ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തിലും ബോക്‌സിങ്ങിലും നേട്ടം; ബാഡ്മിന്റണില്‍ വീണ്ടും തിരിച്ചടി, പ്രണോയ്ക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തിലും ബോക്‌സിങ്ങിലും നേട്ടം; ബാഡ്മിന്റണില്‍ വീണ്ടും തിരിച്ചടി, പ്രണോയ്ക്ക് വെങ്കലം

21 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലുമാായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 'സെഞ്ചുറി'യോട് അടുക്കുന്നു. ഇന്ന് അമ്പെയ്ത്തിലും ബോക്‌സിങ്ങിലും രണ്ടു മെഡലുകള്‍ കൂടി സ്വന്തമാക്കിയ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 90-ലെത്തി. 21 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലുമാായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 183 സ്വര്‍ണമുള്ള ചൈനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 44 സ്വര്‍ണമുള്ള ജപ്പാനും 36 സ്വര്‍ണമുള്ള ദക്ഷിണകൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

അമ്പെയ്ത്തില്‍ ഇന്ന് പുരുഷന്മാരുടെ റിക്കര്‍വ് ടീമാണ് മെഡലണിഞ്ഞത്. ഫൈനലില്‍ ദക്ഷിണ കൊറിയയോട് 1-5ന് തോറ്റതോടെയാണ് ഇന്ത്യന്‍ ടീമിന് വെള്ളി മെഡലുമായി തൃപ്തിപ്പെടേണ്ടി വന്നത്. അതനു ദാസ്, തുഷാര്‍ ഷെല്‍ക്കെ, ധീരജ് ബൊമ്മദേവര എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് മെഡല്‍ സമ്മാനിച്ചത്.

വനിതകളുടെ 62 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ മറ്റൊരു മെഡല്‍നേട്ടം. വെങ്കലമെഡല്‍ പോരാട്ടത്തില്‍ ചൈനീസ് താരം ലോങ് ജിയയെ തോല്‍പിച്ച് സോനം സിങ്ങാണ് മെഡല്‍ നേടിയത്. 7-5 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ജയം.

അതേസമയം ബാഡ്മിന്റണില്‍ ഇന്ത്യക്ക് വീണ്ടും തിരിച്ചടി നേരിട്ടു. പുരുഷ വിഭാഗത്തില്‍ സ്വര്‍ണ പ്രതീക്ഷയായിരുന്ന മലയാളി താരം എച്ച് എസ് പ്രണോയി സെമിയില്‍ തോറ്റു പുറത്തായി. ചൈനീസ് താരം ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പ്രണോയിയുടെ തോല്‍വി. സ്‌കോര്‍ 16-21, 9-21.

logo
The Fourth
www.thefourthnews.in