അര്‍ജന്റീനയെ വിമര്‍ശിക്കാന്‍ വരട്ടെ; കളിച്ചുജയിച്ചത് ഏഴു ദിവസം പ്രായമുള്ള പുല്ലിനോട്‌!

അര്‍ജന്റീനയെ വിമര്‍ശിക്കാന്‍ വരട്ടെ; കളിച്ചുജയിച്ചത് ഏഴു ദിവസം പ്രായമുള്ള പുല്ലിനോട്‌!

കാനഡ പോലൊരു ടീമിനെതിരേ ഗോള്‍വര്‍ഷം നടത്താന്‍ മെസിപ്പടയ്ക്ക് കഴിഞ്ഞില്ല. ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി.

മൂന്നു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2021 ജൂണ്‍ 14-ന് കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കളിക്കാനിറങ്ങുമ്പോള്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം നേരിട്ട ചോദ്യങ്ങളിതായിരുന്നു... കപ്പ് അടിച്ചിട്ട് എത്ര വര്‍ഷമായി, കളര്‍ ടിവിയില്‍ കണ്ട ഒരു കിരീട നേട്ടമുണ്ടോ?... പരിശീലകന്‍ ലയണല്‍ സ്‌കലോണിയും നായകന്‍ ലയണല്‍ മെസിയും അതിന് ഉത്തരം നല്‍കിയത് വിഖ്യാതമായ മാറക്കാന സ്‌റ്റേഡിയത്തില്‍ ആതിഥേയരായ ബ്രസീലിന്റെ കണ്ണീര്‍വീഴ്ത്തി കിരീടം ചൂടിക്കൊണ്ടായിരുന്നു.

അതിന് ഒരു വര്‍ഷത്തിനു ശേഷം 2022 നവംബര്‍ 22-ന് ലോകകപ്പ് ഫുട്‌ബോള്‍ വേദിയില്‍ അവര്‍ ഇറങ്ങി. അന്നും ഉയര്‍ന്നുകേട്ടു ചോദ്യങ്ങള്‍... ലോകകിരീടം കണ്ടിട്ട് എത്രനാളായി, കവിത എഴുതിയാല്‍ കപ്പ് കിട്ടുമോ, എന്നൊക്കെ. ആദ്യ മത്സരത്തില്‍ത്തന്നെ കുഞ്ഞന്മാരായ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയതോടെ പരിഹാസ ശരങ്ങളുടെ മൂര്‍ച്ചയുമേറി.

അതിനും അവര്‍ മറുപടി നല്‍കി... ഡിസംബര്‍ 18-ന് ലുസെയ്ല്‍ സ്‌റ്റേഡിയത്തിന്റെ നടുവില്‍ നിന്ന് അവര്‍ ലോകത്തിന്റെ നെറുകയില്‍ ചവുട്ടി... മൂന്നു പതിറ്റാണ്ടുകാലം ആ ടീമിനൊപ്പം ഉറച്ചുനിന്ന ആരാധകര്‍ അന്ന് അവരെ പേരു ചൊല്ലി വിളിച്ചു... 'സ്‌കലോനേറ്റ'യെന്ന്...

കാനഡ പോലൊരു ടീമിനെതിരേ ഗോള്‍വര്‍ഷം നടത്താന്‍ മെസിപ്പടയ്ക്ക് കഴിഞ്ഞില്ല. ചുരുങ്ങിയത് 11 ഗോളുകള്‍ക്കെങ്കിലും ജയിക്കേണ്ടിയിരുന്ന മത്സരമാണതെന്നതു തീര്‍ച്ചയാണ്. ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി. എന്നാല്‍ ഇതുകൊണ്ടു മാത്രം ഈ അര്‍ജന്റീനയെ എഴുതിത്തള്ളാനാകുമോ?

