ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം: കരീം ബെൻസേമയും അലക്സിയ പ്യുട്ടെയാസും മികച്ച താരങ്ങള്‍

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം: കരീം ബെൻസേമയും അലക്സിയ പ്യുട്ടെയാസും മികച്ച താരങ്ങള്‍

ആദ്യമായാണ് ബെന്‍സേമ പുരസ്കാരം നേടുന്നത്, അലക്സിയ പുരസ്കാരം സ്വന്തമാക്കുന്നത് തുടര്‍ച്ചയായ രണ്ടാം തവണ

കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോള്‍ താരങ്ങള്‍ക്കുള്ള ബാലണ്‍ ഡി ഓര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയാണ് മികച്ച പുരുഷതാരം. ബാഴ്സിലോണയുടെ അലക്സിയ പ്യുട്ടെയാസ് മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ആദ്യമായാണ് ബെന്‍സേമ പുരസ്കാരം നേടുന്നത്. ബാലണ്‍ ഡി ഓര്‍ നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരം കൂടിയാണ് അദ്ദേഹം. അതേസമയം, തുടര്‍ച്ചയായ രണ്ടാം തവണയാണ് അലക്സിയ പുരസ്കാരം സ്വന്തമാക്കുന്നത്. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട താരങ്ങളിൽ നിന്ന് വോട്ടെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്.

മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാഴ്സിലോണയുടെ ഗാവി സ്വന്തമാക്കി. സാമൂഹിക പ്രതിബദ്ധതയുള്ള താരത്തിനുള്ള സോക്രട്ടീസ് പുരസ്കാരം സെനഗൽ താരം സാദിയോ മാനെയ്ക്ക് ലഭിച്ചു. ബാഴ്സിലോണയുടെ റോബർട്ട് ലെവൻഡോവ്സ്കിക്കാണ് മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം റയൽ മാഡ്രിഡിന്റെ തിബോ കോർട്ടോ സ്വന്തമാക്കി. ക്ലബ്ബ് ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി.

റയലിനെ ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് ലീഗ് കിരീടങ്ങളിലേക്ക് ഫ്രാൻസിനെ യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ച മികവാണ് ബെൻസേമയെ പുരസ്കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ സീസണിൽ റയലിനായി 46 കളികളിൽ നിന്ന് 44 ഗോളുകളാണ് ബെൻസേമ അടിച്ചുകൂട്ടിയത്. സ്പാനിഷ് ലീഗിൽ 27 ഗോളുകളും ചാംപ്യൻസ് ലീഗിൽ 15 ഗോളുകളും നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടശേഷം, കഴിഞ്ഞ അഞ്ച് സീസണുകളിലായി ഇതുവരെ 136 ഗോളുകളാണ് താരം നേടിയത്. കഴിഞ്ഞസീസണിലെ മികച്ച താരത്തിനുള്ള യുവേഫ പുരസ്‌കാരവും ബെന്‍സേമയ്ക്ക് ലഭിച്ചിരുന്നു.

വോട്ടെടുപ്പിൽ ലിവർപൂളിന്റെ മുഹമ്മദ് സലാ, ലെവൻഡോവ്സ്കി, ബയേൺ മ്യൂണിക് താരം സാദിയോ മാനെ, കെവിൻ ഡിബ്രൂയ്നെ, എർലിങ് ഹാലന്ദ് എന്നിവരെ പിന്തള്ളിയാണ് ബെൻസേമ പുരസ്‌കാരം സ്വന്തമാക്കിയത്. അതേ സമയം, നിലവിലെ ജേതാവ് ലയണൽ മെസ്സിക്ക് സാധ്യതാ പട്ടകയിൽ പോലും ഇടംനേടാൻ കഴിഞ്ഞിരുന്നില്ല.180 ഫുട്ബോൾ ജേർണലിസ്റ്റുകൾ അടങ്ങിയ പാനലാണ് ജേതാവിനെ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്തത്.

logo
The Fourth
www.thefourthnews.in