'ട്രയല്‍സില്ലാതെ നേരിട്ട് യോഗ്യത വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാന്‍ നിരസിച്ചു'; സാക്ഷി മാലിക്

'ട്രയല്‍സില്ലാതെ നേരിട്ട് യോഗ്യത വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാന്‍ നിരസിച്ചു'; സാക്ഷി മാലിക്

ട്രയൽസ് ഇല്ലാതെ ഒരു ടൂർണമെന്റിലും പങ്കെടുത്തിട്ടില്ലെന്നും ഇനി പങ്കെടുക്കുകയുമില്ലെന്നും സാക്ഷി മാലിക് വ്യക്തമാക്കി

ഗുസ്തി താരങ്ങളായ ബജ്‌രംഗ് പൂനിയയ്ക്കും, വിനേഷ് ഫോഗട്ടിനും ട്രയല്‍സില്‍ പങ്കെടുക്കാതെ തന്നെ ഏഷ്യന്‍ ഗെയിംസിന് നേരിട്ട് യോഗ്യത നൽകിയ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്ഹോക്ക് പാനൽ തീരുമാനം വിവാദമായതിനു പിന്നാലെ തനിക്കും വാഗ്ദാനം ലഭിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി സാക്ഷി മാലിക് രംഗത്ത്.

ബജ്‌രംഗ് പൂനിയയുടെയും വിനേഷ് ഫോഗട്ടിന്റെയും പേരുകൾ ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തത്തിനായി നേരിട്ട് കൈമാറുകയാണെന്നും മെയിൽ അയച്ചാൽ തന്റെയും പേര് നിർദ്ദേശിക്കാമെന്ന് പറഞ്ഞെന്നുമാണ് സാക്ഷിയുടെ വെളിപ്പെടുത്തൽ. എന്നാൽ അത്തരത്തിലൊരു പ്രവേശനം വേണ്ടെന്ന് പറഞ്ഞ് താൻ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

"പരിശീലനം നടത്താൻ സാധിക്കാത്തതിനാൽ ഓഗസ്റ്റ് 10ന് ശേഷം ട്രയൽസ് നടത്താൻ സമയം അനുവദിക്കണമെന്ന് അഡ്ഹോക്ക് കമ്മിറ്റിയോട് ഞങ്ങൾ ആവശ്യപ്പട്ടിരുന്നു. സമയം അനുവദിച്ചു കൊണ്ട് അവർ ഞങ്ങൾക്കൊരു കത്ത് അയച്ചു. അങ്ങനെയാണ് ഞങ്ങൾ പരിശീലനത്തിറങ്ങുന്നത്. എന്നാൽ ഒരു ദിവസം ഗവണ്മെന്റിന്റെ ഭാഗത്ത് നിന്ന് എനിക്കൊരു കോൾ ലഭിച്ചു.

അവർ ബജ്‌രംഗ് പൂനിയയുടെയും, വിനേഷ് ഫോഗട്ടിന്റെയും പേരുകൾ ഏഷ്യൻ ഗെയിംസിലേക്ക് നേരിട്ട് നാമനിർദ്ദേശം ചെയ്യുകയാണെന്നും മെയിൽ അയച്ചാൽ എന്റെയും പേര് അയക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ട്രയൽസ് ഇല്ലാതെ ഒരു ടൂർണമെന്റിലും ഞാൻ പങ്കെടുത്തിട്ടില്ല. ഇനി പങ്കെടുക്കുകയുമില്ല", സാക്ഷി മാലിക് പറഞ്ഞു.

'ട്രയല്‍സില്ലാതെ നേരിട്ട് യോഗ്യത വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ ഞാന്‍ നിരസിച്ചു'; സാക്ഷി മാലിക്
ഏഷ്യന്‍ ഗെയിംസ്: ബജ്‌രംഗിനും വിനേഷിനും നേരിട്ട് യോഗ്യത നൽകി ഐഒഎ; പ്രതിഷേധവുമായി മറ്റ് താരങ്ങൾ

ബജ്‌രംഗിന്റെയും വിനേഷിന്റെയും പേരുകൾ പാനലിന്റെ സർക്കുലറിൽ പ്രത്യേകമായി പരാമർശിച്ചിട്ടില്ലെങ്കിലും ഇരുവരെയും ട്രയൽസിൽ നിന്ന് ഒഴിവാക്കിയതായി പാനൽ അംഗം അശോക് ഗാർഗ് വ്യക്തമാക്കിയിരുന്നു. ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധം കാരണം അവർക്ക് ഈ വർഷം ഒരു അന്താരാഷ്ട്ര ടൂർണമെന്റിലും മത്സരിക്കാൻ സാധിച്ചിട്ടില്ല.

എന്നാൽ ബ്രിജ് ഭൂഷണിനെതിരായി പ്രതിഷേധിച്ച മറ്റുള്ള ഗുസ്തി താരങ്ങളായ സാക്ഷി മാലിക് അവരുടെ ഭർത്താവ് സത്യവർത്ത് കഡിയൻ, ജിതേന്ദർ കിൻഹ, ബജ്‌രംഗിന്റെ ഭാര്യ സംഗീത ഫോഗട്ട് എന്നിവരെ പാനൽ പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മറ്റ് ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in