യൂറോ 2024: കാലവും തിരിച്ചടികളും, ഒന്നും മാറിയിട്ടില്ല, ഇതാ ജര്‍മനി...

യൂറോ 2024: കാലവും തിരിച്ചടികളും, ഒന്നും മാറിയിട്ടില്ല, ഇതാ ജര്‍മനി...

യൂറോകപ്പിന്റെ ആദ്യ മത്സരം പൂര്‍ത്തിയാകുമ്പോള്‍ എന്തിനും പോന്ന ആ ജര്‍മനി മടങ്ങിയെത്തിയിരിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്

കപ്പുകളുടെ എണ്ണവും, ലോകോത്തര താരങ്ങളുടെ സാന്നിധ്യവും ഒന്നും വിഷയമല്ല, എതിരാളികളായി മൈതാനത്ത് ജര്‍മനിയെങ്കില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് നെഞ്ചിടിപ്പേറും. ഫുട്‌ബോള്‍ ലോകം വാനോളം വാഴ്ത്തുന്ന ബ്രസീലും, അര്‍ജന്റീനയും ഉള്‍പ്പെടെ ആ ചൂടറിഞ്ഞിട്ടുണ്ട്. യൂറോകപ്പിന്റെ ആദ്യ മത്സരം പൂര്‍ത്തിയാകുമ്പോള്‍ എന്തിനും പോന്ന ആ ജര്‍മനി മടങ്ങിയെത്തിയിരിക്കുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. അരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി യൂറോ കപ്പ് 2024 ല്‍ ജര്‍മനിക്ക് സ്വപ്‌നസമാനമായ തുടക്കം കുറിച്ചിരിക്കുന്നു.

യൂറോ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ജര്‍മനി നേടുന്ന ഏറ്റവും മികവാര്‍ന്ന ജയമായിരുന്നു സ്‌കോട്‌ലന്‍ഡിനെതിരെ ഉദ്ഘാടന മത്സരത്തില്‍ നേടിയത്. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായി ആതിഥേയരുടെ ജയം. പ്രതീക്ഷകള്‍ക്ക് അപ്പുറം ഉള്ള ജയം അതായിരുന്നു ജര്‍മനിയുടെത്. ഇത്തവണ കിരീട സാധ്യത പോലും കല്‍പ്പിക്കാതിരുന്നിടത്തുനിന്നാണ് യുവതാരങ്ങളുടെ കരുത്തില്‍ ജര്‍മനിയുടെ മുന്നേറ്റം.

ഫ്ളാറിയന്‍ വിര്‍ട്സ് (10), ജമാല്‍ മുസിയാല (19),കെയ് ഹാവെര്‍ട്സ് (45+1) , നിക്ലാസ് ഫുള്‍ക്രുഗ് (68),എംറെ കാന്‍ (90+3) എന്നിവര്‍ ജര്‍മനിക്ക് വേണ്ടി സ്‌കോര്‍ ചെയ്തപ്പോള്‍ മത്സരത്തിലുടനീളം നേടിയ ആധിപത്യം നിലനിര്‍ത്താനായി. ഇതിനിടെയാണ് ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോള്‍ സ്‌കോട്ട്ലന്‍ഡിന് ആശ്വാസമായി ലഭിച്ചത്.

യൂറോ 2024: കാലവും തിരിച്ചടികളും, ഒന്നും മാറിയിട്ടില്ല, ഇതാ ജര്‍മനി...
ലോകം ഉറ്റുനോക്കുന്നു ഇവരുടെ ബൂട്ടുകളിലേക്ക്; ഇതാ യൂറോ കപ്പിലെ കൗമാരപ്പട

യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജര്‍മന്‍താരം എന്ന നേട്ടം കൂടി ഫ്ളാറിയന്‍ വിര്‍ട്സ് എന്ന 21-കാരന്‍ സ്വന്തമാക്കി

പത്താംമിനിറ്റിലാണ് ഫ്ളാറിയന്‍ വിര്‍ട്സിലൂടെ ജര്‍മനി യൂറോ 2024 ലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ യൂറോകപ്പില്‍ ഗോള്‍നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ജര്‍മന്‍താരം എന്ന നേട്ടം കൂടി ഫ്ളാറിയന്‍ വിര്‍ട്സ് എന്ന 21-കാരന്‍ സ്വന്തമാക്കി. 19-ാം മിനിറ്റില്‍ ജമാല്‍ മുസിയാല ജര്‍മനിയുടെ ലീഡുയര്‍ത്തി. കളിയുടെ ആധിപത്യം ജര്‍മനി പിടിച്ചെടുത്തു. ആദ്യപകുതിയുടെ അധിക സമയത്ത് ലഭിച്ച പെനാല്‍റ്റി കിക്ക് കെയ് ഹാവെര്‍ട്സാണ് ഗോളാക്കി മാറ്റുകയും ചെയ്തു. രണ്ടാം പകുതിയില്‍ റയാന്‍ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡ് പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ സ്‌കോട്ട്ലന്‍ഡ് കൂടുതല്‍ പരുങ്ങളിലാവുകയായിരുന്നു. കെയ് ഹാവെര്‍ട്സിന് പകരക്കാനായി എത്തിയ നിക്ലാസ് ഫുള്‍ക്രുഗ് കളത്തിലിറങ്ങി മിനിറ്റുകള്‍ക്കകം തന്റെ നിയോഗം പൂര്‍ത്തിയാക്കി ജര്‍മനിയുടെ സ്‌കോര്‍ നാലാക്കി ഉയര്‍ത്തി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് എംറെ കാന്‍ ജര്‍മനി ഗോള്‍ പട്ടിക പൂര്‍ത്തിയാക്കുകയും ചെയ്തു.

