ആംസ്‌ട്രോങ് കാല്‍കുത്തിയപ്പോള്‍ ചന്ദ്രനോളം വളര്‍ന്ന പെലെ

ആംസ്‌ട്രോങ് കാല്‍കുത്തിയപ്പോള്‍ ചന്ദ്രനോളം വളര്‍ന്ന പെലെ

ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കു പോയി മനുഷ്യരാശിക്കു വേണ്ടി രണ്ടുപേര്‍ ചരിത്രം കുറിച്ച ദിനത്തില്‍ വെറും മണ്ണില്‍ ചന്ദ്രനോളം വളരുകയായിരുന്നു പെലെ.

വിഖ്യാതമായ മാരക്കാന സ്‌റ്റേഡിയത്തിനെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടായിരുന്നു ആ പെനാല്‍റ്റി ഗോള്‍വലയെ ചുംബിച്ചത്. ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയിലെ സ്‌റ്റേഡിയത്തില്‍ സാൻ്റോസും വാസ്‌കോ ഡ ഗാമയും തമ്മിലുള്ള മത്സരത്തിൻ്റെ 78-ാം മിനിറ്റിലായിരുന്നു ആ പെനാല്‍റ്റി. കിക്കെടുത്തത് പെലെ ആയിരുന്നതു കൊണ്ടു മാത്രമല്ല ആ ഗോള്‍ ഇപ്പോഴും ആരാധകര്‍ നെഞ്ചേറ്റാന്‍ കാരണം, ലോക ഫുട്‌ബോളിൻ്റെ കറുത്ത മുത്ത് കുറിക്കുന്ന ആയിരാം ഗോള്‍ കൂടിയായിരുന്നു അത്.

സ്‌കോര്‍ ചെയ്ത് നിമഷങ്ങള്‍ക്കള്‍ക്കകം ഗ്യാലറിയില്‍ നിന്ന് ഇരച്ചെത്തിയ ആരാധകരുടെ ചുമലിലായി പെലെ. ബ്രസീല്‍ സമയം വൈകിട്ട് എട്ടു മണിക്കായിരുന്നു അത്. അതിനു വെറും മൂന്നു മണിക്കൂര്‍ മുമ്പായിരുന്നു അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞരായ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും ചന്ദ്രനില്‍ കാല്‍കുത്തി ചരിത്രം സൃഷ്ടിച്ചത്. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കു പോയി മനുഷ്യരാശിക്കു വേണ്ടി രണ്ടുപേര്‍ ചരിത്രം കുറിച്ച ദിനത്തില്‍ വെറും മണ്ണില്‍ ചന്ദ്രനോളം വളരുകയായിരുന്നു പെലെ. പിറ്റേന്ന് ബ്രസീലിലും അര്‍ജൻ്റീനയിലുമുൾപ്പെടെ മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിൽ പുറത്തിറങ്ങിയ പത്രങ്ങളുടെ ഒന്നാം താളില്‍ ആംസ്‌ട്രോങ്ങിനും മുകളിലായിരുന്നു പെലെ എന്നത് ആ നേട്ടത്തിൻ്റെ തിളക്കം വ്യക്തമാക്കുന്നു.

പെലെയെ സംബന്ധിച്ച് പാരമ്പര്യം വാക്കുകളേക്കാള്‍ പ്രവൃത്തികളിലാണ്. തൻ്റെ സമപ്രായക്കാരനും ഒരുപക്ഷേ പെലെ എന്ന ഇതിഹാസവുമായി ചേര്‍ത്തുവയ്ക്കാവുന്ന ഒരേയൊരു കായികതാരവുമായ മുഹമ്മദ് അലിയില്‍ നിന്ന് വ്യത്യസ്തമായി, പെലെ ഒരിക്കലും തൻ്റെ വ്യക്തിത്വത്തിൽ കാവ്യാത്മകതയെ ഇഴ ചേർത്തിട്ടില്ല.

അലിയുടെ മഹത്തായ ഉദ്ധരണികളുടെ ഏത് പട്ടിക പരിശോധിച്ചാലും അതു രസകരമായിരിക്കും. എന്നാല്‍ പെലെയുടേത് മറിച്ചാണ്;തിരഞ്ഞെടുക്കാന്‍ അത്രയൊന്നും ഉണ്ടാകില്ല. 2002 ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരന്‍ നിക്കി ബട്ടാണെന്ന് അദ്ദേഹം പറഞ്ഞത് ഏറെ പരിഹാസ്യമാണെന്ന് ഇന്നു തോന്നാം.

