ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: കിരീടം ചൂടി ഇന്ത്യ, മലേഷ്യയെ 4-3ന് തകര്‍ത്തു

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി: കിരീടം ചൂടി ഇന്ത്യ, മലേഷ്യയെ 4-3ന് തകര്‍ത്തു

ഇന്ത്യക്കു വേണ്ടി ജുഗ്‌രാജ് സിങ്, ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ആകാശ്ദീപ് സിങ് എന്നിവരാണ് ലക്ഷ്യം കണ്ടത്.

അവിശ്വസനീയ പ്രകടനത്തിനൊടുവില്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ചൂടി ഇന്ത്യ. ഇന്നു നടന്ന ഫൈനല്‍ മത്സരത്തില്‍ മലേഷ്യയെ തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരേ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ ജയിച്ചു കയറിയത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം കിരീടനേട്ടമാണിത്.

ഏഴു ഗോളുകള്‍ പിറന്ന ത്രില്ലറില്‍ 1-3 എന്ന നിലയില്‍ പിന്നിട്ടു നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ജേതാക്കളായത്. ഇന്ത്യക്കു വേണ്ടി ജുഗ്‌രാജ് സിങ്, ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ആകാശ്ദീപ് സിങ് എന്നിവരാണ് ലക്ഷ്യം കണ്ടത്. അബു കമാല്‍ അസ്രായി, റാസി റഹീം, അമിനുദ്ദീന്‍ മുഹമ്മദ് എന്നിവരാണ് മലേഷ്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

ചെന്നൈയില്‍ നിറഞ്ഞ ഗ്യാലറിക്കു മുന്നില്‍ ഇന്ത്യയുടെ മുന്നേറ്റത്തോടെയായിരുന്നു കലാശക്കളി ആരംഭിച്ചത്. ഒമ്പതാം മിനിറ്റില്‍ തന്നെ ലീഡ് നേടാനും ഇന്ത്യക്കായി. തകര്‍പ്പനൊരു ഡ്രാഗ് ഫ്‌ളിക്കിലൂടെ ജുഗ്‌രാജാണ് സ്‌കോറിങ് തുടങ്ങിവച്ചത്. തുടക്കത്തിലേ ലീഡ് നേടിയ ശേഷം പതിവിനു വിപരീതമായി ഇന്ത്യ പ്രതിരോധത്തിലേക്ക് വലിയുന്നതാണ് പിന്നീട് കണ്ടത്.

ഇത് മലേഷ്യയ്ക്ക് തിരിച്ചുവരവിന് അവസരമൊരുക്കി. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുന്നതിനു തൊട്ടുമുമ്പ് തന്നെ അവര്‍ സമനില ഗോള്‍ കണ്ടെത്തി. അസ്രായി ആയിരുന്നു സ്‌കോറര്‍. അപ്രതീക്ഷിതമായി സമനില കൈവരിച്ച മലേഷ്യ പിന്നീട് ഇന്ത്യയെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് രണ്ടാം ക്വാര്‍ട്ടറില്‍ പുറത്തെടുത്തത്.

അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യന്‍ പ്രതിരോധത്തെ തകര്‍ത്ത നീക്കങ്ങള്‍ക്കൊടുവില്‍ രണ്ടു ഗോളുകള്‍ കൂടി സ്‌കോര്‍ ചെയ്ത മത്സരം പകുതിയാകുമ്പോഴേക്കും അവര്‍ 3-1 എന്ന നിലയില്‍ മുന്നിലെത്തിയിരുന്നു. 18-ാം മിനിറ്റില്‍ ഷെല്ലോ സില്‍വേരിയസിന്റെ പാസില്‍ നിന്ന് റാസി റഹീമാണ് അവര്‍ക്ക് ലീഡ് സമ്മാനിച്ചത്.

