ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഒമ്പത് വര്‍ഷത്തിനു ശേഷം പൊന്നണിഞ്ഞ് ടീം ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് ഹോക്കി: ഒമ്പത് വര്‍ഷത്തിനു ശേഷം പൊന്നണിഞ്ഞ് ടീം ഇന്ത്യ

ഹാട്രിക് നേടിയ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. മന്‍ദീപ് സിങ്, അഭിഷേക് എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്

ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ആധിപത്യം തിരിച്ചുപിടിച്ച് ഇന്ത്യ. ഇന്നു നടന്ന പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സ്വര്‍ണമണിഞ്ഞു. ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ സുവര്‍ണനേട്ടം. ഇരട്ടഗോളുകള്‍ നേടിയ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. മന്‍ദീപ് സിങ്, അഭിഷേക് എന്നിവരാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്.

ജയത്തോടെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടാനും ഇന്ത്യന്‍ ടീമിനായി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ നാലാം സ്വര്‍ണമാണ് മലയാളി താരം പി ആര്‍ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്ന് സ്വന്തമാക്കിയത്. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലാണ് ഇന്ത്യക്ക് സ്വന്തമാക്കാനായത്.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇത് ഇന്ത്യയുടെ 14-ാം ഫൈനലായിരുന്നു. ഇതുവരെ കളിച്ച 13 ഫൈനലുകളില്‍ മൂന്നു തവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായിരുന്നത്. ഒമ്പതു തവണ പാകിസ്താനോടു, ഒരു തവണ ദക്ഷിണകൊറിയയോടും പരാജയപ്പെട്ടു.

ഹോക്കിയിലെ സുവര്‍ണനേട്ടത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 91-ലെത്തി. 22 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലുമാായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 183 സ്വര്‍ണമുള്ള ചൈനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 44 സ്വര്‍ണമുള്ള ജപ്പാനും 36 സ്വര്‍ണമുള്ള ദക്ഷിണകൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

logo
The Fourth
www.thefourthnews.in