വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്കു തോല്‍വി, ഇറ്റലിക്ക് ജയത്തുടക്കം

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്: അര്‍ജന്റീനയ്ക്കു തോല്‍വി, ഇറ്റലിക്ക് ജയത്തുടക്കം

സബ്ബായി ഇറങ്ങിയ ക്രിസ്റ്റിയാന ഗിരെല്ലിയാണ് മത്സരത്തിന്റെ 87-ാം മിനിറ്റില്‍ ഇറ്റലിയുടെ വിജയഗോള്‍ നേടിയത്.

ഒമ്പതാമത് ഫിഫ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് തോല്‍വിയോടെ തുടക്കം. ഇന്നു നടന്ന ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അവര്‍ ഇറ്റലിയോടാണ് തോറ്റത്. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അവരുടെ തോല്‍വി.

സബ്ബായി ഇറങ്ങിയ ക്രിസ്റ്റിയാന ഗിരെല്ലിയാണ് മത്സരത്തിന്റെ 87-ാം മിനിറ്റില്‍ ഇറ്റലിയുടെ വിജയഗോള്‍ നേടിയത്. 84-ാം മിനിറ്റില്‍ കളത്തിലിറങ്ങി വെറും മൂന്നു മിനിറ്റിനുള്ളിലാണ് ക്രിസ്റ്റിയാന വിജയഗോള്‍ കണ്ടെത്തിയത്. ഇടതു വിങ്ങില്‍ നിന്നു ലഭിച്ച ക്രോസ് ഗിരെല്ലി വലയിലേക്ക് ഹെഡ് ചെയ്തിടുകയായിരുന്നു.

ഇറ്റലിക്കു വേണ്ടി ഗിരെല്ലി നേടുന്ന 54-ാം രാജ്യാന്തര ഗോളാണിത്. മത്സരത്തില്‍ അര്‍ജന്റീനയെക്കാള്‍ ആക്രമണത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടു നിന്നത് ഗിരെല്ലിയായിരുന്നു. വിജയഗോള്‍ പിറക്കുന്നതിനു മുമ്പേ ഇരുപകുതികളിലുമായി രണ്ടു തവണ അവര്‍ അര്‍ജന്റീന വലയില്‍ പന്തെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വാര്‍ പരിശോധനയില്‍ ഗോള്‍ നിഷേധിക്കപ്പെട്ടു.

തോറ്റെങ്കിലും റാങ്കിങ്ങിങ്ങില്‍ ഇറ്റലിയെക്കാള്‍ ഏറെ താഴേ(ലോകറാങ്കിങ്ങില്‍ 28)യുള്ള അര്‍ജന്റീന മികച്ച പ്രകടനമാണ് മത്സരത്തില്‍ പുറത്തെടുത്തത്. കരുത്തരായ ഇറ്റലിയുടെ ആക്രമണങ്ങളെ 87 മിനിറ്റു നേരം ചെറുത്തു നില്‍ക്കാന്‍ അര്‍ജന്റീനയ്ക്കായി. എന്നാല്‍ തോല്‍വിയോടെ അവരുടെ നോക്കൗട്ട് പ്രതീക്ഷകള്‍ തുലാസിലായി. സ്വീഡനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേയാണ് ഇനി അവരുടെ അടുത്ത ഗ്രൂപ്പ് മത്സരങ്ങള്‍.

logo
The Fourth
www.thefourthnews.in