ഉഷ ഒളിമ്പിക് അസോസിയേഷന്‍
സാരഥി ആയാൽ...

ഉഷ ഒളിമ്പിക് അസോസിയേഷന്‍ സാരഥി ആയാൽ...

ഐ.ഒ.എയുടെ അത് ലറ്റ്സ് കമ്മിഷനിൽ ഔട്ട് സ്റ്റാറ്റാൻഡിങ് മെറിറ്റ് ഉള്ള എട്ട് കായിക താരങ്ങളെ വോട്ടവകാശമുള്ള അംഗങ്ങളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തതിൽ ഒരാൾ ഉഷയായിരുന്നു.

കാത്തിരുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പ് ഡിസംബർ 10 നാണ്. അന്നു മൂന്നു മണിക്ക് ഫലം അറിയും. സാധാരണ ഐ.ഒ.എ. തിരഞ്ഞെടുപ്പ് കേരളത്തിന് വലിയ കാര്യമല്ല. ആരെങ്കിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എത്തിയാൽ ആയി. പക്ഷേ, ഇത്തവണ രംഗം മാറുകയാണ്. രാജ്യസഭാ അംഗം കൂടിയായ പി.ടി. ഉഷ പ്രസിഡൻ്റ് സ്ഥാനത്തേക്കു മത്സരിക്കുന്നു. നാമനിർദേശ പത്രിക ഇന്നലെ മുതൽ സ്വീകരിക്കുന്നു. നാളെയാണ് അവസാന തീയതി. താൻ മത്സരിക്കുന്ന കാര്യം ഉഷ ഇന്ന് ട്വീറ്റ് ചെയ്തു. കേരളത്തിൽ നിന്നുള്ള ഒരു സ്പോർട്സ് പ്രേമിയെന്ന നിലയിൽ ആദ്യം പി.ടി. ഉഷയ്ക്ക് വിജയം നേരുന്നു.

വിവിധ കായിക സംഘടനകളുടെ പിന്തുണയോടെയെന്നാണ് ഉഷ പറയുന്നത്. സംഘടനകളുടെ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹവും ഉണ്ടാകുമെന്നാണ് കരുതേണ്ടത്. അടുത്ത നാളിൽ കണ്ടപ്പോൾ പാർലമെൻ്റിൽ സ്പോർട്സു മായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ  അവതരിപ്പിക്കുന്ന കാര്യം ഉഷ സൂചിപ്പിച്ചിരുന്നു. ഉത്തേജക ഉപയോഗത്തിനെതിരെ കർക്കശ നിലപാടാണ് ഉഷയുടേത്.

ഐ.ഒ.എയുടെ അത് ലറ്റ്സ് കമ്മിഷനിൽ ഔട്ട് സ്റ്റാറ്റാൻഡിങ് മെറിറ്റ് ഉള്ള എട്ട് കായിക താരങ്ങളെ വോട്ടവകാശമുള്ള അംഗങ്ങളായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തതിൽ ഒരാൾ ഉഷയായിരുന്നു. എം.സി. മേരി കോമാണ് കമ്മിഷൻ്റെ അധ്യക്ഷ. 50 പേർ അപേക്ഷിച്ചതിൽ നിന്നാണ് ഏട്ടു പേരെ തിരഞ്ഞെടുത്തത്. 33 ദേശീയ കായിക സംഘടനകളുടെ പ്രതിനിധികൾക്കും വോട്ട് ചെയ്യാം. കായിക താരങ്ങളിൽ ഈ എട്ടുപേർക്കു പുറമെ ഗഗൻ നരങ്ങിനും പി.വി. സിന്ധുവിനും വോട്ട് ചെയ്യാം.  ഐ. ഒ.സി അംഗമായ നിത അംബാനിയാണ് വോട്ടവകാശമുള്ള മറ്റൊരാൾ. മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമായി സംസ്ഥാന ഒളിമ്പിക് അസോസിയേഷന്നുകൾക്ക് കാര്യമായ റോൾ ഇല്ല.

ഐ.ഒ.എ.പ്രസിഡൻ്റ്, സീനിയർ വൈസ് പ്രസിഡൻ്റ് ,രണ്ടു വൈസ് പ്രസിഡൻ്റുമാർ, രണ്ട് ജോ. സെക്രട്ടറിമാർ, ആറ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ( ഇതിൽ ഓരോ പുരുഷ, വനിതാ കായിക താരങ്ങൾ അത് ലറ്റ്സ് കമ്മിഷനിലെ സൂപ്പർ താരങ്ങളിൽ നിന്ന്) എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇതുവരെയുണ്ടായിരുന്ന സെക്രട്ടറി ജനറൽ ഇനിയില്ല. പകരം സി.ഇ.ഒ. ആയി പ്രഫഷണൽ വരും.

സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾക്ക് വോട്ടവകാശം നിഷേധിച്ചതിൽ കടുത്ത എതിർപ്പ് ഉണ്ടായെങ്കിലും പുതിയ ഭരണ ഘടന ഐ.ഒ.എ. പൊതുയോഗം അംഗീകരിച്ചിട്ടുണ്ട്. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഒളിമ്പിക് അസോസിയേഷൻ ഭരണം ഭരിക്കുന്ന പാർട്ടിയോട് ആഭിമുഖ്യമുള്ളവരുടെ കൈകളിലാണ്.ഇത് മനസ്സിലാക്കി കൊടുത്ത പണിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ കുറ്റപ്പെടുത്താനാവില്ല .പക്ഷേ ,ഈ സംസ്ഥാന ഭരണ കർത്താക്കൾക്ക് എന്ത് സ്പോപോർട്സ് പശ്ചാത്തലമെന്ന് തിരിച്ചു ചോദിക്കാം .

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 1927ൽ രൂപമെടുക്കുമ്പോൾ  സർ ദൊറാബ്ജി ജെ. ടാറ്റ പ്രസിഡൻ്റും വൈ.എം.സി.എ. ഫിസിക്കൽ ഡയറക്ടർ ഡോ. എ.ജി. നെയ്റോൻ സെക്രട്ടറിയുമായിരുന്നു. പിന്നീട് ഇന്ത്യൻ സ്പോർട്സിൻ്റ വളർച്ചയ്ക്ക് സമഗ്ര സംഭാവന നൽകിയ പട്യാല മഹാരാജാക്കൻമാർ സാരഥിമാരായി.1984 ൽ കോൺഗ്രസ് നേതാവ് വി.സി ശുക്ള സാരഥിയായതോടെയാണു രംഗം മാറിയത്. ഈ സ്ഥിതിക്ക് പി.ടി.ഉഷയിലൂടെ മാറ്റം വന്നാൽ കായിക ലോകം അതിനെ സ്വാഗതം ചെയ്യണം. ഉഷയുടെ എതിരാളിയായി ആരെങ്കിലും വരുമോയെന്ന്  നാളെയേ വ്യക്തമാകൂ. ഉഷ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുകയും വേണം. ഉഷാ സ്പോർട്സ് സ്കുളിൻ്റെ പ്രവർത്തനങ്ങളിൽ നിന്നു മാറി നിൽക്കേണ്ടിയും വരും. ഇന്ത്യയിൽ പുതിയൊരു കായിക സംസ്കാരത്തിന് തുടക്കമാകട്ടെ. 

logo
The Fourth
www.thefourthnews.in