മര്‍ക്രം 'സമയത്തെത്തില്ല'; സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ ഭുവി

മര്‍ക്രം 'സമയത്തെത്തില്ല'; സണ്‍റൈസേഴ്‌സിനെ നയിക്കാന്‍ ഭുവി

ഹോളണ്ടിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായതിനാലാണ് മുതിര്‍ന്ന താരങ്ങള്‍ എല്ലാം തന്നെ ദക്ഷിണാഫ്രിക്കയില്‍ തുടരുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16-ാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുക പകരക്കാരന്‍ നായകന്റെ കീഴില്‍. നായകന്‍ എയ്ഡന്‍ മര്‍ക്രമിന്റെ അഭാവത്തില്‍ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് സീസണ്‍ ഓപ്പണറില്‍ സണ്‍റൈസേഴ്‌സിന് നയിക്കുന്നത്.

ഏപ്രില്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെതിരേയാണ് സണ്‍റൈസേഴ്‌സിന്റെ ആദ്യ മത്സരം. ഈ സീസണില്‍ ദക്ഷിണാഫ്രിക്കന്‍ താരം എയ്ഡന്‍ മര്‍ക്രമിനെയാണ് ടീം നായകനായി തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനൊപ്പം നെതര്‍ലന്‍ഡ്‌സിനെതിരായ ഏകദിന പരമ്പര കളിക്കുന്ന മര്‍ക്രം പരമ്പര പൂര്‍ത്തിയാക്കിയ ശേഷം ഏപ്രില്‍ മൂന്നിന് മാത്രമേ ഇന്ത്യയിലെത്തൂ.

ഹോളണ്ടിനെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായതിനാലാണ് മുതിര്‍ന്ന താരങ്ങള്‍ എല്ലാം തന്നെ ദക്ഷിണാഫ്രിക്കയില്‍ തുടരുന്നത്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഹോളണ്ടിനെതിരായ രണ്ടു മത്സര പരമ്പര തൂത്തുവാരിയേ പറ്റൂ.

കൂടാതെ മേയില്‍ നടക്കുന്ന ബംഗ്ലാദേശ്-അയര്‍ലന്‍ഡ് ഏകദിന പരമ്പരയില്‍ ഒരു മത്സരത്തിലെങ്കിലും അയര്‍ലന്‍ഡ് ബംഗ്ലാദേശിനോടു തോല്‍ക്കുക കൂടി ചെയ്താല്‍ മാത്രമേ അവര്‍ക്ക് യോഗ്യത ഉറപ്പാക്കാനാകൂ. ഈ സാഹചര്യത്തിലാണ് മര്‍ക്രം, കാഗിസോ റബാഡ, ക്വിന്റണ്‍ ഡി കോക്ക്, ലുങ്കി എന്‍ഗിഡി, റിലി റൂസോ തുടങ്ങിയ താരങ്ങള്‍ ഐ.പി.എല്ലിന് എത്താന്‍ വൈകുന്നത്.

logo
The Fourth
www.thefourthnews.in