ് പരുക്ക് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

logo
The Fourth
www.thefourthnews.in