തൂവെള്ളയില്‍ ആകാശനീലിമ ചാലിച്ച് അര്‍ജന്റീന പന്ത് തട്ടാനിറങ്ങുമ്പോള്‍ എന്നും വിമര്‍ശനങ്ങള്‍ പതിവാണ്. കളിയുടെ ചാരുതയില്‍ അവരെ വെല്ലാന്‍ കഴിയാതെ വരുമ്പോള്‍ വിമര്‍ശകര്‍ തലങ്ങുംവിലങ്ങും വാളോങ്ങും. ഡീഗോ മറഡോണയുടെ കാലം മുതല്‍ അത് കണ്ടുവരുന്നതുമാണ്. എന്നാല്‍ ഇത്തവണ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചപ്പോള്‍ കളിമികവിന്റെ പേരിലോ, കിരീട നേട്ടത്തിന്റെ പേരിലോ ഒരു വാക്ക് ഉച്ഛരിക്കാന്‍ വിമര്‍ശകര്‍ക്കായില്ല. പകരം അവര്‍ കണ്ടെത്തിയത് ഇന്ത്യയില്‍ കോപയ്ക്ക് ടെലികാസ്റ്റില്ല, ആര്‍ക്കും വേണ്ടാത്ത ടൂര്‍ണമെന്റാണിത് എന്ന തൊടുന്യായം മാത്രം.

ഇന്നു പുലര്‍ച്ചെ താരതമ്യേന ദുര്‍ബലരായ കാനഡയ്‌ക്കെതിരയായിരുന്നു അര്‍ജന്റീനയുടെ ആദ്യ മത്സരം. ഒട്ടനേകം ഫിനിഷിങ് പിഴവുകള്‍ കണ്ട മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആല്‍ബിസെലസ്‌റ്റെകള്‍ ജയിച്ചുകയറുകയും ചെയ്തു. ഒരസിസ്റ്റും ഒരു കീപാസുമായി മെസി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ അര്‍ജന്റീന്‍ ആരാധകര്‍ ആഗ്രഹിച്ചതു പോലൊരു ജയം തന്നെ ടീം നേടുകയും ചെയ്തു.

കാനഡയ്‌ക്കെതിരായ രണ്ടാം ഗോള്‍ ആഘോഷിക്കുന്ന അര്‍ജന്റീന ടീമംഗങ്ങള്‍
കാനഡയ്‌ക്കെതിരായ രണ്ടാം ഗോള്‍ ആഘോഷിക്കുന്ന അര്‍ജന്റീന ടീമംഗങ്ങള്‍

എന്നാല്‍ വിമര്‍ശകര്‍ക്ക് അതു മതിയാകുന്നില്ല, കാനഡ പോലൊരു ടീമിനെതിരേ ഗോള്‍ വര്‍ഷം നടത്താന്‍ മെസിപ്പടയ്ക്ക് കഴിഞ്ഞില്ല എന്നതാണ് അവര്‍ കണ്ടെത്തുന്ന കാരണം. മത്സരം വീക്ഷിച്ചവര്‍ കണ്ണുചിമ്മി നഷ്ടപ്പെടുത്തിയ നിമിഷങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ പോലും ചുരുങ്ങിയത് 11 ഗോളുകള്‍ക്കെങ്കിലും ജയിക്കേണ്ടിയിരുന്ന മത്സരമാണതെന്നതു തീര്‍ച്ചയാണ്. ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയാകുകയും ചെയ്തു. എന്നാല്‍ ഇതുകൊണ്ടു മാത്രം ഈ ടീമിനെ എഴുതിത്തള്ളാനാകുമോ?

വലച്ചത് ഏഴു ദിനം മുമ്പ് തയാറാക്കിയ ഗ്രൗണ്ട്

അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്‌റ്റേഡിയത്തിലാണ് 2024 കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടന്നത്. അമേരിക്കന്‍ ഫുട്‌ബോള്‍ ലീഗായ മേജര്‍ സോക്കര്‍ ലീഗ് ടീമായ അറ്റ്‌ലാന്റ എഫ്‌സിയുടെ ഹോം ഗ്രൗണ്ട് കൂടിയാണിത്. എംഎല്‍എസില്‍ ഇതുവരെ കൃത്രിമ ടര്‍ഫിലാണ് ഇതുവരെ മത്സരങ്ങള്‍ നടന്നത്.