അതുകൊണ്ടു തന്നെ വാക്കുകളിലൂടെയല്ല പെലെയെ അളക്കേണ്ടത്. ഫുട്‌ബോള്‍ മൈതാനത്ത് 1956 മുതല്‍ 1969 വരെയുള്ള വര്‍ഷങ്ങളില്‍ ഒന്നില്‍ നിന്ന് ആയിരം വരെ ഗോളുകള്‍ അടിച്ചുകൂട്ടിയ പ്രകടനത്തിലൂടെയാണ്. പുല്‍മൈതാനങ്ങളില്‍ താരങ്ങള്‍ പിറക്കുകയും അസ്തമിക്കുകയും ചെയ്ത കാലങ്ങളിലെല്ലാം ഏവര്‍ക്കും മീതേ ചക്രവര്‍ത്തിയായി പെലെ നിലനിന്നതിന് കാരണവും അതുതന്നെ.

കറുപ്പ് നിറം അവമതിപ്പുകള്‍ നേരിടുന്ന കാലത്ത് കറുത്തവനായ ബ്രസീലിയൻ്റെ മകനായി പിറന്ന എഡ്‌സണ്‍ അരാൻ്റസ് ഡൊ നാസിമെൻ്റോ ഇന്നത്തെ പെലെയായി വളര്‍ന്നത് അമ്മ ഉപേക്ഷിച്ച സോക്‌സുകളില്‍ പഴന്തുണി നിറച്ച് തട്ടിക്കളിച്ചാണെന്നു പറഞ്ഞാല്‍ ഇന്നു ലോകം അത്ഭുതപ്പെടും.

എന്നാല്‍ ബ്രസീലിലെ അരൂബ തെരുവകളില്‍ ഇന്നും ആ ആറു വയസുകാരൻ്റെ ഗോളാരവങ്ങള്‍ മുഴുങ്ങിക്കേള്‍ക്കാം. നിറത്തിൻ്റെയും വംശത്തിൻ്റെയും പേരിൽ അവമതിപ്പുകളും അവജ്ഞയും നേരിടുന്ന കാലത്ത് കറുത്തവരുടെ ലോകം പെലെയില്‍ ഒരു പോരാളിയെ കണ്ടെത്തുകയായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ക്ക് അന്ന് വർണരാജിയേകിയത് കറുത്ത് മെലിഞ്ഞ ഒരു പതിനാറുകാരൻ്റെ കാല്‍ ചലനങ്ങളാണ്.

'ജോഗോ ബൊനീറ്റോ'യെന്നു വിളിച്ചു ലോകം വാഴ്ത്തിയ മനോഹര ഫുട്‌ബോളിൻ്റെ വക്താവ് ആരെന്ന ചോദ്യത്തിന് കളി നിര്‍ത്തി അരനൂറ്റാണ്ട് പിന്നിട്ടിട്ടും പെലെയെന്ന പേര് മാത്രമാണ് ഇപ്പോഴും ഉയര്‍ന്നു കേള്‍ക്കുന്നത്.

ബ്രസീലിലെ കറുത്തവരുടെ താളമായ 'ജിംഗാ' സ്‌റ്റൈലിലൂടെ കൈയൂക്കിൻ്റെ കളിയായ ഫുട്‌ബോളിനെ സൗന്ദര്യവത്കരിച്ചതും മറ്റാരുമല്ല. അതിനും പുറമേ ഫുട്‌ബോള്‍ എന്നത് ഒറ്റയാന്‍ പോരാട്ടമല്ലെന്നും കൂട്ടായ കളിയാണെന്നും ലോകത്തെ ബോധ്യപ്പെടുത്താനും പെലെ വേണ്ടി വന്നു. 1958 മുതലുള്ള 11 വര്‍ഷങ്ങള്‍ക്കിടയില്‍ പെലെ-ഗാരിഞ്ച-ദിദി-വാവ-ജഴ്‌സിഞ്ഞോ എന്നിവര്‍ മാറിമാറി പന്തുതട്ടി ലോകത്തെ മുഴുവന്‍ ദീര്‍ഘചതുര കുമ്മായക്കളത്തിനുള്ളിലേക്ക്‌ ആവാഹിക്കുകയായിരുന്നു.

ബ്രസീല്‍ സംസ്‌കാരത്തിൻ്റെ ഭാഗമാണ് നൃത്തവും സംഗീതവും താളവും. അതിനൊപ്പം ബ്രസീലിലെ ആഫ്രിക്കന്‍ വംശജരുടെ ആയോധന കലയെയായ കാപോരിയയെക്കൂടി സമന്വയിപ്പിച്ചു വികസിപ്പിച്ച കേളി ശൈലിയെയാണ് ലോകം 'ജിംഗാ' എന്നു വിളിച്ച് ആരാധിച്ചത്. മെയ്‌വഴക്കവും വേഗതയുമാണ് ഈ ശൈലിയുടെ പ്രത്യേകത.

