കോഹ്ലിയുടെ സ്റ്റംപ് പിഴുത് തുടക്കം; ഇന്ന് ആകാശത്തോളം വളര്‍ന്ന് മുംബൈയുടെ വജ്രായുധം
അഞ്ചു വര്‍ഷം മുമ്പ് വരെ ക്രിക്കറ്റ് ഒരു കെട്ടുകഥ മാത്രമായി കരുതിയിരുന്ന എന്‍ജിനീയറിങ് ബിരുദധാരിയാണ് ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. 3.3 ഓവറില്‍ അഞ്ച് റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കടപുഴക്കിയ ആകാശ് മദ്‌വാള്‍ ഇന്ന് മുംബൈ ആരാധകരുടെ മനസില്‍ ആകാശത്തോളം വളര്‍ന്നു കഴിഞ്ഞു.
ജസ്പ്രീത് ബുംറയുടെയും ജോഫ്ര ആര്‍ച്ചറുടെയും അഭാവത്തില്‍ നാഥനില്ലാ കളരിയായി മാറിയ മുംബൈ ബൗളിങ്ങിന്റെ ബൗളിങ് നിരയുടെ പുത്തന്‍ താരോദയമാണ് ആകാശ്. ഇന്നലെ ലഖ്‌നൗ നിരയില്‍ പ്രേരക് മങ്കാദ്, ആയുഷ് ബഡോണി, നിക്കോളാസ് പുരാന്‍, രവി ബിഷ്‌ണോയ്, മുഹ്‌സിന്‍ ഖാന്‍ എന്നീ സുപ്രധാന വിക്കറ്റുകളാണ് ആകാശ് കവര്‍ന്നത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തില്‍ അനില്‍ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബില്‍ അംഗമാകാനും കഴിഞ്ഞു.
ഐപിഎല്ലിലെ റെക്കോഡ് ബൗളിങ് പ്രകടനത്തോടെ അനില്‍ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന എലീറ്റ് ക്ലബില്‍ അംഗമായിരിക്കുകയാണ് താരം
ഉത്തരാഖണ്ഡില്‍ നിന്ന് ടെന്നീസ് ബോള്‍ ക്രിക്കറ്റിലൂടെയാണ് ആകാശ് കരിയറിന് തുടക്കം കുറിക്കുന്നത്. എഞ്ചിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ ആകാശ് അത് ഉപേക്ഷിച്ചാണ് ക്രിക്കറ്റിലേക്ക് ചേക്കേറിയത്. വൈറ്റ് കോളര്‍ ജോലിയെന്ന സ്വപ്‌നം ഉപേക്ഷിച്ചു ക്രിക്കറ്റിലേക്ക് തിരിയാന്‍ കാരണം മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറാണ്. ഉത്തരാഖണ്ഡ് രഞ്ജി ക്രിക്കറ്റ് ടീം കോച്ചായി നിയമിതനായ ജാഫര്‍ യുവതാരങ്ങള്‍ക്കു വേണ്ടി നടത്തിയ സെലക്ഷന്‍ ട്രയല്‍സി വെറുതേ ഭാഗ്യം പരീക്ഷിക്കാനാണ് ആകാശ് എത്തിയത്. എന്നാല്‍ ട്രയല്‍സില്‍ താരത്തിന്റെ പ്രകടനം ശ്രദ്ധയില്‍പ്പെട്ട ജാഫര്‍ ആകാശിനെ ക്രിക്കറ്റിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. ഇന്ന് ഉത്തരാഖണ്ഡ് രഞ്ജി ടീമിന്റെ നായകന്‍ കൂടിയാണ് ആകാശ് മധ്വാള്‍ എന്ന 29-കാരന്‍. ഉത്തരാഖഞ്ഡില്‍ നിന്ന് ആദ്യമായി ഐപിഎല്‍ കളിക്കുന്ന താരവുമാണ് ആകാശ്.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിലൂടെയാണ് താരം ഐപിഎല്ലിന്റെ ഭാഗമാകുന്നത്. എന്നാല്‍ ഒരു മത്സരത്തില്‍പ്പോലും കളിപ്പിക്കാതെ ആര്‍സിബി താരത്തെ വിട്ടുകളഞ്ഞപ്പോള്‍ നേട്ടമായത് മുംബൈയ്ക്കാണ്. 2021 സീസണിലാണ് നെറ്റ് ബൗളറായി ആകാശ് ആര്‍സിബിയില്‍ എത്തുന്നത്. ആ സീസണ്‍ മുഴുവന്‍ ടീമിലുണ്ടായിട്ടും ആകാശിന് ഒരിക്കല്‍പോലും അവസരം കിട്ടിയില്ല.
