ബൗളിങ്ങില്‍ തൊട്ടതെല്ലാം പിഴച്ചു; ഓവലില്‍ ഇന്ത്യയ്ക്ക് താളം തെറ്റിയത് എങ്ങനെ?

ബൗളിങ്ങില്‍ തൊട്ടതെല്ലാം പിഴച്ചു; ഓവലില്‍ ഇന്ത്യയ്ക്ക് താളം തെറ്റിയത് എങ്ങനെ?

ഒരു മയവുമില്ലാതെ തകര്‍ത്തടിച്ച ഹെഡ് ഷോര്‍ട്ട് ബോളുകളെ നേരിടുന്നതില്‍ വിമുഖത കാണിക്കുന്നത് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രദ്ധിക്കാതെ പോയി

ഓസീസിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വരുത്തിയ വമ്പന്‍ പിഴവുകളാണ് കംഗാരുക്കളെ 400 കടത്തിയത്. ടീം ലൈനപ്പില്‍ അടക്കം പാളിപ്പോയ തീരുമാനങ്ങള്‍ക്ക് ഇന്ത്യ വലിയ വില കൊടുക്കേണ്ടി വന്നു. പേസ് ബൗളിങ്ങിനെ വല്ലാതെ ആശ്രയിച്ച ഇന്ത്യയ്ക്ക് ഒരു ഘട്ടം പിന്നിട്ടപ്പോഴേക്കും കളിയുടെ സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെടുകയായിരുന്നു. ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറില്ലാത്തതിന്‍രെ കുറവ് മൈതാനത്ത് മുഴച്ച് നിന്നു.

ഇന്ത്യയുടെ ബൗളിങ് ദൗര്‍ഭല്യത്തെ കൃത്യമായി വിനിയോഗിച്ച ട്രാവിസ് ഹെഡ് വളരെ വേഗം റണ്ണടിച്ചു കൂട്ടാനുള്ള തിരക്കിലായിരുന്നു. സ്റ്റീവന്‍ സ്മിത്തിനെ കണ്ണ് വയ്ക്കുന്നതിനിടയില്‍ ഇന്ത്യ മറുഭാഗത്ത് നില്‍ക്കുന്ന ഹെഡിനെ ശ്രദ്ധിച്ചില്ലേ എന്ന സംശയം ബാക്കിയാണ്. പല തവണയാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ ഹെഡിനെ പുറത്താക്കാനുള്ള സുവര്‍ണാവസരങ്ങള്‍ നഷ്ടപ്പെടുത്തിയത്.

ഇന്ത്യയുടെ ബൗളിങ് പ്ലാനുകള്‍ മൊത്തത്തില്‍ കടപുഴകി വീഴുന്ന കാഴ്ചയാണ് ആദ്യദിനം ഓവലില്‍ കണ്ടത്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബൗളറെ പുറത്തിരുത്തിയതിന് ഇന്ത്യന്‍ ടീമിന് കുറച്ചൊന്നുമല്ല പഴി കേള്‍ക്കേണ്ടി വന്നത്. ആ അബദ്ധം അന്വര്‍ഥമാക്കും വിധമായിരുന്നു ഇന്ത്യയുടെ ആദ്യ ദിനത്തിലെ പ്രകടനവും.

ഷോര്‍ട്ട് ബോളുകല്‍ നേരിടുന്നതിലെ ഹെഡിന്റെ ദൗര്‍ബല്യം കളിയിലുടനീളം പ്രകടമായിരുന്നു. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു

ഹെഡിന്റെ ദൗര്‍ഭല്യമായിരുന്ന ഷോര്‍ട്ട് ബോള്‍ പ്രയോഗിക്കാന്‍ ഇന്ത്യ വളരെ വൈകിപ്പോയി. ഒരു മയവുമില്ലാതെ തകര്‍ത്തടിച്ച ഹെഡ് ഷോര്‍ട്ട് ബോളുകളെ നേരിടുന്നതില്‍ വിമുഖത കാണിക്കുന്നത് ഇന്ത്യന്‍ ബൗളര്‍മാര്‍ ശ്രദ്ധിക്കാതെ പോയതാണോ? എന്തായാലും അബദ്ധം മനസിലാക്കാന്‍ ഇന്ത്യയ്ക്ക് സമയം ഒരുപാടെടുത്തു, അപ്പോഴേക്ക് ഹെഡ് സ്മിത്തുമായി വലിയ കൂട്ടുകെട്ടുണ്ടാക്കി കഴിഞ്ഞിരുന്നു. ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലെ ഹെഡിന്റെ ദൗര്‍ബല്യം കളിയിലുടനീളം പ്രകടമായിരുന്നു. എന്നാല്‍ അത് കൃത്യമായി ഉപയോഗിക്കുന്നതില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. സിറാജിന്റെയും ഷമിയുടെയും ഷോര്‍ട്ട് ബോള്‍ ഡെലിവറികള്‍ ഹെഡിന് തലവേദന ഉണ്ടാക്കിയെങ്കിലും പുള്‍ ഷോട്ടുകളിലൂടെ താരം അതിനെയും മറികടന്നു.

അഗ്രസീവ് ഫീല്‍ഡ് ഒരുക്കുന്നതിനും, റിവ്യൂ കൃത്യമായി ഉപയോഗിക്കുന്നതിലും രോഹിത് ശര്‍മയും പരാജയപ്പെട്ടു. ന്യൂബോള്‍ നന്നായി ഉപയോഗിക്കാതിരുന്നതും വലിയൊരു തിരിച്ചടിക്ക് കാരണമായി. ഷമി ലബുഷെയ്‌നെ പുറത്താക്കിയ പന്ത് മാത്രമാണ് ന്യൂബോളില്‍ ഇന്ത്യക്ക് നേട്ടമുണ്ടാക്കിയത്.