യൂറോ 2024: കാലവും തിരിച്ചടികളും, ഒന്നും മാറിയിട്ടില്ല, ഇതാ ജര്‍മനി...
മാറക്കാനയില്‍ മെസിയെ കരയിച്ച ശേഷം പേരിനുപോലും കാണാനില്ല; എവിടെപ്പോയി പേരുകേട്ട ജര്‍മന്‍ മുന്നേറ്റനിര?

അധികം ആയാസപ്പെടാതെ പതിവ് ജര്‍മന്‍ ശൈലിയില്‍ എതിരാളികളെ പിടിച്ചു കെട്ടുന്നതായിരുന്നു ഉദ്ഘാടന മത്സരത്തില്‍ കണ്ടത്. കൃത്യതയാര്‍ന്ന പാസുകളിലൂടെയായിരുന്നു ജര്‍മനി കളം പടിച്ചത്. ലക്ഷ്യത്തിലേക്ക് 21 ഷോട്ടുകളാണ് ജര്‍മനി പായിച്ചത്. 12 എണ്ണം ഗോള്‍ ഷോട്ടുകളായും സ്‌കോട്‌ലന്‍ഡിന്റെ പ്രതിരോധത്തെ മുള്‍മുനയില്‍ നിര്‍ത്തി. ടോണി ക്രൂസ്, ജമാല്‍ മുസിയാല എന്നിവരുടെ പ്രകടനമായിരുന്നു ജര്‍മന്‍ കുതിപ്പിന്റെ അടിസ്ഥാനം. ജര്‍മനിയുടെ 102 പാസുകളില്‍ 101 ടോണിക്രൂസിന്റെ മികവിലായിരുന്നു. എതിര്‍ ടീമിലെ കളിക്കാരില്‍ സമ്മര്‍ദം വര്‍ധിപ്പിച്ച് മികവാര്‍ന്ന ഡ്രിബിളുകളുമായി ജമാല്‍ മുസിയാലയും ജര്‍മന്‍ മുന്നേറ്റത്തിന് കരുത്തുപകര്‍ന്നു.

ആക്രമണ ശൈലിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്തവണ ജര്‍മനി സ്വീകരിച്ച് 4-2-3- ശൈലി. താര പ്രഭയ്ക്കപ്പുറം ടീം സ്പിരിറ്റില്‍ ഉറച്ചുനില്‍ക്കുന്നതായിരുന്നു ജര്‍മനിയുടെ മുന്നേറ്റം. ടോണി ക്രൂസിന്റെ പ്രകടനം തന്നെ ഇതിന് ഉദാഹരണമായിരുന്നു. 99 ശതമാനം കൃത്യത, 1980 ന് ശേഷം പാസുകളില്‍ ഉയര്‍ന്ന പൂര്‍ത്തീകരണ നിരക്കായിരുന്നു ക്രൂസ് സ്വന്തമാക്കിയത്. ഗോള്‍ നേടിയില്ലെങ്കിലും ജര്‍മന്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു ടോണി ക്രൂസ്.

അധികം ആയാസപ്പെടാതെ പതിവ് ജര്‍മന്‍ ശൈലിയില്‍ എതിരാളികളെ പിടിച്ചു കെട്ടുന്നതായിരുന്നു ഉദ്ഘാടന മത്സരത്തില്‍ കണ്ടത്

അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ നേരിട്ട തിരിച്ചടികള്‍ക്ക് ശേഷം ജര്‍മനിയുടെ തിരിച്ചു വരവ് എന്ന നിലയിലാണ് വിജയം ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി പുറത്തായിരുന്നു. കഴിഞ്ഞ യൂറോ ടൂര്‍ണമെന്റില്‍ രണ്ടാം റൗണ്ട് വരെ മാത്രമായിരുന്നു ജര്‍മനിയുടെ സാന്നിധ്യം. എന്നാല്‍ യുവനിരയുടെ കരുത്തില്‍ ഇത്തവണ നേടിയ ആധികാരിക വിജയം പ്രതീക്ഷയുടെ പുതിയ ലോകമാണ് ജര്‍മന്‍ ആരാധകര്‍ക്ക് മുന്നില്‍ തുറക്കുന്നത്.

logo
The Fourth
www.thefourthnews.in