തൊട്ടടുത്ത സീസണില്‍ താരത്തെ ഒഴിവാക്കുകയും ചെയ്തു. ആര്‍സിബിയില്‍ വച്ച് ഒരിക്കല്‍ വിരാട് കോഹ്ലിയെ നെറ്റ്സില്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തത് ആകാശ് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്നുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ എത്തിയപ്പോഴും തുടക്കത്തില്‍ സൈഡ് ബെഞ്ചില്‍ തന്നെയായിരുന്നു താരത്തിന് സ്ഥാനം.
മുംബൈയ്‌ക്കൊപ്പം നെറ്റ് ബൗളറായി ഐപിഎല്‍ ആരംഭിച്ച ആകാശ്, സൂര്യകുമാര്‍ യാദവിന് പരുക്കേറ്റതിനെ തുടര്‍ന്നാണ് പ്രധാന ടീമിന്റെ ഭാഗമായത്. കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല, ഈ സീസണില്‍ മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ആകാശ് അന്നുമുതല്‍ ടീമിന്റെ സുപ്രധാന ഘടകമാണ്. ആര്‍ച്ചര്‍ക്ക് പകരക്കാരനായി കളത്തിലിറങ്ങിയ ആകാശ് തനിക്ക് കിട്ടിയ അവസരങ്ങളെല്ലാം പരമാവധി മുതലാക്കുകയായിരുന്നു.
ഈ സീസണില്‍ മൊഹാലിയില്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ആകാശ് അന്നുമുതല്‍ ടീമിന്റെ സുപ്രധാന ഘടകമാണ്
''കഴിഞ്ഞ വര്‍ഷവും ആകാശ് ടീമിന്റെ ഭാഗമായിരുന്നു, എന്നാല്‍ കളിക്കാന്‍ അവസരം ലഭിച്ചില്ല. ജോഫ്ര ആര്‍ച്ചര്‍ പരുക്കേറ്റ ടീം വിട്ടതോടെ ആകാശിന് ആ വിടവ് നികത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പായിരുന്നു'' മുംബൈ നായകന്‍ രോഹിത് ശര്‍മ അഭിമാനത്തോടെ പറയുന്നു. അദ്ദേഹം എറിഞ്ഞ 129 പന്തുകളില്‍ 75 ഉം പവര്‍പ്ലേയിലും ഡെത്ത് ഓവറിലുമാണ്. ചുരുങ്ങിയ കാലയളവില്‍ തന്നെ രോഹിത്തിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും വിശ്വസ്തനാവാന്‍ ആകാശിന് കഴിഞ്ഞു.
ടി 20 ക്രിക്കറ്റില്‍ ആകാശിനുള്ള കഴിവ് ചെറുതല്ല. ക്വിക്ക് ആം ആക്ഷനിലൂടെ അദ്ദേഹത്തിന് പന്തിനെ ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ കഴിയും , അതുകൊണ്ട് തന്നെ ബാറ്റര്‍മാര്‍ക്ക് പന്ത് നേരിടാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ടെന്നീസ് ബോളില്‍ കളിച്ച ആകാശിന് യോര്‍ക്കര്‍ എറിയാനും അസാമാന്യ കഴിവുണ്ട്.