കേരളാ ബ്ലാസ്റ്റേഴ്‌സ്
കേരളാ ബ്ലാസ്റ്റേഴ്‌സ്

സാള്‍ട്ട് ലേക്കില്‍ ജയിച്ചേ തീരൂ; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ

ഇന്ന് രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം
Updated on
1 min read

ഐഎസ്എല്‍ പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ലക്ഷ്യമിട്ടിറങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍. സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാതെ തോല്‍പ്പിച്ച് പോയിന്റ് പട്ടികയില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്താണ്. ഇന്ന് രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

തോല്‍വിയറിയാതെ കളിച്ചു തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സിന് താരങ്ങള്‍ക്ക് നേരിട്ട പരുക്കുകളാണ് തിരിച്ചടിയായി മാറിയത്. പിന്നാലെ തുടരെ രണ്ട് തോല്‍വികളും ഏറ്റുവാങ്ങി. എന്നാല്‍ അവസാന മത്സരത്തിലെ ജയം കൊമ്പന്മാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. ഞായറാഴ്ച കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട പൂട്ടിയത്. ആ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ദിമിത്രിയോസ് ഡയമന്റക്കോസ് ആണ് കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ തുറുപ്പ് ചീട്ട്.

ഈസ്റ്റ് ബംഗാള്‍
ഈസ്റ്റ് ബംഗാള്‍

15 മത്സരങ്ങളില്‍ ഒമ്പത് ജയമുള്ള ബ്ലാസ്റ്റേഴ്‌സ് 28 പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. ഇനിയുള്ള എല്ലാ മത്സരങ്ങളും ഇവാനും സംഘത്തിനും നിര്‍ണായകമാണെന്നിരിക്കെ സാള്‍ട്ട് ലേക്കില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല. 15 കളികളില്‍ നിന്ന് 27 പോയിന്റുമായി എടികെ മോഹന്‍ ബഗാനും 16 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി എഫ്‌സി ഗോവയും തൊട്ടു പുറകിലുണ്ട്. അതേസമയം ബ്ലാസ്റ്റേഴ്‌സിന്റെ ഇന്നത്തെ എതിരാളികള്‍ അവസാന പ്ലേ ഓഫിന് 10 പോയിന്റ് പിന്നിലാണ്.

പ്രതിരോധ താരം മാര്‍കോ ലെസ്‌കോവിച്ചിന്റെ പരുക്ക് വലിയവെല്ലുവിളിയാണ്. കഴിഞ്ഞ മത്സരത്തില്‍ ആദ്യ ഇലവനില്‍ പുറത്തിരുന്ന ഇവാന്‍ കല്യുഷ്‌നിയും മലയാളി താരം സഹല്‍ അബ്ദുള്‍ സമദും തുടക്കത്തില്‍ കളിക്കാനാണ് സാധ്യത. അഡ്രിയാന്‍ ലൂണയും കെപി രാഹുലും ബ്ലാസ്റ്റേഴ്‌സിന് വിജയ സാധ്യത ഒരുക്കുന്നു. മുന്നേറ്റ നിരയിലെ ദിമിത്രിയുടെ അസാമാന്യ പ്രകടനം എതിരാളികളായ ഈസ്റ്റ് ബംഗാളിന് ഭീഷണിയാകും.

logo
The Fourth
www.thefourthnews.in