എന്നാല്‍ കോപ്പയുടെ ഉദ്ഘാടന വേദിയായതോടെ കൃത്രിമ ടര്‍ഫിനു പകരം പുല്ല് വച്ചുപിടിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. പക്ഷേ അതു നടപ്പിലായത് വെറും ഏഴു ദിവസം മുമ്പ് മാത്രമാണ്. ഏഴു ദിനം മാത്രം പ്രായമുള്ള ടര്‍ഫിലാണ് കോപ്പയുടെ ഉദ്ഘാടന മത്സരം കളിക്കാന്‍ അര്‍ജന്റീനയും കാനഡയും ഇന്നിറങ്ങിയത്.

അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്‌റ്റേഡിയം
അറ്റ്‌ലാന്റയിലെ മെഴ്‌സിഡസ് ബെന്‍സ് സ്‌റ്റേഡിയം

ഒരു രാജ്യാന്തര മത്സരത്തിന് കളമാകാന്‍ പറ്റുന്ന നിലവാരത്തിലേക്ക് ടര്‍ഫ് മാറിയിരുന്നില്ലെന്നത് മത്സരത്തിലുടനീളം വ്യക്തമായിരുന്നു. പന്തിന് അപ്രതീക്ഷിച്ച ബൗണ്‍സ് ലഭിച്ചത് താരങ്ങളെ വല്ലാതെ വലച്ചു. മത്സരശേഷം അര്‍ജന്റീന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും പരിശീലകന്‍ സ്‌കലോണിയും ഇക്കാര്യം പരസ്യമായി സൂചിപ്പിക്കുകയും ചെയ്തു.

''ഒരു സ്പ്രിങ് ബോര്‍ഡില്‍ കളിക്കുന്നതു പോലെയുണ്ടായിരുന്നു. പന്ത് നിലത്തു കുത്തുമ്പോഴെല്ലാം അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്തു. പന്ത് നിയന്ത്രിക്കാന്‍ ഇരുടീമുകള്‍ക്കും ഇത് വലിയ തലവേദനയുണ്ടാക്കി. ഇത്തരം സംഭവങ്ങള്‍ കാരണമാണ് കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് യൂറോ കപ്പിനും താഴെയാണെന്നു പലരും പറയാന്‍ കാരണം. ഇതു മാറ്റിയേ തീരു''- മാര്‍ട്ടിനസ് പറഞ്ഞു.

സ്‌കലോണിക്കും വിരുദ്ധാഭിപ്രായമായിരുന്നില്ല. ''ഭാഗ്യത്തിന് ഞങ്ങള്‍ ജയിച്ചു. അല്ലായിരുന്നെങ്കില്‍ ഈ പറയുന്നത് വെറും ന്യായീകരണമായി വ്യാഖ്യാനിച്ചേനേ. കോപ്പ പോലൊരു ചാമ്പ്യന്‍ഷിപ്പിന് വെറും ഏഴു ദിവസം പ്രായമുള്ള ടര്‍ഫ് ഒരുക്കിയത് ഒട്ടും ക്ഷമിക്കാവുന്നതല്ല. ഉദ്ഘാടന മത്സരം ഇവിടെയാണെന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണ്. എന്നാല്‍ വെറും ഏഴു ദിവസം മുമ്പ് മാത്രം പ്രതലം മാറ്റിയത് നിരുത്തരവാദിത്തമാണ്. ഇതൊരു ന്യായീകരണമല്ല, പക്ഷേ ഈ ടര്‍ഫ് ഒട്ടും നിലവാരമുള്ളതല്ല. അത് തുറന്നു പറഞ്ഞേ പറ്റൂ''- സ്‌കലോണി പ്രതികരിച്ചു.

