ഗ്രഹാം റീഡ് ഇന്ത്യൻ ഹോക്കി പരിശീലകസ്ഥാനം ഒഴിഞ്ഞു
ലോകകപ്പ് ഹോക്കിയിലെ മോശം പ്രകടനത്തിന് പിന്നാലെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇന്ത്യൻ പരിശീലകൻ ഗ്രഹാം റീഡ്. ഇന്ന് രാവിലെ ഹോക്കി ഇന്ത്യ അധ്യക്ഷൻ ദിലീപ് ടിർക്കാണ് റീഡ് രാജി സമർപ്പിച്ചത്. നീണ്ട 48 വർഷത്തെ ലോകകപ്പ് കിരീട വരൾച്ച അവസാനിപ്പിക്കാനിറങ്ങിയ ഇന്ത്യ ക്രോസ്സ്ഓവർ മത്സരത്തിൽ ന്യൂസിലന്‍ഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിരുന്നു. ഇതോടെ ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
2019ലാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഗ്രഹാം റീഡ് എത്തിയത്. 41 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒളിമ്പിക്സ് വേദിയിൽ ഇന്ത്യ മെഡലണിഞ്ഞത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. റീഡിന് പുറമെ അനലിറ്റിക് പരിശീലകൻ ഗ്രെഗ് ക്ലാർക്, സയന്റഫിക് ഉപദേഷ്ടാവ് മിച്ചൽ ഡേവിഡ് പെംബർട്ടൺ എന്നിവരും രാജി സമർപ്പിച്ചിട്ടുണ്ട്. ടോക്കിയോ ഒളിമ്പിക്സിലെ വെങ്കലമെഡലിന് പുറമെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡൽ, എഫ് ഐ എച്ച് ഹോക്കി പ്രൊ ലീഗ് സീസൺ 2021/22 മൂന്നാം സ്ഥാനം എന്നിവയും ഈ സംഘത്തിനൊപ്പം ഇന്ത്യൻ ടീം കൈവരിച്ചു.
"അടുത്ത ആൾ കടന്നുവരേണ്ട സമയമാണിത്, ഈ ടീമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്, ടീമിനൊപ്പമുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ടീമിന് എല്ലാ ആശംസകളും" രാജിവച്ചതിന് ശേഷം റീഡ് പറഞ്ഞു. എക്കാലവും ഇന്ത്യ, റീഡിന്റെയും സംഘത്തിന്റെയും സേവനങ്ങളിൽ നന്ദിയുള്ളവരായിരിക്കുമെന്ന് അദ്ദേഹത്തിന് മറുപടിയായി ഹോക്കി ഇന്ത്യ അധ്യക്ഷൻ ദിലീപ് ടിർക്കി പറഞ്ഞു. എല്ലാ യാത്രകളും പുതിയ തലത്തിലേക്ക് മാറുന്നപോലെ പുതിയ ശൈലിയിലേക്കുള്ള മാറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.