ഇത് മെസി 'വീട്ടിലെത്തിക്കുന്ന ആദ്യ' ബാലണ്‍ ഡി ഓറോ?

ഇത് മെസി 'വീട്ടിലെത്തിക്കുന്ന ആദ്യ' ബാലണ്‍ ഡി ഓറോ?

ഈ ട്രോഫി സ്വന്തമായി സൂക്ഷിക്കാനാണ് താല്‍പര്യപ്പെടുന്നതെങ്കില്‍ ഒരുപക്ഷേ സ്വവസതിയില്‍ മെസി എത്തിക്കുന്ന 'ആദ്യ' ബാലണ്‍ ഡി ഓര്‍ ആയിരിക്കുമിത്.

അര്‍ജന്റീന്‍ ഇതിഹാസം ലയണല്‍ മെസിയെപ്പോലെ എണ്ണിയാല്‍ തീരാത്ത കിരീട ജയങ്ങള്‍ നേടുന്ന താരങ്ങള്‍ക്ക് ഏറ്റവും വലിയ തലവേദന ആ അംഗീകാരങ്ങള്‍ സൂക്ഷിക്കുന്ന കാര്യം ഓര്‍ത്താകും. ഒരോ പുരസ്‌കാരവും കിരീടവും അമൂല്യമായതിനാല്‍ അവ അലക്ഷ്യമായി ഇട്ടെറിയാന്‍ കഴിയില്ല. ഒരോന്നിനും അതിന്റേതായ പ്രാധാന്യവും ബഹുമാനവും നല്‍കി സൂക്ഷിക്കാന്‍ അത്രതന്നെ പ്രധാനപ്പെട്ട ഒരിടവും ഒരുക്കണം.

കരിയറില്‍ 44 കിരീടങ്ങള്‍ നേടിയ താരമാണ് മെസി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മാത്രം ഏറ്റുവാങ്ങിയത് ലോകകപ്പ് കിരീടം, അമേരിക്കന്‍ ലീഗ് കിരീടം എന്നിവയാണ്. അതിന്റെ കൂടെ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ഡി ഓറും, അതും റെക്കോഡ് എട്ടാം തവണ. ഇതെല്ലാം എവിടെയായിരിക്കും മെസി സൂക്ഷിക്കുന്നത്?

ഏഴ് ബാലണ്‍ ഡി ഓര്‍ തന്റെ പ്രിയപ്പെട്ട ക്ലബിന്

ട്രോഫി ക്യാബിനറ്റ് ഒരുക്കുന്നതില്‍ പല വിചിത്ര സ്വഭാവരീതികള്‍ പിന്തുടരുന്നവരാണ് ലോക ഫുട്‌ബോളിലെ പല താരങ്ങളും. കണ്ണാടിച്ചില്ലുകള്‍ പതിച്ച ഷെല്‍ഫില്‍ സൂക്ഷിക്കുന്നവരെക്കാള്‍ കൂടുതല്‍ അത്തരക്കാരാണെന്നു പറയേണ്ടി വരും. ചില്ലുകൊണ്ടുണ്ടാക്കിയ കിടക്കയ്ക്കടിയില്‍ ട്രോഫികള്‍ സൂക്ഷിച്ച് അതിനു മുകളില്‍ ഉറങ്ങുന്നവരും, വീട്ടിലെ സ്വീകരണ മുറിയുടെ നിലം ചില്ല് പതിച്ച് അതിനടിയില്‍ സൂക്ഷിക്കുന്നവരും അങ്ങനെ പല രീതികള്‍ പിന്തുടരുന്നവരുടെ കഥകള്‍ കേട്ടിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് മെസി ചിന്തിച്ചത്. ഇതിനു മുമ്പ് ഇതുവരെ താന്‍ നേടിയ ഏഴു ബാലണ്‍ ഡി ഓറില്‍ ഒന്നുപോലും താരം സ്വന്തമായി സൂക്ഷിക്കുന്നില്ല. ഏഴും തന്റെ പ്രിയപ്പെട്ട ക്ലബായ ബാഴ്‌സലോണയ്ക്ക് തിരികെ നല്‍കുകയാണ് മെസി ചെയ്തത്. ബാഴ്‌സ തങ്ങളുടെ ട്രോഫി മ്യൂസിയത്തില്‍ തങ്ങളുടെ എക്കാലത്തെയും മികച്ച താരത്തിന്റെ ആ നേട്ടങ്ങള്‍ അഭിമാനത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ബാഴ്‌സലോണ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മെസിയുടെ ബാലണ്‍ ഡി ഓര്‍ ട്രോഫികള്‍.
ബാഴ്‌സലോണ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മെസിയുടെ ബാലണ്‍ ഡി ഓര്‍ ട്രോഫികള്‍.

ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ്‌നൗ സന്ദര്‍ശിക്കുന്ന ആരാധകര്‍ക്കും യുവതാരങ്ങള്‍ക്കും പുതിയ സൈനിങ്ങില്‍ എത്തുന്ന താരങ്ങള്‍ക്കുമെല്ലാം മ്യൂസിയം സന്ദര്‍ശിച്ച് ഇവ നേരില്‍ക്കാണാന്‍ അവസരവുമുണ്ട്. യുവതാരങ്ങളായ യാവോ കാന്‍സെലോ, യാവോ ഫെലിക്‌സ് എന്നിവര്‍ ബാഴ്‌സലോണയുമായി കരാര്‍ ഒപ്പിട്ട ശേഷം അര്‍ജന്റീന ഇതിഹാസത്തിന്റെ ബാലണ്‍ ഡി ഓര്‍ കിരീടത്തിനു സമീപം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായിരുന്നു.

ബാലണ്‍ ഡി ഓര്‍ കിരീടങ്ങള്‍ക്കു പുറമേ ബാഴ്‌സയിലുള്ള കാലഘട്ടത്തില്‍ നേടിയ ആറ് യൂറോപ്യന്‍ ഗോള്‍ഡണ്‍ ഷൂ പുരസ്‌കാരങ്ങളും മെസി ബാഴ്‌സ മ്യൂസിയത്തിനാണ് നല്‍കിയത്. ഇതിനൊപ്പം സ്വന്തമാക്കിയ രണ്ട് ക്ലബ് ലോകകപ്പ് ഗോള്‍ഡണ്‍ ബോള്‍, എട്ട് പിച്ചീച്ചി ട്രോഫികള്‍, ആറ് ലാ ലിഗ ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡുകളില്‍ അഞ്ചെണ്ണം എന്നിവയും ബാഴ്‌സ മ്യൂസിയത്തിന് മെസി സംഭാവന നല്‍കിയിട്ടുണ്ട്. ലാ ലിഗ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡില്‍ ഒരെണ്ണം അര്‍ജന്റീനയിലും പിഎസ്ജിയിലും തന്റെ സഹതാരവും അടുത്ത സുഹൃത്തുമായ ലിയാന്‍ഡ്രോ പരേഡസിനാണ് മെസി നല്‍കിയത്. ബാഴ്‌സലോണ വിട്ട് പിഎസ്ജിയിലെതതിയ മെസിയോട് താന്‍ ആ ട്രോഫി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് പരേഡസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ആ ഗോള്‍ഡണ്‍ ബോള്‍ അര്‍ജന്റീനയ്ക്ക്

ലോക ഫുട്‌ബോളില്‍ രണ്ടു തവണ ലോകകപ്പ് ഗോള്‍ഡണ്‍ ബോള്‍ നേടിയ ഒരേയൊരു താരമാണ് ലയണല്‍ മെസി. 2014-ലും 2022-ലുമായിരുന്നു മെസിയുടെ ഗോള്‍ഡണ്‍ ബോള്‍ നേട്ടം. 2014-ല്‍ കൈയെത്തും ദൂരത്ത് ലോകകിരീടം നഷ്ടപ്പെട്ടപ്പോഴാണ് മെസിയെത്തേടി ഗോള്‍ഡണ്‍ ബോള്‍ പുരസ്‌കാരം എത്തിയത്. ഒരുപക്ഷേ ലോകകപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ആകും ഒരു താരം അങ്ങേയറ്റം നൈരാശ്യത്തോടെ ഗോള്‍ഡണ്‍ ബോള്‍ ഏറ്റുവാങ്ങിയിരിക്കുക.