ഹെഡിനെ ലക്ഷ്യം വയ്ക്കുന്നതില്‍ ടീം പരാജയപ്പെട്ടെന്ന് ഇന്ത്യന്‍ ബൗളിങ് കോച്ച് പരാസ് മാംബ്രെ സമ്മതിച്ചു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കാലാവസ്ഥയെ വിശ്വസിച്ച് ഓസീസിനെ ബാറ്റിങ്ങിന് അയച്ചു. എന്നാല്‍ ഓവലില്‍ പെയ്തത് റണ്‍മഴ ആയിരുന്നു. ആര്‍ അശ്വിനെ രണ്ടാം സ്പിന്നറായി കളിപ്പിക്കുനന്തിന് പകരം ഇന്ത്യ തിരഞ്ഞെടുത്തത് പേസ് ബൗളിങ്ങായിരുന്നു. ആദ്യ ദിവസം 14 ഓവര്‍ മാത്രം എറിഞ്ഞ ഉമേഷ് യാദവിന്റെ പന്തിലാണ് ഡേവിഡ് വാര്‍ണര്‍ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറികള്‍ പായിച്ചത്. 2021 ല്‍ ഇതേ വേദിയില്‍ പേസും സ്വിഗും കൊണ്ട് ഇംഗ്ലണ്ടിനെ ബുദ്ധിമുട്ടിച്ച ഉമേഷ് ആ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറുമായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഡബ്ല്യുടിസി ഫൈനലില്‍ ഉമേഷ് ഒരു കാഴ്ച്ചക്കാരനായി മാറുന്ന കാഴ്ചയാണ് കണ്ടത്.

മികച്ച താളത്തോടെയാണ് ഷാര്‍ദ്ദൂല്‍ ഠാക്കൂര്‍ തുടങ്ങിയത്. വാര്‍ണറിന്റെ വിക്കറ്റ് വീഴ്ത്തിയ ഠാക്കൂര്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ക്രമേണ നിരാശയിലേക്ക് വീഴുകയായിരുന്നു. ഓസീസ് നിരയ്ക്ക് സമ്മര്‍ദം നല്‍കാന്‍ ഠാക്കൂറിനും ആദ്യദിനത്തില്‍ കഴിഞ്ഞില്ല.

ടീം ലൈനപ്പിലെ മറ്റൊരു കൗതുകകരമായ തീരുമാനം ജഡേജയുടെ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ സ്റ്റീവന്‍ സ്മിത്തിന് അനുകൂല സാഹചര്യമുണ്ടാക്കിക്കൊടുത്ത രവീന്ദ്ര ജഡേജയെ തന്റെ ഏക സ്പിന്നറായി തിരഞ്ഞെടുക്കുകയായിരുന്നു രോഹിത് ശര്‍മ. ബാറ്റിങ് കൂടി പരിഗണിച്ചാണ് ഓള്‍ റൗണ്ടറായ ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തിയത്. കാലാവസ്ഥ കൊണ്ടും ഇന്ത്യയുടെ ഭാഗ്യക്കേട് കൊണ്ടും ഓവലില്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായി മാറിയപ്പോള്‍ ഹെഡും സ്മിത്തും ചേർന്ന് അവിടെ ഓസീസിന്റെ പൂരപ്പറമ്പാക്കി.

''ബൗളിങ്ങിന്റെ കാര്യത്തില്‍ കുറച്ചുകൂടി അച്ചടക്കം പാലിക്കാമായിരുന്നു, നല്ല തുടക്കമായിരുന്നു ഇന്ത്യയ്ക്ക്. ആദ്യത്തെ 12-15 ഓവറുകള്‍ കൃത്യമായി എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിന്നീടങ്ങോട്ട് അതേ പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയി''മാംബ്രെ പറഞ്ഞു. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ അഭാവമുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല. വിക്കറ്റുകള്‍ വീഴ്ത്താനുള്ള ബുംറയുടെ മിടുക്ക് അത്രയെളുപ്പം നികത്താനാകുന്നതല്ല.

ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ അഭാവമുണ്ടാക്കിയ പൊല്ലാപ്പ് ചെറുതല്ല

രണ്ടാം ദിനത്തിന്റെ തുടക്കവും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നില്ല. എന്നാല്‍ ആദ്യ ദിനത്തിലെ പിഴവുകള്‍ മറികടക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍. തണുപ്പന്‍ കളിയില്‍ നിന്ന് ഫോമിലേക്കെത്തിയ ബൗളര്‍മാര്‍ ഓസീസിന്റെ വിക്കറ്റുകള്‍ ഓരോന്നായി പിഴുതെടുക്കാന്‍ തുടങ്ങി. തുടരെ ഷോര്‍ട്ട് ബോളുകളെറിഞ്ഞ് ഹെഡിനെ സമ്മര്‍ദ്ധത്തിലാക്കി. ഒടുവില്‍ സിറാജ് എറിഞ്ഞ ഷോര്‍ട്ട് ബോളില്‍ ഹെഡ് വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിന്റെ കൈയില്‍ കുടുങ്ങി. ആദ്യദിനം റണ്‍മഴ പെയ്യിച്ച ഓസീസിന് രണ്ടാം ദിനം അതിന് സാധിച്ചില്ല. രണ്ടാം ദിനം ആദ്യം ഹെഡിനെ മടക്കിയ സിറാജ് തന്നെയാണ് കംഗാരുക്കളുടെ വാല് മുറിച്ച് ഓസീസിനെ 469ല്‍ പുറത്താക്കിയത്.

logo
The Fourth
www.thefourthnews.in