ഓരോ ഡോട്ട് ബോളിനും 500 മരം; പ്രകൃതിക്കു വേണ്ടി പന്തെറിഞ്ഞ് ബി.സി.സി.ഐ

ഓരോ ഡോട്ട് ബോളിനും 500 മരം; പ്രകൃതിക്കു വേണ്ടി പന്തെറിഞ്ഞ് ബി.സി.സി.ഐ

എറിയുന്ന ഓരോ ഡോട്ട് ബോളിലും സ്‌കോര്‍ബോര്‍ഡില്‍ തെളിയുന്നത് ഒരു മരമാണ്. സംഭവം എന്താണെന്ന് ആദ്യം ആര്‍ക്കും മനസിലായില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍-16ന്റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ് ആദ്യ ക്വാളിഫയറില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നാലു തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിടുന്നു. ഈ മത്സരം ടിവിയില്‍ തത്സമയം കണ്ട ആരാധകരെല്ലാം ഒട്ടൊന്ന് അമ്പരന്നു കാണുമെന്നു തീര്‍ച്ച.

കാരണം ഗുജറാത്ത് ബൗളര്‍മാര്‍ എറിയുന്ന ഓരോ ഡോട്ട് ബോളിലും സ്‌കോര്‍ബോര്‍ഡില്‍ തെളിയുന്നത് ഒരു മരമാണ്. സംഭവം എന്താണെന്ന് ആര്‍ക്കും മനസിലായില്ല. കളിയില്‍ നിന്നു ശ്രദ്ധ നഷ്ടപ്പെടുന്നുവെന്നു കാട്ടി ബ്രോഡ്കാസ്റ്റര്‍മാര്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ ശകാര വര്‍ഷം വരെ നടന്നു.

ഒടുവില്‍ സംഭവം എന്താണെന്ന് കമന്റേറ്റര്‍മാര്‍ വിവരിച്ചപ്പോള്‍ മാത്രമാണ് കാര്യം മനസിലായതും അതിന്റെ 'വില' മനസിലാക്കി മുഴുവന്‍പേരും കൈയടിച്ചതും. സംഭവം മറ്റൊന്നുമല്ല. പ്രകൃതിയെ വീണ്ടെടുക്കാന്‍ ബി.സി.സി.ഐയുടെ ഒരു ബൃഹദ് പദ്ധതിയുടെ ഭാഗമാണ് ടെലിവിഷനില്‍ തെളിയുന്ന ഓരോ മരവും.

രാജ്യത്തെ വനസമ്പത്ത് സംരക്ഷിക്കപ്പെടേണ്ടതിന്റെയും മലിനീകരണം കുറയ്‌ക്കേണ്ടതിന്റെയും പ്രാധാന്യം മനസിലാക്കാന്‍ ഐ.പി.എല്‍. 2023 പ്ലേ ഓഫ് മത്സരങ്ങളില്‍ എറിയുന്ന ഓരോ ഡോട്ട് ബോളിനും രാജ്യത്താകമാനം 500 മരത്തൈകള്‍ വച്ചുപിടിപ്പിക്കാനാണ് ബി.സി.സി.ഐ. തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരു മത്സരം അവസാനിക്കുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന് മരങ്ങള്‍ നട്ടുപിടിപ്പിക്കപ്പെടും.

കാര്യം മനസിലായതോടെ ബി.സി.സി.ഐയുടെ ഈ തീരുമാനത്തിന് കൈയടി ഉയരുകയാണ്. ചെന്നൈയില്‍ നടക്കുന്ന ഒന്നാം ക്വാളിഫയര്‍ പോരാട്ടം ഒടുവില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്നിങ്‌സ് അവസാനിച്ചിട്ടുണ്ട്.

നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 172 റണ്‍സാണ് അവര്‍ നേടിയത്. ചെന്നൈ ഇന്നിങ്‌സില്‍ ആകെ പിറന്നത് 34 ഡോട്ട് ബോളുകളാണ്. അതായത് ചെന്നൈയ്‌ക്കെതിരേ പന്തെറിഞ്ഞ ഗുജറാത്ത് ബൗളര്‍മാരുടെ വകയായി 17000 മരത്തൈകള്‍ രാജ്യത്താകമാനം നട്ടുപിടിപ്പിക്കപ്പെട്ടു കഴിഞ്ഞുവെന്നര്‍ഥം.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in