പ്രഗ്നാനന്ദ ചെസ് ലോകകപ്പ്‌ ഫൈനലില്‍; എതിരാളി കാള്‍സണ്‍

പ്രഗ്നാനന്ദ ചെസ് ലോകകപ്പ്‌ ഫൈനലില്‍; എതിരാളി കാള്‍സണ്‍

സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് താരത്തിന്റെ മുന്നേറ്റം.

ചെസ് ലോകകപ്പിന്റെ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍ പ്രഗ്നാനന്ദ. സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനെയെ അട്ടിമറിച്ചാണ് താരത്തിന്റെ മുന്നേറ്റം. ടൈബ്രേക്കറിലാണ് പ്രഗ്നാനന്ദയുടെ ജയം. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെയാണ് പ്രഗ്നാനന്ദ നേരിടേണ്ടത്.

നിലവിലെ മത്സര രീതി അനുസരിച്ച് ചെസ് ലോകകപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഈ പതിനെട്ടുകാരന്‍. നേരത്തെ പഴയ ഫോര്‍മാറ്റില്‍ 2000ലും 2002ലും വിശ്വനാഥന്‍ ആനന്ദ് ലോകകിരീടം നേടിയിരുന്നു.

ഈ ജയത്തോടെ കാന്‍ഡിഡേറ്റ് മത്സരങ്ങള്‍ക്കും പ്രഗ്നാനന്ദ യോഗ്യത നേടി. ലോകകപ്പില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവര്‍ക്കാണ് ഇതിനുള്ള യോഗ്യത ലഭിക്കുക. ക്വാര്‍ട്ടറില്‍ ഇന്ത്യുടെ തന്നെ അര്‍ജുന്‍ എരിഗാസിയെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ സെമിയിലേക്ക് കടന്നത്.

2022 ഫെബ്രുവരിയില്‍ എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്ഗ ലോകശ്രദ്ധ നേടിത്തുടങ്ങിയത്. മയാമിയില്‍ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പ് 2022 അവസാന റൗണ്ടില്‍ കാള്‍സനെതിരെ തുടര്‍ച്ചയായ മൂന്ന് തുടര്‍വിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ലോക ചാമ്പ്യന് നേര്‍ക്കു നേരെയെത്തുന്നത്.

2016 ല്‍ 10 വയസ്സും 10 മാസവും പ്രായമുള്ളപ്പോള്‍ പ്രഗ്നാനന്ദ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായി മാറി. 2013 ല്‍ ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പ് അണ്ടര്‍-8 വിഭാഗത്തില്‍ കിരീടം നേടിയ പ്രഗ്ഗ, ഏഴാമത്തെ വയസ്സില്‍ ഫിഡെ 'മാസ്റ്റര്‍' പദവി നേടി. 2015 ല്‍ അണ്ടര്‍ 10 കിരീടം നേടി. 2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ താരം 'ഗ്രാന്‍ഡ് മാസ്റ്റര്‍' പദവിയും നേടിയെടുത്തു.

logo
The Fourth
www.thefourthnews.in