അവസരങ്ങള്‍ തുലച്ച അര്‍ജന്റീന

ലോക ചാമ്പ്യന്മാരുടെ കളി കാഴ്ചവയ്ക്കാന്‍ മെസിയും സംഘവും പരാജയപ്പെട്ടുവെന്നു വേണം ആദ്യ മത്സരം വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍. 4-4-2 എന്ന ഫോര്‍മേഷനിലാണ് സ്‌കലോണി ടീമിനെ കളത്തിലിറക്കിയിരുന്നതെങ്കിലും മധ്യനിരയിലേക്ക് ഇറങ്ങി പ്ലേ മേക്കിങ് റോളിലേക്ക് മെസി മാറിയപ്പോള്‍ പലപ്പോഴും 4-5-1 ശൈലിയിലേക്ക് മാറിയാണ് അര്‍ജന്റീന കളിച്ചത്.

മുന്‍നിരയില്‍ നിന്ന് മെസി മധ്യത്തിലേക്ക് ഇറങ്ങിക്കളിക്കുമ്പോള്‍ സാധാരണഗതിയില്‍ വലതു വിങ്ങില്‍ നിന്നു മുന്നോട്ടു കയറി കളിക്കാറുള്ള എയ്ഞ്ചല്‍ ഡി മരിയയാണ് എന്നും അര്‍ജന്റീനയുടെ തുറുപ്പ് ചീട്ട് ആകാറുള്ളത്. എന്നാല്‍ ഈ തന്ത്രത്തിന് നായകന്‍ അല്‍ഫോണ്‍സോ ഡേവിസിലൂടെ കാനഡ പൂട്ടിട്ടുവെന്നതാണ് സത്യം. മരിയയെ പലപ്പോഴും ഫലപ്രദമായി പൂട്ടാന്‍ ഡേവിസിനു കഴിഞ്ഞു, അതിനായി പരുക്കനടവുകള്‍ പോലും കനേഡിയന്‍ നായകന്‍ സ്വീകരിക്കുകയും ചെയ്തു.

കാനഡയ്‌ക്കെതിരേ എയ്ഞ്ചല്‍ ഡി മരിയയുടെ മുന്നേറ്റം
കാനഡയ്‌ക്കെതിരേ എയ്ഞ്ചല്‍ ഡി മരിയയുടെ മുന്നേറ്റം Mike Stewart

മരിയയ്ക്ക് കുതിച്ചുകയറാല്‍ കഴിയാതെ പോയതോടെ മുന്‍നിരയില്‍ ഒറ്റപ്പെട്ട യൂലിയന്‍ അല്‍വാരസിന് തുണയായി ഇടതു വിങ്ങില്‍ നിന്ന് മാക് അലിസ്റ്ററും മധ്യനിരയില്‍ നിന്ന് ലിയാന്‍ഡ്രോ പരേഡസും കയറിക്കളിച്ചെങ്കിലും ഇരുവര്‍ക്കും ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി. ആദ്യപകുതിയില്‍ ടീം തുറന്നെടുത്ത അഞ്ച് ഗോള്‍ഡന്‍ ചാന്‍സുകളില്‍ മൂന്നെണ്ണവും പാഴാക്കിയത് ഇരുവരുമാണ്. രണ്ടെണ്ണം മെസിയുടെ ബൂട്ടില്‍ നിന്നും പാഴായി.

മറ്റുമേഖലകളില്‍ എല്ലാം തന്നെ ലോകോത്തര പ്രകടനമാണ് അര്‍ജന്റീന പുറത്തെടുത്തത്. പരിചയസമ്പന്നനായ നിക്കോളാസ് ഒട്ടാമെന്‍ഡിയെ പുറത്തിരുത്തി നഹ്വേല്‍ മോളിന, ക്രിസ്റ്റിയന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, മാര്‍ക്കോസ് അക്യൂന എന്നിവരെ ആദ്യ ഇലവനില്‍ ഇറക്കിയ സ്‌കലോണിയുടെ പ്രതിരോധ തന്ത്രവും വിജയം കണ്ടു. ബാറിനു കീഴില്‍ എമി മാര്‍ട്ടിനസും മിന്നുന്ന ഫോമിലായിരുന്നു.

