പ്രീസീസണ്‍ ഫ്രണ്ട്‌ലി; അവസാന മിനിറ്റില്‍ മിലാനെ വീഴ്ത്തി മാഡ്രിഡ്

പ്രീസീസണ്‍ ഫ്രണ്ട്‌ലി; അവസാന മിനിറ്റില്‍ മിലാനെ വീഴ്ത്തി മാഡ്രിഡ്

ഇരട്ടഗോളുകള്‍ നേടിയ ഫെഡെറിക്കോ വാല്‍വെര്‍ദെയായിരുന്നു സ്പാനിഷ് ടീമിന്റെ ഹീറോ. വിനീഷ്യസ് ജൂനിയറിന്റെ വകയാണ് അവരുടെ മൂന്നാം ഗോള്‍

യുഎസില്‍ നടന്ന പ്രീ സീസണ്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ എസി മിലാനെതിരേ അവസാന നിമിഷ ഗോളില്‍ വിജയം കൊയ്ത് റയല്‍ മാഡ്രിഡ്. ഇന്നലെ കലിഫോര്‍ണിയയിലെ റോസ്ബൗള്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു റയലിന്റെ ജയം.

ഇരട്ടഗോളുകള്‍ നേടിയ ഫെഡെറിക്കോ വാല്‍വെര്‍ദെയായിരുന്നു സ്പാനിഷ് ടീമിന്റെ ഹീറോ. വിനീഷ്യസ് ജൂനിയറിന്റെ വകയാണ് അവരുടെ മൂന്നാം ഗോള്‍. അതേസമയം മിലാനു വേണ്ടി ഫികായോ ടൊമോറിയും ലൂക്കാ റൊമേറോയുമാണ് ലക്ഷ്യം കണ്ടത്.

മത്സരത്തില്‍ രണ്ടു ഗോളുകള്‍ക്കു ലീഡ് വഴങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് റയലിന്റെ ജയം. മത്സരത്തിന്റെ 25-ാം മിനിറ്റില്‍ ടൊമോറിയിലൂടെ മിലാണ് ആദ്യ വെടിപൊട്ടിച്ചത്. യു.എസ്. താരം ക്രിസ്റ്റിയന്‍ പുലിസിച്ചാണ് ടൊമോറിക്ക് ഗോളിലേക്കുള്ള വഴിതുറന്നു നല്‍കിയത്. ലീഡ് വഴങ്ങിയ ശേഷവും ഉണര്‍ന്നു കളിക്കാന്‍ കൂട്ടാക്കാഞ്ഞ റയലിനെ ഞെട്ടിച്ച് മിലാന്‍ ആദ്യ പകുതിയില്‍ തന്നെ രണ്ടാം ഗോളും നേടി.

മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ഡേവിഡ് കലാബ്രിയയുടെ പാസില്‍ നിന്ന് റൊമേറോയാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതിയില്‍ തന്നെ രണ്ടു ഗോള്‍ ലീഡ് നേടാന്‍ മിലാനായി. ഇടവേളയില്‍ 0-2 എന്ന നിലയില്‍ തലകുനിച്ചു മടങ്ങിയ റയലിന്റെ തിരിച്ചുവരവിനാണ് രണ്ടാം പകുതിയില്‍ റോസ്ബൗള്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.

57-ാം മിനിറ്റില്‍ വാല്‍വെര്‍ദെയാണ് അവരുടെ തിരിച്ചുവരവിന് തുടക്കമിട്ടത്. റോഡ്രിഗോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടു മിനിറ്റിനകം വാല്‍വെര്‍ദെ തന്നെ ടീമിനെ ഒപ്പമെത്തിക്കുകയും ചെയ്തു. ബോക്‌സിനു പുറത്ത് നിന്ന് ഒരു വലങ്കാലനടിയിലൂടെയായിരുന്നു വാല്‍വെര്‍ദെയുടെ ഫിനിഷിങ്. പിന്നീട് വിജയഗോളിനായി ഇരുടീമുകളും കിണഞ്ഞു പൊരുതുകയായിരുന്നു. ഒടുവില്‍ 84-ാം മിനിറ്റില്‍ വിനീഷ്യസ് റയലിനായി ലക്ഷ്യം കണ്ടു. ലൂക്കാ മോഡ്രിച്ചിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. ശേഷിച്ച മിനിറ്റുകളില്‍ മിലാന്റെ സമനില ശ്രമങ്ങളെ ഫലപ്രദമായി ചെറുത്ത റയല്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in