Brazil -Zaire, Football WC 1974
Brazil -Zaire, Football WC 1974

റഫറിയുടെ 'ചതിയിൽ' പാളിയ പ്രതിഷേധം

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നര്‍മം നിറഞ്ഞ സംഭവം

1974ലെ ലോകകപ്പിലായിരുന്നു സംഭവം. സെയര്‍ (ഇപ്പോള്‍ കോംഗോ) എന്ന രാജ്യം ലോകകപ്പ് ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് കളിച്ചത്. ഒരു മത്സരം പോലും ജയിക്കാനാകാതെ ആദ്യ റൗണ്ടില്‍ തന്നെ അവര്‍ പുറത്താകുകയും ചെയ്തു. ഗ്രൂപ്പില്‍ സ്‌കോട്ട്ലന്‍ഡ്, യൂഗോസ്ലോവിയ, ബ്രസീല്‍ എന്നിവര്‍ക്കൊപ്പമാണ് അവര്‍ ഇടംപിടിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീമിന് മൂന്നാം മത്സരത്തില്‍ എതിരാളി, അന്നത്തെ ചാമ്പ്യന്മാരായിരുന്ന ബ്രസീല്‍ ആയിരുന്നു.

'ഫുട്ബോള്‍ നിയമങ്ങള്‍ പോലും അറിയാത്ത സെയര്‍ എങ്ങനെ ലോകകപ്പ് കളിക്കാനെത്തി' എന്നായിരുന്നു, വിഖ്യാത കമന്റേറ്റര്‍ ജോണ്‍ മോട്സണ്‍ പ്രതികരിച്ചത്

ടീമംഗങ്ങളുടെ വന്യമായ സ്വപ്നത്തില്‍പ്പോലും ജയപ്രതീക്ഷ ഇല്ലാതിരുന്ന മത്സരത്തില്‍ 80 മിനിറ്റ് പിന്നിടുമ്പോഴേക്കും ബ്രസീല്‍ 2-0 ലീഡ് നേടിയിരുന്നു. ഫൈനല്‍ വിസിലിന് 10 മിനിറ്റ് ബാക്കിനില്‍ക്കെയാണ് അസാധാരണ സംഭവം അരങ്ങേറിയത്. സെയര്‍ ബോക്സിനു മുന്നില്‍ ബ്രസീലിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുക്കാന്‍ സൂപ്പര്‍ താരം റിവേലിഞ്ഞോ തയ്യാറെടുക്കുന്നു. സെയര്‍ താരങ്ങളാകട്ടെ പ്രതിരോധ മതിലൊരുക്കാനും. കിക്കെടുക്കാന്‍ റഫറി വിസിലൂതിയപ്പോള്‍ ഏവരെയും അമ്പരപ്പിച്ച്, പ്രതിരോധ മതിലില്‍ വിള്ളല്‍വീഴ്ത്തി ഓടിയെത്തിയ സെയര്‍ പ്രതിരോധ താരം എംവെപുവിന്റെ കരുത്തുറ്റ കിക്ക്... ഫ്രീകിക്ക് പോയിന്റിലിരുന്ന പന്ത് അതാ ഗ്യാലറിയില്‍.

കിക്കെടുക്കാന്‍ നിന്ന റിവേലിഞ്ഞോയും മറ്റു താരങ്ങളും റഫറിമാരും, എന്തിന് ഗ്യാലറി ഒന്നടങ്കം സ്തംഭിച്ചു പോയി. എന്താണ് സംഭവിച്ചത്? ആര്‍ക്കും ഒരു പിടിയുമില്ല. ഒരു നിമിഷം അമ്പരന്നു നിന്നശേഷം ഓടിയെത്തിയ റഫറി കൈയോടെ എംവെപുവിന് മഞ്ഞക്കാര്‍ഡ് വച്ചു നീട്ടി. ഒരു ചിരിയോടെ തീരുമാനം സ്വീകരിച്ച താരം റഫറിയോട് എന്തോ പറയുകയും ചെയ്തു. പിന്നാലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന പോലെ മത്സരം പുനരാരംഭിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും ഗ്യാലറിയില്‍ കാണികള്‍ കാര്യമറിയാതെ പരസ്പരം ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

'ഫുട്ബോള്‍ നിയമങ്ങള്‍ പോലും അറിയാത്ത സെയര്‍ എങ്ങനെ ലോകകപ്പ് കളിക്കാനെത്തി' എന്നായിരുന്നു, കമന്ററി ബോക്സില്‍ വിഖ്യാത കമന്റേറ്റര്‍ ജോണ്‍ മോട്സണ്‍ പ്രതികരിച്ചത്. മത്സരത്തില്‍ പ്രതീക്ഷിച്ച പോലെ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടി. എന്നാല്‍, കളികഴിഞ്ഞു മടങ്ങുമ്പോഴും കാണികള്‍ പരസ്പരം അന്വേഷിച്ചത് എംവെപുവിന്റെ പ്രവൃത്തിയെക്കുറിച്ചായിരുന്നു.

Brazil - Zaire Match
Brazil - Zaire Match

തൊട്ടടുത്ത ദിവസം, എംവെപു തന്നെ തന്റെ ചെയ്തിയുടെ കാരണം വ്യക്തമാക്കി രംഗത്തു വന്നു. അതൊരു പാളിപ്പോയ പ്രതിഷേധമായിരുന്നത്രേ. ലോകകപ്പ് കളിക്കുന്ന സെയര്‍ ദേശീയ ടീമംഗങ്ങള്‍ക്ക് വേതനം നല്‍കാത്ത രാജ്യത്തെ ഭരണാധികാരിയോടുള്ള പ്രതിഷേധമായി ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തുപോകാനാണ് താന്‍ ശ്രമിച്ചതെന്നാണ് താരം പറഞ്ഞത്. എന്നാല്‍ ചുവപ്പിനു പകരം മഞ്ഞ മതിയെന്ന റഫറിയുടെ തീരുമാനം താരത്തിന്റെ പദ്ധതി അട്ടിമറിച്ചു. ഇന്നും ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും നര്‍മം നിറഞ്ഞ സംഭവമായാണ് ഫുട്ബോള്‍ പണ്ഡിതര്‍ അതിനെ വിലയിരുത്തുന്നത്.

logo
The Fourth
www.thefourthnews.in