ലീഡ് വഴങ്ങിയിട്ടും ഉണര്‍ന്നു കളിക്കാതിരുന്ന ഇന്ത്യയുടെ അലസത മുതലെടുത്ത് രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം അവര്‍ മൂന്നാം ഗോളും നേടി. 28-ാം മിനിറ്റില്‍ ഡ്രാഗ് ഫ്‌ളിക്കിലൂടെ മുഹമ്മദ് അമിനുദ്ദീനാണ് സ്‌കോര്‍ ചെയ്തത്. ഇടവേളയില്‍ 3-1 എന്ന നിലയില്‍ മലേഷ്യ ഏറെക്കുറേ വിജയമുറപ്പിച്ച് ശക്തമായ നിലയിലായിരുന്നു.

ഇടവേളയ്ക്കു ശേഷം മൂന്നാം ക്വാര്‍ട്ടറിന്റെ ആദ്യ മിനിറ്റുകളിലും ഇന്ത്യക്ക് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. പ്രതിരോധം ശക്തമാക്കിയ മലേഷ്യ രണ്ടുഗോള്‍ ലീഡില്‍ പിടിച്ചുതൂങ്ങാനുള്ള ശ്രമത്തിലായിരുന്നു. ഒടുവില്‍ മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ അപകടം മണത്ത ഇന്ത്യ പിന്നീട് രണ്ടും കല്‍പിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. അതിന് ഉടന്‍ തന്നെ ഫലം ലഭിക്കുകയും ചെയ്തു.

മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെ തുടരെ രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്ത ഇന്ത്യ എതിരാളികള്‍ക്ക് ഒപ്പമെത്തി. 45-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് തിരിച്ചുവരവിന് തുടക്കമിട്ടത്. സെക്കന്‍ഡുകള്‍ക്കു പിന്നാലെ ഒരു തകര്‍പ്പന്‍ ടാപ്പ് ഇന്നിലൂടെ ഗുര്‍ജന്ത് സമനില ഗോളും കണ്ടെത്തി.

ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ പിന്നീട് അവസാന ക്വാര്‍ട്ടറില്‍ എതിരാളികള്‍ക്ക് അവസരം നല്‍കാതെ ആഞ്ഞടിക്കുകയായിരുന്നു.മലേഷ്യന്‍ ഗോള്‍മുഖത്ത് നിരന്തരം ആക്രമണമഴിച്ചുവിട്ട ഇന്ത്യക്ക് പക്ഷേ അവസാന ക്വാര്‍ട്ടറില്‍ ഗോള്‍ കണ്ടെത്താന്‍ അല്‍പം കാത്തിരിക്കേണ്ടി വന്നു. ആക്രമണപാത വെടിഞ്ഞ് പൂര്‍ണമായും പ്രതിരോധത്തിലേക്കു പിന്‍വലിഞ്ഞ മലേഷ്യ ഇന്ത്യയെ വിജയഗോള്‍ നേടുന്നതില്‍ നിന്നു തടയാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ മത്സരം അവസാനിക്കാന്‍ നാലു മിനിറ്റ് ബാക്കി നില്‍ക്കെ ആകാശ്ദീപ് സിങ് ഇന്ത്യയുടെ വിജയഗോള്‍ കണ്ടെത്തി.

ശേഷിച്ച മിനിറ്റുകളില്‍ മലേഷ്യയെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ പിടിച്ചുകെട്ടിയ ഇന്ത്യ തങ്ങളുടെ നാലാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം സ്വന്തമാക്കി. ഇക്കുറി പരാജയമറിയാതെയാണ് ഇന്ത്യയുടെ കിരീട നേട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ചൈന, ദക്ഷിണകൊറിയ, മലേഷ്യ, പാകിസ്താന്‍ എന്നിവരെ തോല്‍പിച്ച ഇന്ത്യ ജപ്പാനോട് സമനില വഴങ്ങുകയായിരുന്നു. പിന്നീട് ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍ കടന്ന ഇന്ത്യ ജപ്പാനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്തായിരുന്നു ഫൈനലിലേക്ക് മുന്നേറിയത്.

logo
The Fourth
www.thefourthnews.in