ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം; നേട്ടം പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം; നേട്ടം പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തില്‍

കരുത്തരായ ദക്ഷിണകൊറിയയെ കീഴടക്കിയാണ് മെഡല്‍ സ്വന്തമാക്കിയത്

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് 21-ാം സ്വര്‍ണം. അമ്പെയ്ത്തിൽ ‍പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിലാണ് നേട്ടം. അഭിഷേക് വെര്‍മ, ഓജസ് പ്രവീണ്‍ ഡിയോട്ടലെ, പ്രഥമേഷ് ജാവ്കര്‍ എന്നിവരടങ്ങിയ ടീമാണ് മെഡല്‍ ഉറപ്പിച്ചത്. ദക്ഷിണ കൊറിയയെ 235-230 എന്ന സ്കോറിനാണ് ഇന്ത്യന്‍ സഖ്യം കീഴടക്കിയത്.

നേരത്തെ വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ വനിതാ കോമ്പൗണ്ട് ടീം സ്വർണം സ്വന്തമാക്കിയിരുന്നു ജ്യോതി വെണ്ണം, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടിയത്. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230-229ന് മറികടന്നാണ് ഇന്ത്യൻ സഖ്യത്തിന്റെ വിജയം. അമ്പെയ്ത്തിന് പുറമെ സ്ക്വാഷിലാണ് ഇന്ത്യ ഇന്ന് നേടിയ മറ്റൊരു സ്വര്‍ണം. മിക്‌സഡ് ടീം ഇനത്തില്‍ മലയാളി താരം ദീപിക പള്ളിക്കല്‍-ഹരീന്ദര്‍ സിങ് സഖ്യമാണ് സ്വര്‍ണമണിഞ്ഞത്.

ബാഡ്മിന്റണില്‍ വനിതകളുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധു സെമി കാണാതെ പുറത്തായി. രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഹി ബിങ്ജിയാവോയോടാണ് പരാജയം സമ്മതിച്ചത്. സ്‌കോര്‍ 16-21, 12-21.

അമ്പെയ്ത്തിലെ സ്വര്‍ണത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 84 ആയി ഉയര്‍ന്നു. 21 സ്വര്‍ണം, 31 വെള്ളി, 32 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡലുകള്‍. 174 സ്വര്‍ണം ഉള്‍പ്പടെ 322 മെഡലുമായി ചൈനയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ (37 സ്വര്‍ണം), ദക്ഷിണ കൊറിയ (33 സ്വര്‍ണം) എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലായി ഇന്ത്യ നാലാം സ്ഥാനത്താണിപ്പോള്‍.

logo
The Fourth
www.thefourthnews.in