ക്ഷീണവും മസില്‍ തളര്‍ച്ചയും; മയാമിയിലേക്കുള്ള മെസിയുടെ മടങ്ങിവരവ് വൈകും

ക്ഷീണവും മസില്‍ തളര്‍ച്ചയും; മയാമിയിലേക്കുള്ള മെസിയുടെ മടങ്ങിവരവ് വൈകും

അടുത്താഴ്ച നടക്കുന്ന യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിലാണ് മെസി പ്രാധാന്യം കല്‍പിക്കുന്നതെന്നും അതിനു മുമ്പ് താരത്തെ ടീമിലേക്ക് തിരികെ വിളിക്കില്ലെന്നും മാര്‍ട്ടിനോ വ്യക്തമാക്കി

അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ് ഇന്റര്‍ മയാമിയിലക്കുള്ള അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ മടങ്ങിവരവ് വൈകും. ടീം കോച്ച് ടാറ്റ മാര്‍ട്ടിനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടുത്ത മസില്‍ തളര്‍ച്ചയും മത്സരാധിക്യവും കാരണം മെസി ക്ഷീണിതനാണെന്നും ഉടനെ അദ്ദേഹത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് ചിന്തിക്കാനാകില്ലെന്നും മാര്‍ട്ടിനോ അറിയിച്ചു.

കഴിഞ്ഞ ദിവസം മെസി ഇല്ലാതെ ഇറങ്ങിയ മയാമി അറ്റ്‌ലാന്റയോട് കനത്ത തോല്‍വിയേറ്റു വാങ്ങിയിരുന്നു. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു മയാമിയുടെ തോല്‍വി. ഇക്കഴിഞ്ഞ ജൂലൈയില്‍ മെസി ടീമിലെത്തിയ ശേഷം മയാമി നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു ഇത്. മയാമിക്കു വേണ്ടി മേജര്‍ ലീഗ്, യുഎസ് ഓപ്പണ്‍ കപ്പ്, ലീഗ്‌സ് കപ്പ് എന്നീ ചാമ്പ്യന്‍ഷിപ്പുകളിലായി ഇതുവരെ 11 മത്സരങ്ങളാണ് മെസി കളിച്ചത്.

ഇതില്‍ 11 ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ലീഗ് കപ്പില്‍ ഏഴു മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും ഒരസിസ്റ്റും കുറിച്ച മെസി യുഎസ് ഓപ്പണ്‍ കപ്പില്‍ രണ്ട് അസിസ്റ്റുകളും നേടി. എംഎല്‍എസില്‍ ഇതുവരെ മൂന്നു മത്സരങ്ങളാണ് കളിച്ചത്. അതില്‍ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

മെസിയില്ലാതെ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകില്ലെന്നത് മേജര്‍ ലീഗില്‍ മയാമിയുടെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുകയാണ്. പക്ഷേ സാഹചര്യം ഇതായിട്ടും മെസിയെ ഉടന്‍ ടീമില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് മാര്‍ട്ടിനോ പറയുന്നത്. അടുത്താഴ്ച നടക്കുന്ന യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലിലാണ് മെസി പ്രാധാന്യം കല്‍പിക്കുന്നതെന്നും അതിനു മുമ്പ് താരത്തെ ടീമിലേക്ക് തിരികെ വിളിക്കില്ലെന്നും മാര്‍ട്ടിനോ വ്യക്തമാക്കി. സെപ്റ്റംബര്‍ 28-ന് ഹൂസ്റ്റണ്‍ ഡൈനാമോയാണ് യുഎസ് ഓപ്പണ്‍ കപ്പില്‍ മയാമിയുടെ എതിരാളികള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in