ഒത്തുകളി: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്ററും കെകെആര്‍ താരവുമായ സചിത്ര സെന്നനായകെ അറസ്റ്റില്‍

ഒത്തുകളി: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്ററും കെകെആര്‍ താരവുമായ സചിത്ര സെന്നനായകെ അറസ്റ്റില്‍

2013ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി എട്ട് മത്സരങ്ങളും ഓഫ്‌സ്പിന്നറായ സചിത്ര കളിച്ചിരുന്നു

മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്ററും ഐഎഎല്ലിലെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ സചിത്ര സെന്നനായകെ അറസ്റ്റില്‍. 2020ലെ ലങ്ക പ്രീമിയര്‍ ലീഗില്‍ ഒത്തുകളിക്കുകയും രണ്ടു കളിക്കാരെ ഒത്തുകളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.

മൂന്നാഴ്ച മുമ്പ് സെന്നനായകയുടെ വിദേശയാത്രയ്ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ സ്പോര്‍ട്സ് അഴിമതി അന്വേഷണ വിഭാഗത്തിനു മുന്നില്‍ കീഴടങ്ങിയപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ 16 വരെ ശ്രീലങ്കന്‍ ടീമില്‍ അംഗമായിരുന്ന സചിത്ര ഒരു ടെസ്റ്റും 49 ഏകദിനങ്ങളും 24 ട്വന്റി ട്വന്റി മത്സരങ്ങളും കളിച്ചു. 2013ല്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി എട്ട് മത്സരങ്ങളും ഓഫ്‌സ്പിന്നറായ സചിത്ര കളിച്ചിരുന്നു.

മൂന്ന് മാസത്തേക്ക് സചിത്രയ്ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ഇമിഗ്രേഷന്‍ ആന്‍ഡ് എമിഗ്രേഷന്‍ കണ്‍ട്രോളര്‍ ജനറലിനോട് കൊളംബോ ചീഫ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സചിത്രയ്‌ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്താന്‍ കായിക മന്ത്രാലയത്തിലെ പ്രത്യേക അന്വേഷണ വിഭാഗം അറ്റോര്‍ണി ജനറല്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി കോടതിയെ അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in