അതിനു ശേഷം പിന്നീ 2022-ല്‍ ഖത്തറിന്റെ മണ്ണിലാണ് ഒരിക്കല്‍ക്കൂടി മെസി ആ പുരസ്‌കാരം സ്വീകരിച്ചത്. തന്റെ കരിയര്‍ പൂര്‍ണമാക്കിയ ലോകകപ്പ് കിരീടനേട്ടത്തിന്റെ തിളക്കത്തിലാണ് മെസി വീണ്ടും ഗോള്‍ഡണ്‍ ബോളില്‍ സ്പര്‍ശിച്ചത്. തന്റെയും അര്‍ജന്റീനയുടെയും സ്വപ്‌നം സഫലമാക്കിയ ലോകകപ്പ് ജയം തന്റെ മാത്രം പ്രയത്‌നം കൊണ്ടല്ലെന്നും ടീമിന്റെ മൊത്തം പ്രയത്‌നം ആണെന്നും പലകുറി പറഞ്ഞ വ്യക്തമാക്കിയിട്ടുള്ള മെസി ആ ഗോള്‍ഡണ്‍ ബോള്‍ സമ്മാനിച്ചത് ടീം അര്‍ജന്റീനയ്ക്കാണ്. ആ ട്രോഫി ഇപ്പോള്‍ അര്‍ജന്റീന തലസ്ഥാനമായ ബ്യൂണേഴ്‌സ് ഐറിസിലെ അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനത്തെ ട്രോഫി ക്യാബിനറ്റിലാണുള്ളത്. നേടിയ രണ്ടു ഗോള്‍ഡണ്‍ ബോളുകളില്‍ ഒന്നുമാത്രമാണ് മെസി സൂക്ഷിക്കുന്നത്.

എട്ടാം ബാലണ്‍ ഡി ഓര്‍ എന്ത് ചെയ്യും?

ഇക്കഴിഞ്ഞ കലണ്ടര്‍ വര്‍ഷം നടത്തിയ മിന്നും പ്രകടനത്തിനാണ് എട്ടാമതും മെസിയെത്തേടി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരമെത്തിയത്. ഈ കാലയളവില്‍ മെസി കളിച്ചത് ഫ്രഞ്ച് ക്ലബ് പിഎസ്ജിയ്ക്കും അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍മയാമിക്കും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനും വേണ്ടിയാണ്. അതിനാല്‍ത്തന്നെ ഇക്കുറി ബാലണ്‍ ഡി ഓര്‍ ബാഴ്‌സ മ്യൂസിയത്തിലേക്ക് പോകില്ല.

മെസി ഈ ട്രോഫി തന്റെ നിലവിലെ ക്ലബായ ഇന്റര്‍ മയാമിയിലേക്കു കൊണ്ടു പോകുമോ അതോ അര്‍ജന്റീനയിലേക്കു കൊണ്ടുപോകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മയാമിയുടെ ട്രോഫി ക്യാബിനറ്റിലേക്ക് ഈ ട്രോഫി നല്‍കാന്‍ സാധ്യതയില്ലെന്നാണ് മെസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകകപ്പ് നേട്ടമാണ് മെസിയെ ഈ പുരസ്‌കാരത്തിന് അര്‍ഹനാക്കിതെന്നത് നിസ്തര്‍ക്കമായ കാര്യമായതിനാല്‍ അര്‍ജന്റീനയുടെ ട്രോഫി ക്യാബിനറ്റിലേക്ക് നല്‍കാനാണ് ഏവരും സാധ്യത കല്‍പിക്കുന്നത്. ഇനി ഒരുപക്ഷേ ഈ ട്രോഫി സ്വന്തമായി സൂക്ഷിക്കാനാണ് മെസി താല്‍പര്യപ്പെടുന്നതെങ്കില്‍ സ്വവസതിയില്‍ മെസി എത്തിക്കുന്ന ആദ്യ ബാലണ്‍ ഡി ഓര്‍ ആയിരിക്കുമിത്.

logo
The Fourth
www.thefourthnews.in