ബംഗളുരുവിനെതിരേ ഒഡിഷ; സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്

ബംഗളുരുവിനെതിരേ ഒഡിഷ; സൂപ്പര്‍ കപ്പ് ഫൈനല്‍ ഇന്ന്

തങ്ങളുടെ രണ്ടാം സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ബംഗളുരു എഫ്.സി ഇറങ്ങുന്നതെങ്കില്‍ ഒഡിഷ തേടുന്നത് കന്നിക്കിരീടമാണ്.

എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ കലാശപ്പോരാട്ടം ഇന്ന് അരങ്ങേറും. രാത്രി ഏഴിന് കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ബംഗളുരു എഫ്.സിയും ഒഡിഷ എഫ്.സിയും ഏറ്റുമുട്ടും.

സെമിയില്‍ ജംഷഡ്പൂരിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബംഗളുരു എത്തുന്നത്. മറുവശത്ത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒഡിഷയുടെ വരവ്.

ഗ്രൂപ്പ് എയില്‍ ഒരു ജയവും രണ്ട് സമനിലയും അടക്കം അഞ്ചു പോയിന്റായാണ് ബംഗളുരു സെമിയില്‍ എത്തിയത്. അവിടെ ഗ്രൂപ്പ് ഘട്ടത്തില്‍ മുഴുവന്‍ മത്സരവും ജയിച്ച് ഒമ്പത് പോയിന്റ്റുമായെത്തിയ ജംഷഡ്പൂരിനെ രണ്ട് ഗോളുകള്‍ക്ക് അവര്‍ തുരത്തുകയായിരുന്നു.

ഗ്രൂപ്പ് ബിയില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റ്റുമായാണ് ഒഡിഷ സെമി പോരാട്ടത്തിനെത്തിയിരുന്നത്.ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയിന്റ്റുമായിയെത്തിയ നോര്‍ത്ത് ഈസ്റ്റിനെ 3-1 ന് സെമിയില്‍ തോല്‍പ്പിച്ചു.

ഗുരുപ്രീത് സിംഗ്, റോയ് കൃഷ്ണ, സുനില്‍ ചേത്രി, ജാവിയര്‍ ഹെര്‍ണാണ്ടസ്, ബ്രൂണോ എഡ്ഗര്‍ സില്‍വ എന്നിവരില്‍ പ്രതീക്ഷയര്‍പ്പിച്ച് രണ്ടാം ഹീറോ സൂപ്പര്‍ കപ്പ് കിരീടം ലക്ഷ്യമിട്ടാണ് ബാംഗ്ളൂരു ഇറങ്ങുന്നത്. ഇതിനു മുമ്പ് 2018-ല്‍ ഈസ്റ്റ് ബംഗാളിനെ 4-1 ന് പരാജയപ്പെടുത്തിയാണ് അവര്‍ പ്രഥമ ഹീറോ സൂപ്പര്‍ കപ്പ് കിരീടം ചൂടിയത്. സീസണിലെ മൂന്നാം ഫൈനലാണ് സുനില്‍ ചെത്രിക്കും കൂട്ടര്‍ക്കും.

നേരത്തെ ഡ്യൂറണ്ട് കപ്പില്‍ മുംബൈ സിറ്റി എഫ്സിയെ 2-1 ന് തോല്‍പ്പിച്ച് കിരീടം ചൂടിയ അവര്‍ പക്ഷേ ഐ.എസ്.എല്‍ ഫൈനലില്‍ എ ടി കെ മോഹന്‍ ബഗാനോട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ പരാജയപ്പെട്ടിരുന്നു. അതേസമയം ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ഒഡിഷയുടെ വരവ്. വിക്റ്റര്‍ റോഡ്രിഗസ്,പേഡ്രോ,ഡീഗോ മൗരിഷ്യോ,നന്ദ കുമാര്‍,ജെറി തുടങ്ങിയവരിലാണ് അവരുടെ പ്രതീക്ഷകള്‍.

logo
The Fourth
www.thefourthnews.in