ന്യൂസ ബാക്ക്
ന്യൂസ ബാക്ക്

വിവേചനങ്ങള്‍ക്കിടയില്‍ ചരിത്രം കുറിക്കാന്‍ അവര്‍ ആറുപേര്‍!

ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഫിഫ വനിത റഫറിമാരെ മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കുന്നത്.

2020-ലാണ് ന്യൂസ ബാക്ക് ഇതിനു മുമ്പ് ഖത്തറില്‍ ഒരു ഫുട്‌ബോള്‍ മത്സരത്തിനായി എത്തിയത്. അന്ന് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കും മെക്‌സിക്കന്‍ വമ്പന്മാരായ ടൈഗ്രസും തമ്മില്‍ അല്‍ റയ്യാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ക്ലബ് ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ച റഫറി സംഘത്തില്‍ അംഗമായിരുന്നു ന്യൂസ.

2019-ല്‍ ഫ്രാന്‍സില്‍ നടന്ന വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലടക്കം നിരവധി പ്രമുഖ മത്സരങ്ങള്‍ നിയന്ത്രിച്ചു പരിചയുമുള്ള ന്യൂസ ക്ലബ് ഫുട്‌ബോളിലെ ഏറ്റവും വലിയ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയായിട്ടാണ് എത്തിയത്. ഫോര്‍ത്ത് ഓഫീഷ്യലായി സുഹൃത്ത് എഡിന ആല്‍വ്‌സ് ബാറ്റിസ്റ്റയും ഒപ്പമുണ്ടായിരുന്നു.

ഇരുവര്‍ക്കും പക്ഷേ അത്ര സുഖകരമായ സ്വീകരണമായിരുന്നില്ല ഖത്തറില്‍ ലഭിച്ചത്. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ഖത്തറി രാജകുടുംബാംഗം ഷെയ്ഖ് ജൊയാന്‍ ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് അവഹേളനമാണ് നേരിട്ടത്. ചടങ്ങില്‍ പുരുഷ താരങ്ങള്‍ക്കം ഒഫീഷ്യലുകള്‍ക്കും ഹസ്തദാനം നല്‍കിയ അല്‍താനി ന്യൂസയുടെയും എഡിനയുടെയും അവസരമെത്തിയപ്പോള്‍ കണ്ടഭാവം നടിക്കാതെ നിന്നു.

ഇരുവരും ഒന്നും സംഭവിക്കാത്ത മട്ടില്‍ നടന്നു നീങ്ങിയെങ്കിലും ഈ വീഡിയോ പിന്നീട് വൈറലായി. സംഘാടകര്‍ ഇതിനെ 'ചെറിയ ധാരണാപ്പിശകായി' ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും നാനാകോണില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഖത്തര്‍ പോലെ കടുത്ത ഇസ്ലാമിക നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ആഗോള കായിക മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്നു വരെ ആവശ്യമുയര്‍ന്നു.

ഇപ്പോള്‍ വീണ്ടും ന്യൂസ ഖത്തറിലേക്ക് തിരിച്ചുവരികയാണ്. ഇക്കുറി കുറച്ചുകൂടി വലിയ വേദിയാണ്. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്ന 129 അംഗ റഫറി സംഘത്തില്‍ ന്യൂസ ഉള്‍പ്പടെ ആറു വനിതകളുണ്ട്.

ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഫിഫ വനിത റഫറിമാരെ മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കുന്നത്. ബ്രസീലുകാരിയായ ന്യൂസയ്‌ക്കൊപ്പം കാതറീന്‍ നെസ്ബിറ്റ്(യു.എസ്.എ.), കാരെന്‍ ഡയസ് മെദീന(മെക്‌സിക്കോ), സ്‌റ്റെഫാനി ഫ്രാപ്പര്‍ട്ട്(ഫ്രാന്‍സ്), യോഷിമി യാമാഷിത(ജപ്പാന്‍), സലിമ മുകാന്‍സംഗ(റുവാണ്ട) എന്നിവരും മത്സരം നിയന്ത്രിക്കാനുണ്ടാകും.

ആതിഥ്യമരുളും മുമ്പേ തന്നെ ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ലോകകപ്പാണ് ഖത്തറില്‍ അരങ്ങേറാനൊരുങ്ങുന്നതെന്ന സൂചന ലഭിച്ചു കഴിഞ്ഞു. ലോകകപ്പ് തയാറെടുപ്പുകള്‍ക്കിടെ ഖത്തര്‍ ഭരണകൂടം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ രാജ്യാന്തര തലത്തില്‍ തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായിട്ടുണ്ട്.

ഫുട്‌ബോളിനെ തങ്ങളുടെ ലിംഗ വിവേചനം ഉള്‍പ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ മറയ്ക്കാനുള്ള ഉപകരണമായി ഖത്തര്‍ ഭരണകൂടം മാറ്റുന്നുവെന്നു വ്യാപക പരാതിയും ഉയര്‍ന്നു കഴിഞ്ഞു.

ലിംഗ സമത്വം കളിക്കളത്തില്‍ നടപ്പാകുമോ?

