സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍: രണ്ടാം തോല്‍വി, ഗോകുലം പുറത്ത്

സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍: രണ്ടാം തോല്‍വി, ഗോകുലം പുറത്ത്

മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഗോവന്‍ താരം ഐകര്‍ നേടിയ ഗോളാണ് ഗോകുലത്തിന്റെ വിധിയെഴുതിയത്.

എ.ഐ.എഫ്.എഫ്. സൂപ്പര്‍ കപ്പ് ഫുട്‌ബോളില്‍ സെമി കാണാതെ ഗോകുലം കേരള എഫ്.സി. പുറത്ത്. ഗ്രൂപ്പ് സിയില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയേറ്റു വാങ്ങിയാണ് ഗോകുലം ഒരു മത്സരം ബാക്കിനില്‍ക്കെ തന്നെ പുറത്തേക്കുള്ള വാതില്‍ തുറന്നത്.

ഇന്നു കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഐ.എസ്.എല്‍. ക്ലബ് എഫ്.സി ഗോവയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം തോറ്റത്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ ഗോവന്‍ താരം ഐകര്‍ നേടിയ ഗോളാണ് ഗോകുലത്തിന്റെ വിധിയെഴുതിയത്. നേരത്തെ ആദ്യ മത്സരത്തില്‍ എ.ടി.കെ. മോഹന്‍ ബഗാനോട് ഗോകുലം 5-1ന്റെ തോല്‍വി നേരിട്ടിരുന്നു.

ഇന്ന് വിരസവും ഗോള്‍രഹിതവുമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയില്‍ 90-ാം മിനിറ്റിലാണ് ഗോവയുടെ വിജയഗോള്‍ പിറന്നത്. പതിഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. ആദ്യ പകുതിയില്‍ പറയത്തക്ക മുന്നേറ്റങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. ഇരുകൂട്ടരും ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്തതോടെ മത്സരം ആവേശകരമായി. ഗോവയുടെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. പ്രത്യാക്രമണങ്ങളുമായി ഗോകുലവും കളംനിറഞ്ഞു. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ചകള്‍ ഇരുകൂട്ടര്‍ക്കും തിരിച്ചടിയായി.

ഒടുവില്‍ കളിതീരാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെയാണ് ഗോവയുടെ വിജയഗോള്‍ വന്നത്. ഗോകുലം താരം അബ്ദുള്‍ ഹക്കുവിന്റെ പിഴവില്‍ നിന്നു കിട്ടിയ പന്ത് ഗോവന്‍ താരം നോഹ് ഗോളിലേക്ക് തിരിച്ചുവിട്ടു. എന്നാല്‍ ഗോകുലം ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ് നോഹിന്റെ ഷോട്ട് തടുത്തു. പക്ഷേ ഷിബിന് പന്ത് കൈപ്പിടിയിലൊതുക്കാനായില്ല. റീബൗണ്ട് പിടിച്ചെടുത്ത ഐകര്‍ പിഴവില്ലാതെ സ്‌കോര്‍ ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in