പിച്ചിനെയും പരുക്കനടവുകളെയും കീഴടക്കി മെസി

നിലവാരമില്ലാത്ത പിച്ചിനോടും കാഠിന്യമേറിയ കനേഡിയന്‍ പ്രതിരോധത്തെയും കീഴടക്കി കളത്തില്‍ നിന്നു കയറുമ്പോള്‍ ഫുട്‌ബോള്‍ കംപ്ലീറ്റ് ചെയ്തതിന്റെ സംതൃപ്തിയായിരുന്നു നായകന്‍ മെസിയുടെ മുഖത്ത് നിഴലിച്ചത്, ഒപ്പം പ്ലേ മേക്കര്‍ എന്ന നിലയില്‍ ആ ഇടങ്കാലില്‍ ഇനിയും അദ്ഭുതങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന സൂചനയും.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ തളികയിലെന്നവണ്ണം രണ്ടു സുവര്‍ണാവസരങ്ങളാണ് അയാള്‍ സഹതാരങ്ങള്‍ക്ക് ഒരുക്കിക്കൊടുത്തത്. എന്നാല്‍ അവരുടെ ഫിനിഷിങ്ങിലെ പോരായ്മകള്‍ ടീമിന് തിരിച്ചടിയായി. ദുര്‍ബലര്‍ക്കെതിരേ ആദ്യപകുതിയില്‍ ഗോള്‍രഹിത സമനില വഴങ്ങിയതിന്റെ സമ്മര്‍ദ്ദമൊന്നും രണ്ടാം പകുതിയില്‍ ഇറങ്ങിയപ്പോള്‍ കണ്ടില്ല. ടീമിന്റെ ആദ്യ ഗോളിലേക്കു വഴിവച്ച കീ പാസ് നല്‍കുകയും രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കുകയും ചെയ്ത മെസി തന്റെ മാസ്മരിക പ്രകടനം തന്നെ പുറത്തെടുത്തു.

ഗുരുതര ഫൗളിനെത്തുടര്‍ന്ന് മത്സരത്തിനിടെ ചികിത്സ തേടുന്ന ലയണല്‍ മെസി.
ഗുരുതര ഫൗളിനെത്തുടര്‍ന്ന് മത്സരത്തിനിടെ ചികിത്സ തേടുന്ന ലയണല്‍ മെസി.

കളിയില്‍ മെസിയെ ഒതുക്കാന്‍ കടുത്ത ത്രിരോധമാണ് കാനഡ ഉയര്‍ത്തിയത്. പലപ്പോഴും അത് പരുക്കന്‍ അടവുകളിലേക്കും നീങ്ങി. മത്സരത്തിന്റെ 84-ാം മിനിറ്റില്‍ കരിയര്‍ തന്നെ അപകടത്തിലാക്കിയേക്കാവുന്ന ഒരു ടാക്കിളിനാണ് മെസി വിധേയനായത്. എന്നാല്‍ വീണു കിടക്കാനോ, പരുക്കഭിനയിക്കാനോ തയാറാകാതെ വീണ്ടും കളത്തിലേക്കിറങ്ങിയ മെസി ടീമിന്റെ രണ്ടാം ഗോളിന് ഭാഗഭാക്കായി നായകന്റെ റോള്‍ ഭംഗിയാക്കി.

പതിയെ തുടങ്ങിയപ്പോഴെല്ലാം...

കാനഡ ദുര്‍ബല ടീമാണെന്നും അര്‍ജന്റീനയ്ക്ക് മോശം തുടക്കമാണ് 2024 കോപ്പയില്‍ ലഭിച്ചതെന്നും വിമര്‍ശിക്കുന്നവര്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. മോശം തുടക്കം ലഭിച്ചപ്പോഴെല്ലാം കരുത്തോടെ അവസാനിപ്പിച്ച ചരിത്രമാണ് അവര്‍ക്കുള്ളത്. അധികം പിന്നോട്ടേക്ക് പോകേണ്ടി വരില്ല. ഇതിനു മുമ്പ് നടന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പും 2022 ഖത്തര്‍ ലോകകപ്പും മാത്രം നോക്കിയാല്‍ മതിയാകും.

