ചിരവൈരികള്‍ നേര്‍ക്ക്‌നേര്‍; ചെന്നൈയില്‍ ഇന്നുരാത്രി ഇന്ത്യ-പാക് പോരാട്ടം

ചിരവൈരികള്‍ നേര്‍ക്ക്‌നേര്‍; ചെന്നൈയില്‍ ഇന്നുരാത്രി ഇന്ത്യ-പാക് പോരാട്ടം

ഒരു സമനില പോലും കൊറിയയ്ക്കും പാകിസ്താനും സെമി ഉറപ്പാക്കും. എന്നാല്‍ തോല്‍വി നേരിട്ടാല്‍ ചൈനയോട് ജപ്പാന്‍ ജയിക്കാതിരുന്നാല്‍ മാത്രമേ പിന്നെ അവര്‍ക്ക് രക്ഷയുണ്ടാകൂ.

ഏഷ്യന്‍ ഗെയിംസിനു മുന്നോടിയായി ഹോക്കി ആരാധകരുടെ ആവേശയുമുയര്‍ത്തി ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ഇന്ന് അരങ്ങൊരുങ്ങും. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഇന്ന് ഇരുടീമുകളും കൊമ്പുകോര്‍ക്കും. ചെന്നൈയില്‍ രാത്രി 8:30 മുതലാണ് മത്സരം.

ടൂര്‍ണമെന്റില്‍ നേരത്തെ തന്നെ സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയ ഇന്ത്യ സമ്മര്‍ദ്ദമേതുമില്ലാതെ ഇറങ്ങുമ്പോള്‍ പാകിസ്താന് സെമി ഉറപ്പാക്കാന്‍ ഈ മത്സരം തോല്‍ക്കാതെയിരിക്കണം. ടൂര്‍ണമെന്റില്‍ പരാജയം അറിയാത്ത ഏക ടീമാണ് ഇന്ത്യ. കളിച്ച നാലു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റുമായാണ് ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പാക്കിയത്.

അതേസമയം നാലു കളികളില്‍ നിന്ന് ഒരു ജയവും രണ്ടു സമനിലയും ഒരു തോല്‍വിയുമടക്കം അഞ്ചു പോയിന്റ് മാത്രമുള്ള പാകിസ്താന്‍ നാലാം സ്ഥാനത്താണ്. അഞ്ചു പോയിന്റ് തന്നെയുള്ള ദക്ഷിണാ കൊറിയ മൂന്നാമതും ഒമ്പതു പോയിന്റുള്ള മലേഷ്യ രണ്ടാമതുമുണ്ട്. പാകിസ്താനു പിന്നില്‍ രണ്ടു പോയിന്റുമായി ജപ്പാന്‍ അഞ്ചാമതുണ്ട്.

ആദ്യ നാലു സ്ഥാനങ്ങളില്‍ എത്തുന്നവരാണ് സെമിയിലേക്ക് മുന്നേറുക. നിലവില്‍ ഇന്ത്യയും മലേഷ്യയും മാത്രമാണ് സെമി ഉറപ്പിച്ചിട്ടുള്ളത്. ശേഷിക്കുന്ന രണ്ടു സ്ഥാനങ്ങളിലേക്ക് കൊറിയ, പാകിസ്താന്‍, ജപ്പാന്‍ എന്നീ മൂന്നു ടീമുകളാണ് മത്സരിക്കുന്നത്. ഇതില്‍ കൊറിയ ഇന്ന് രണ്ടാം സ്ഥാനത്തുള്ള മലേഷ്യയെയും ജപ്പാന്‍ അവസാന സ്ഥാനത്തുള്ള ചൈനയെയുമാണ് നേരിടുന്നത്.

ഒരു സമനില പോലും കൊറിയയ്ക്കും പാകിസ്താനും സെമി ഉറപ്പാക്കും. എന്നാല്‍ തോല്‍വി നേരിട്ടാല്‍ ചൈനയോട് ജപ്പാന്‍ ജയിക്കാതിരുന്നാല്‍ മാത്രമേ പിന്നെ അവര്‍ക്ക് രക്ഷയുണ്ടാകൂ. അതുകൊണ്ടു തന്നെ ഇന്ത്യക്കെതിരേ ഏതുവിധേനയും തോല്‍വി ഒഴിവാക്കാനാകും പാകിസ്താന്‍ ഇന്ന് ശ്രമിക്കുക. ഇതോടെ മത്സരം ആവേശകരമാകുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.

logo
The Fourth
www.thefourthnews.in