ഫിഫ കൈക്കൊണ്ട ഈ തീരുമാനത്തെ സ്‌പോര്‍ട്‌സ് ലോകത്ത് നിന്ന് ഏവരും പിന്തുണയ്ക്കുന്നു എന്നു പറയാനാകില്ല. കുറച്ചധികം ആരാധകരും ഏതാനും പ്രമുഖരും ഈ തീരുമാനത്തിനു നേര്‍ക്ക് മുഖം ചുളിക്കുന്നുണ്ടെന്നത് പരസ്യമാണ്.

പുരുഷന്മാരുടെ മത്സരം നിയന്ത്രിക്കാന്‍ വനിതകള്‍ യോഗ്യരല്ലെന്നു തന്നെ ഇവര്‍ തുറന്നടിക്കുന്നു. ഒളിഞ്ഞും തെളിഞ്ഞും ഇവര്‍ വനിതാ റഫറിമാരുടെ പല തീരുമാനങ്ങളെയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

സ്‌റ്റെഫാനി ഫ്രാപ്പര്‍ട്ട്
സ്‌റ്റെഫാനി ഫ്രാപ്പര്‍ട്ട്

ഇത്തരത്തില്‍ ഏറെ അധിക്ഷേപങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഖത്തറില്‍ വനിതാ സംഘത്തിനൊപ്പമുള്ള സ്‌റ്റെഫാനി ഫ്രാപ്പര്‍ട്ട്. 37-കാരിയായ ഈ ഫ്രഞ്ച് വനിത ഫിഫയുടെ മികച്ച റഫറിമാരില്‍ ഒരാളും യുവേഫ സൂപ്പര്‍ കപ്പ് ഫൈനലും(ലിവര്‍പൂള്‍-ചെല്‍സി, 2019), യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരവും(യുവന്റസ്-ഡൈനാമോ കീവ്, 2020) നിയന്ത്രിച്ച ആദ്യ വനിതയുമാണ്.

2019 വനിതാ ലോകകപ്പ് ഫൈനല്‍ ഉള്‍പ്പടെ പ്രധാന മത്സരങ്ങള്‍ നിയന്ത്രിച്ച 10 വര്‍ഷത്തെ മത്സരപരിചയവുമുള്ള ഫ്രാപ്പര്‍ട്ടിനെ പലകുറി വിമര്‍ശകര്‍ അധിക്ഷേപിച്ചത് തീരുമാനങ്ങളിലെ പിഴവു കാരണമല്ല, മറിച്ച് അവര്‍ ഒരു വനിതയാണ് എന്ന ഒറ്റക്കാരണത്താലാണ്.

സലിമ മുകാന്‍സംഗ
സലിമ മുകാന്‍സംഗ

റുവാണ്ടക്കാരിയായ സലിമ മുകാന്‍സംഗയ്ക്കു പക്ഷേ മറ്റൊരു തരത്തിലുള്ള വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. സ്വതവേ പരുക്കനായ ആഫ്രിക്കന്‍ ഫുട്‌ബോളില്‍ ലിംഗവിവേചനമല്ല മറിച്ച് റഫറിമാരെത്തന്നെ വെറുക്കുന്ന ഗ്യാലറിയാണ് സലിമയ്ക്ക് വെല്ലുവിളിയായത്.

സ്വന്തം ടീം തോറ്റാല്‍ റഫറിയെത്തന്നെ കൈകാര്യം ചെയ്യുന്ന റുവാണ്ടന്‍ ലീഗില്‍ നിരവധി മത്സരങ്ങള്‍ നിയന്ത്രിച്ച പരിചയസമ്പത്തുമായാണ് സലിമ ഖത്തറില്‍ ഇറങ്ങുക. ഏഷ്യയിലെ എ.എഫ്.സി. കപ്പിലും എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗിലും മത്സരങ്ങള്‍ നിയന്രതിച്ചു പരിചയമുള്ള ജപ്പാന്‍കാരിയായ യോഷിമി യമാഷിതയും അമേരിക്കയില്‍ രസതന്ത്ര അധ്യാപിക കൂടിയായ കാതറിന്‍ നെസ്ബിറ്റും മെക്‌സിക്കോക്കാരിയായ കാരെന്‍ ഡയസുമാണ് ഖത്തറില്‍ അണിനിരക്കുന്ന മറ്റു വനിതാ റഫറിമാര്‍.

ഈ സാഹചര്യത്തില്‍ പുരുഷ റഫറിമാരുമായി എണ്ണത്തില്‍ താരതമ്യേന കുറവാണെങ്കിലും വനിതാ റഫറിമാര്‍ക്കും ചുമതല നല്‍കാനുള്ള ഫിഫയുടെ നീക്കം ഏറെ പ്രാധാന്യമുള്ളതായി മാറുന്നു, പ്രത്യേകിച്ചു വനിതകളെ രണ്ടാം നിരയിലേക്കു മാറ്റിനിര്‍ത്തുന്ന ഖത്തര്‍ പോലുള്ള രാജ്യത്ത് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍. ഖത്തര്‍ ആതിഥ്യമരളുന്ന ലോകകപ്പില്‍ത്തന്നെ അത്തരമൊരു തീരുമാനമെടുത്തതിലൂടെ ലിംഗവിവേചനത്തിനെതിരായ ശക്തമായ സന്ദേശമാണ് ഫിഫ മുന്നോട്ടു വയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in