2021 കോപ്പാ അമേരിക്ക കിരീടവുമായി അര്‍ജന്റീന ടീമംഗങ്ങളുടെ ആഹ്‌ളാദം.
2021 കോപ്പാ അമേരിക്ക കിരീടവുമായി അര്‍ജന്റീന ടീമംഗങ്ങളുടെ ആഹ്‌ളാദം.

2021-ല്‍ ബ്രസീലില്‍ നടന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ സമനിലയോടെയായിരുന്നു അര്‍ജന്റീനയുടെ തുടക്കം. ആദ്യ മത്സരത്തില്‍ ചിലിയോട് ലീഡ് നേടി തുടങ്ങിയെങ്കിലും രണ്ടാം പകുതിയില്‍ വഴങ്ങിയ ഗോളില്‍ പോയിന്റ് പങ്കിടേണ്ടി വന്നു. എന്നാല്‍ പിന്നീട് മികച്ച കുതിപ്പായിരുന്നു അവര്‍ നടത്തിയത്. രണ്ടാം മത്സരത്തില്‍ യുറുഗ്വായെയും പിന്നീട് പരാഗ്വെ, ബൊളീവിയ എന്നിവരെയും തോല്‍പിച്ച് നോക്കൗട്ടില്‍ കടന്ന അവര്‍ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ട അവര്‍ സെമിയില്‍ കൊളംബിയയെ വീഴ്ത്തി. ഒടുവില്‍ മാറക്കാനയില്‍ ആതിഥേയരായ ബ്രസീലിനെ വീഴ്ത്തി കിരീടവും ചൂടി.

സമാന കുതിപ്പായിരുന്നു ഖത്തറില്‍ നടന്ന 2022 ലോകകപ്പിലും കണ്ടത്. തോല്‍വി അറിയാതെ തുടര്‍ച്ചയായി 36 മത്സരമെന്ന റെക്കോഡുമായാണ് മെസിയും സംഘവും അന്ന് ഖത്തറില്‍ എത്തിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ കുഞ്ഞന്മാരായ സൗദ്യ അറേബ്യയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് അവരെ കാത്തിരുന്നത്. അതോടെ അര്‍ജന്റീനയുടെ പതനം ആരംഭിച്ചുവെന്നും അര്‍ജന്റീന അറബിക്കടലില്‍ എന്നും പരിഹസിച്ചവരാണ് കൂടുതല്‍.

2022 ലോകകപ്പ്‌ കിരീടവുമായി അര്‍ജന്റീന ടീമംഗങ്ങളുടെ ആഹ്‌ളാദം.
2022 ലോകകപ്പ്‌ കിരീടവുമായി അര്‍ജന്റീന ടീമംഗങ്ങളുടെ ആഹ്‌ളാദം.

എന്നാല്‍ പിന്നീട് ഓരോ മത്സരവും ജീവന്മരണപ്പോരാട്ടമായി കണ്ട് കളത്തിലിറങ്ങിയ അവര്‍ 2022 ഡിസംബര്‍ 18-ന് ലുസെയ്ല്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി ലോകകപ്പ് ഉയര്‍ത്തിയാണ് മറുപടി നല്‍കിയത്. അതുകൊണ്ടു തന്നെ ഒന്നു ഓര്‍മിക്കാം... ഗോള്‍ വര്‍ഷം നടത്തിയില്ലെന്നു കണ്ട് എഴുതിത്തള്ളാന്‍ വരട്ടെ... ആ ടീമില്‍ ഇപ്പോഴും മെസിയുണ്ട്, തന്ത്രങ്ങള്‍ ഓതാന്‍ സൈഡ് ലൈനില്‍ സ്‌കലോണിയും. ഒപ്പം ഫുട്‌ബോളില്‍ ഇനിയൊന്നും തെളിയിക്കാനില്ലെന്ന സത്യവുമുണ്ട്...

logo
The Fourth
www.thefourthnews.in