1950-ലെ 'മാരക്കാന ദുരന്ത'ത്തിന് ശേഷം ബ്രസീലുകാര്‍ പോലും വെറുത്ത ഈ ശൈലിയിയെ ലോകപ്രിയമാക്കി മാറ്റിയത് പെലെയാണ്. എതിരാളികള്‍ കണ്ണുചിമ്മും മുമ്പേ ഗോളടിക്കാന്‍ പെലെയെ സഹായിച്ചതും ആ ശൈലിയിലെ പ്രാവീണ്യമാണ്. 1958 ലോകകപ്പ് ഫൈനലില്‍ സ്വന്തം ടീമിനെതിരേ പെലെ നേടിയ ഗോളുകള്‍ കണ്ട് എഴുന്നേറ്റുനിന്ന് കൈയടിക്കാന്‍ സ്വീഡിഷ് രാജാവിനെ പോലും പ്രേരിപ്പിച്ചത് ആ ശൈലിയില്‍ പെലെ കാഴ്ചവച്ച മാസ്മരികതയാണ്. 'വിസ്മയം' എന്നാണ് പെലെയുടെ പ്രകടനത്തെ സ്വീഡിഷ് മാധ്യമങ്ങള്‍ അന്നു വാഴ്ത്തിയത്.

പിന്നീട് 1962-ലും 1970-ലും ലോകം ആ മാസ്മരികത കണ്ടറിഞ്ഞു. പെലെയെ കളിച്ചു ജയിക്കാനാവില്ലെന്നു മനസിലാക്കിയ എതിരാളികള്‍ കളത്തിനുള്ളില്‍ കലാപമുണ്ടാക്കുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.

ഫുട്‌ബോള്‍ തട്ടി കോടികള്‍ വാരിക്കൂട്ടിയിട്ടും തൻ്റെ പൂര്‍വകാലം വിസ്മരിക്കാതിരുന്നതും പെലെയെ മറ്റുള്ളവരില്‍ നിന്നു മാറ്റിനിര്‍ത്തുന്നു. 2005-ല്‍ ഒരു ടിവി ഷോയില്‍ പരാജയപ്പെട്ടപ്പോള്‍ സ്വയം ശിക്ഷ തെരഞ്ഞെടുക്കാനുള്ള അവസരത്തില്‍ ''പത്തു കുട്ടികള്‍ക്കു ഷൂ പോളിഷ് ചെയ്തു കൊടുക്കാം. അത് എൻ്റെ ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും'' -എന്നാണ് പെലെ പറഞ്ഞത്.

പെലെ എന്നോര്‍ക്കുമ്പോള്‍ കുഞ്ഞു പൈതലിനെയാണ് ഓര്‍മവരുന്നത് എന്നു 'ചിരവൈരി'യായ മറഡോണയെക്കൊണ്ടു പറയിച്ചതും അദ്ദേഹത്തിന്റെ മഹത്വമാണ്. കുട്ടികളെപ്പോലെയായിരുന്നു പെലെ എന്നും. ബ്രസീല്‍ ടീമിൻ്റെ വിജയങ്ങളില്‍ മതിമറന്ന് ആഹ്‌ളാദിക്കുകയും തോല്‍വികളില്‍ പൊട്ടിക്കരയുകയും ചെയ്ത ഒരു 'മനുഷ്യൻ'

തന്റെ ആത്മകഥയായ 'പെലെ'യുടെ സഹരചയിതാവ് അലക്‌സ് ബെല്ലോസിനോട് ഒരിക്കല്‍ പെലെ പറഞ്ഞു 'എഡ്‌സണ്‍ അരാൻ്റസ് ഡൊ നാസിമെൻ്റോ ഒരു വികാരമുള്ള പച്ച മനുഷ്യനാണ്. അയാള്‍ക്ക് കുടുംബമുണ്ട്. അവര്‍ക്കുവേണ്ടി അധ്വാനിക്കുന്നവനാണ്. എല്ലാ സുഖദുഃഖങ്ങളും ബാധിക്കുന്നവനാണ്. പക്ഷേ പെലെ ഒരു ബിംബമാണ്. പെലെ ഒരിക്കലും മരിക്കില്ല. എഡ്‌സണ്‍ ഒരു ദിവസം മരിച്ചു മണ്ണടിയുന്ന മനുഷ്യനാണ്'.

ആ വാക്കുകള്‍ സത്യമായി. ഇപ്പോള്‍ മരിച്ചത് എഡ്‌സണ്‍ അരാൻ്റസ് ഡൊ നാസിമെൻ്റോയാണ്. പെലെയ്ക്ക് മരണമില്ല. ഭൂമിയിൽ കാൽപ്പന്തുരുളുന്ന കാലത്തോളം പെലെ ജീവിക്കും, ആരാധക ഹൃദയങ്ങളിൽ.

logo
The Fourth
www.thefourthnews.in